ADVERTISEMENT

ന്യൂഡൽഹി∙ കർഷക മാർച്ച് രാജ്യതലസ്ഥാനത്തു പ്രവേശിക്കാനിരിക്കെ പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി പൊലീസ്. മാർച്ച് 12 വരെയാണു നിരോധനം. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ ഉത്തരവ് പുറത്തിറങ്ങി. ട്രാക്ടറുകളും ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്. തോക്കുകൾ, സ്ഫോടക വസ്‍തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയ്യിൽ കരുതാൻ പാടില്ല. ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും സമ്പൂർണമായി വിലക്കിയിട്ടുണ്ടെന്നു ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവരെ സംഭവസ്ഥലത്തുനിന്നു തന്നെ അറസ്റ്റു ചെയ്യണമെന്നാണ് നിർദ്ദേശം. 

കർഷകര്‍ നാളെ നടത്താനിരിക്കുന്ന ദില്ലി ചലോ മാർച്ച് നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽ ലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. യാത്ര തടയാൻ ഡൽഹി അതിർ‌ത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തുന്നത്. നൂറ്റിയമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം. 

English Summary:

Large gatherings banned in delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com