‘കുടുംബത്തിനു ചീത്തപ്പേരു വരുത്തും’: ‘ഭ്രമയുഗ’ത്തിനെതിരെ കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
Mail This Article
കൊച്ചി ∙ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കെയാണിത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ വാദം.
മാത്രമല്ല, മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും ഹർജിയിലുണ്ട്. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കാൻ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.