ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ക്ഷേത്ര–ഉത്സവ സമിതി ഭാരവാഹികൾ, കരാറുകാർ, സ്ഫോടക വസ്തു എത്തിച്ചവർ എന്നിവരെ പ്രതികളാക്കി കേസെടുത്തു. പിറവം അരീക്കൽ വിനോദ് ഭവനത്തിൽ വിനോദ് (42), വെമ്പായം സ്വദേശി വിനീത് (27), തൃപ്പൂണിത്തുറ സ്വദേശികളായ സതീശൻ, ശശികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.

അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനു പിന്നാലെ, പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരനാണ് (55) മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നിർദേശം നൽകി.

സ്ഫോടനത്തിനു പിന്നാലെ, കരാറുകാരന്റെ തിരുവനന്തപുരം പോത്തൻകോട്ടെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ഇതിന്റെ സമീപപ്രദേശങ്ങളിൽ വലിയ ഗുണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ധാരണയായി.

തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ഇന്നു രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. രണ്ടു പേർ മരിക്കുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നാലു പേർ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഇവിടെ ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് എന്നു വ്യക്തമായത്. സ്ഫോടനം നടന്നതിന്റെ സമീപം പന്ത്രണ്ട് വീടുകളുണ്ട്.

English Summary:

Temple Officials and Contractors Held Accountable for Fatal Incident at Thrippunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com