‘എന്റെ ഡാഡിക്ക് ഓടി എത്താൻ പറ്റാത്തോണ്ടല്ലേ, ഇനിയാർക്കും വയനാട്ടിൽ ഇങ്ങനെ പറ്റരുത്’: കണ്ണീരണിഞ്ഞ് അജീഷിന്റെ മകൾ
Mail This Article
മാനന്തവാടി∙ ‘‘എന്റെ ഡാഡിക്ക് ഓടി എത്താൻ പറ്റാത്തോണ്ടല്ലേ, ഇനി ഒരിക്കലും വയനാട്ടിൽ ആർക്കും ഇങ്ങനെ പറ്റില്ലെന്ന് വാക്കുതരണം’’– കണ്ണീരണിഞ്ഞ് വാക്കുകൾ ഇടറി പയ്യമ്പള്ളി ചാലിഗദ്ദയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ അൽന. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ അജീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് എട്ടാം ക്ലാസുകാരിയായ അൽന വയനാടിന്റെ ദുരിതം വിവരിച്ചത്.
‘‘എന്റെ ഡാഡിക്ക് ഓടി എത്താൻ പറ്റാത്തോണ്ടല്ലേ..., എനിക്ക് വാക്കുതരണം ഡാഡിക്ക് പറ്റിയതുപോലെ വയനാട്ടിൽ ഓരോ പുരുഷനും സ്ത്രീക്കും ഇനി ഒരിക്കലും അങ്ങനൊരു വരരുതെന്ന്. എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനിയൊരു മനുഷ്യർക്കും പറ്റാൻ പാടില്ല. ഞാൻ കരഞ്ഞ അത്രയും ഇനി വേറൊരു കൊച്ചും വയനാട്ടിൽ കരയാൻ പാടില്ല, ഞാൻ ന്യൂസ് കാണുന്നതാ, പത്രം വായിക്കുന്നതാ... വയനാട്ടിലെ മുക്കാലോളം ജനവും കടുവയുടെയും ആനയുടെയും ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ ഇതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. വേറേത് രാജ്യത്തു വന്നിട്ടുണ്ടെങ്കിലും വയനാട് എന്ന ചെറിയ മലയോര പ്രദേശത്ത് വന്നിട്ടില്ല അറിയുമോ?
എന്റെ ഡാഡി, ഇവിടെ മൂന്നുമാസം മുൻപ് ആന ഇറങ്ങിയായിരുന്നു. ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. ഡാഡിയും കുറെ ചേട്ടൻമാരും കൂടെ അതിനെ കരകയറ്റിവിട്ടു. ഈ ആന ഇവിടെ വന്നപ്പോ ഡാഡിയും ആ ചേട്ടൻമാരുമൊക്കെയാ ഇതിന്റെ പുറകെ ഓടിയത്. എനിക്ക് വേറൊരു ചേട്ടനുണ്ട്. എന്റെ ചേട്ടായി ഓടിയതിനു പിന്നാലെയാണ് ഡാഡി ഓടിയത്. ഡാഡി ഓടിയിട്ട് അവിടെ എത്താൻ പറ്റാത്തോണ്ടല്ലേ. കാട്ടില്‍ എത്രയോ ഭക്ഷണം കിടക്കുന്നു. കാട്ടാനയ്‌ക്ക് വെള്ളം ഇല്ലേ? പിന്നെ എന്തുകൊണ്ട് കാട്ടാന ഇവിടെ വരുന്നു? ആനയും കടുവയുമൊക്കെ കാട്ടിൽ മതി. കാടിനെ സംരക്ഷിച്ച് ആനയെയും പുലിയെയും എന്തുവേണേലും വളർത്താം. പക്ഷേ, നാട്ടിലേക്കു വരാനുള്ള രീതി ഉണ്ടാക്കരുത്’’–അൽന പറഞ്ഞു.