ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വികസന പദ്ധതികൾ യുഡിഎഫ് സർക്കാരാണ് ആസൂത്രണം ചെയ്ത നടപ്പാക്കിയതെന്ന് ഓർമിപ്പിച്ച് നിയമസഭയിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ കന്നി പ്രസംഗം. സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ഇടതു സർക്കാരിന് ചൂണ്ടിക്കാണിക്കാനുണ്ടോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് നിരന്തരം പരാതിപ്പെടുന്ന എൽഡിഎഫ് സർക്കാർ, കേരളത്തിലെ പ്രതിപക്ഷ എംഎൽഎമാരോടും അതേ വിവേചനം തന്നെയാണ് കാണിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ വിമർശിച്ചു.

ചാണ്ടി ഉമ്മന്റെ വിമർശനത്തിന്റെ തുടർച്ചയായി ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചെങ്കിലും, അംഗങ്ങളുടെ കന്നി പ്രസംഗം ആരും തടസപ്പെടുത്താറില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടു. നിയമസഭാംഗമാകുവാൻ അവസരം നൽകിയ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് നന്ദിയറിയിച്ചാണ് ചാണ്ടി ഉമ്മൻ പ്രസംഗം ആരംഭിച്ചത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ താൻ എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘‘കേരളത്തിന്റെ ധനസ്ഥിതി മാറ്റുന്നതിനായി യാതൊന്നും ഈ ബജറ്റിൽ ഉള്ളതായി കാണുന്നില്ല. അതുകൊണ്ടാണ് ആദ്യമേ തന്നെ ഈ ബജറ്റിനെ എതിർക്കാനുള്ള കാരണം. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനത്തെക്കുറിച്ചാണ് ഇവിടെ വാചാലരാകുന്നത്. കേന്ദ്രം നിരന്തരമായി വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. പക്ഷേ ഈ പറയുന്ന ഇവർ എന്താണ് കാണിക്കുന്നത്? പ്രതിപക്ഷ എംഎൽഎമാരോടുള്ള ഈ സർക്കാരിന്റെ നയം എന്താണ്? ഭരണപക്ഷ എംഎൽഎമാർക്ക് അനുവദിക്കുന്നതിന്റെ പകുതി ഫണ്ട് പോലും പ്രതിപക്ഷ എംഎൽഎമാർക്കു നൽകുന്നില്ല. ഇത് ശരിയായിട്ടുള്ള സമീപനമല്ല.

‘‘കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയല്ലാതെ ഈ സർക്കാരിന് എടുത്തു പറയാനായി എന്തു നേട്ടമുണ്ട്? ഇതെല്ലാം യുഡിഎഫ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതികളാണ്. സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏതെങ്കിലും പദ്ധതി ഇപ്പോഴത്തെ സർക്കാരിന് പറയാനുണ്ടോ? കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോയും ഈ സർക്കാരിനു നടപ്പാക്കാമായിരുന്നു. എന്തുകൊണ്ട് നടപ്പാക്കിയില്ല? എന്നിട്ട് ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ഇതെല്ലാം നടപ്പാക്കുമെന്ന വാഗ്ദാനവുമായി വരും. പക്ഷേ ഒന്നും യാഥാർഥ്യമാക്കില്ല.

‘‘വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ നയംമാറ്റം ശരിക്കും പറഞ്ഞാൽ ഓന്തിനേപ്പോലും ലജ്ജിപ്പിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപത്തിനും വിദേശ സർവകലാശാലകൾക്കുമായി വാദിച്ചതിന് ടി.പി. ശ്രീനിവാസനെ ആക്രമിച്ചത് കേരള സമൂഹം കണ്ടതാണ്. അദ്ദേഹത്തെ ആക്രമിക്കുന്ന രംഗങ്ങൾ ഇന്നും സമൂഹമാധ്യമങ്ങളിൽ കാണാം. ഇതെല്ലാം കേരള സമൂഹത്തിനു നാണക്കേടാണ്. 

‘‘ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചവരാണ് ഇന്നു പറയുന്നത്, കേരളത്തിൽ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ പോവുകയാണെന്ന്. ഇതെല്ലാം നല്ലതാണ്. പക്ഷേ എത്രയോ വൈകിപ്പോയി. വികസനപരമായ കാര്യങ്ങളിൽ നിങ്ങൾ ഇപ്പോഴും എത്രമാത്രം പിന്നിലാണെന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ്.’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.

English Summary:

Chandy Oommen Criticizes LDF's Lack of Vision in Kerala Assembly; Lauds UDF Projects like Vizhinjam Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com