ബൈക്ക് തള്ളിയിട്ടതിൽ തർക്കം; ഡൽഹിയിൽ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു

Mail This Article
ന്യൂഡൽഹി∙ ബൈക്ക് തള്ളിയിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ അഞ്ചംഗ മദ്യപസംഘം യുവാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. ആസാദ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുൽത്താൻപുരിയിൽ ചൊവ്വാഴ്ച പകലായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ഡൽഹി പൊലീസിന്റെ പിടിയിലായി. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു.
വഴിയിൽ പാർക്ക് ചെയ്തിരുന്ന ആസാദിന്റെ ബൈക്ക് സംഘം തള്ളിയിട്ടത് ആസാദ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് വാക്കുതർക്കം നടക്കുന്നതിനിടെ പ്രതികൾ കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ആസാദ്, സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആസാദിനെ ആക്രമിക്കുന്നതും അതുകണ്ട് ഭയന്ന്, സമീപത്തുണ്ടായിരുന്നവർ ഓടുന്നതുമാണു ദൃശ്യത്തിലുള്ളത്. കൊലപാതകത്തിനു കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.