ADVERTISEMENT

മുംബൈ∙ കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നു. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, കേന്ദ്രമന്ത്രി ഗിരീഷ് മഹാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. തന്റെ പുതിയ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കമാണ് ഇതെന്ന് അശോക് ചവാൻ പ്രതികരിച്ചു.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ എസ്.ബി. ചവാന്റെ മകനും പിസിസി മുൻ അധ്യക്ഷനുമാണ്. എംഎൽഎയായ അദ്ദേഹം പിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറിയ ശേഷമാണ് സ്പീക്കർക്ക് രാജി നൽകിയത്. ആദർശ് കുംഭകോണക്കേസിൽ നിന്ന് കുറ്റവിമുക്തനായിട്ടില്ലാത്തെ ചവാൻ കേന്ദ്ര ഏജൻസികളെ ഭയന്നാണ് പാർട്ടി വിടുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സംസ്ഥാനത്തെ ജനകീയനായ നേതാവ് പടിയിറങ്ങുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്.

അശോക് ചവാന് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഭരണമുന്നണിയിലെ ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്) പാർട്ടികളിലേക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. 15 കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടിയേക്കുമെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാർട്ടി വിട്ട ബാബാ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖി, പുണെയിൽ നിന്നുള്ള യുവനേതാവ് വിശ്വജിത് കദം, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുംബൈയിൽ നിന്നുള്ള നേതാക്കളായ അസ്‌ലം ഷെയ്ഖ്, അമീൻ പട്ടേൽ, സഞ്ജയ് നിരുപം, മുൻ മന്ത്രി യശോമതി ഠാക്കൂർ എന്നിവർ കോൺഗ്രസ് വിട്ട് ഭരണപക്ഷത്തെ പാർട്ടികളിലേക്ക് നീങ്ങുമെന്ന് അഭ്യൂഹമുണ്ട്.

English Summary:

Maharashtra Former CM Ashok Chavan joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com