ADVERTISEMENT

മാനന്തവാടി∙ വനംവകുപ്പിനെ വട്ടംചുറ്റിച്ച് കൊലയാളി കാട്ടാന. പടമലയിൽ കർഷകനെ കൊന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ പിടിക്കാൻ ചൊവ്വാഴ്ച രാവിലെ തന്നെ നീക്കം തുടങ്ങിയെങ്കിലും ഉച്ചവരെ മയക്കുവെടി വയ്ക്കാനായില്ല. അടിക്കാടിനുള്ളിൽ തന്നെ ആന നിലയുറപ്പിച്ചിരിക്കുകയാണ്. ബാവലിക്ക് സമീപമായിരുന്നു ഇന്നലെയങ്കിൽ ഇന്ന് കാട്ടിക്കുളം ഇരുമ്പു പാലത്തിന് സമീപത്തെത്തി.

ഇവിടെയും ഭൂപ്രകൃതി മയക്കുവെടിവയ്ക്കാൻ വെല്ലുവിളിയാകുകയാണ്. ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്താണ് ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന  അടിക്കാടിനുള്ളിലേക്ക് മറയുകയാണ്. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 200 പേരടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടികൂടാൻ ശ്രമിക്കുന്നത്. നാല് കുങ്കിയാനകളും ഉണ്ട്. ദൗത്യം നീണ്ടുപോകുന്നതോടെ നാട്ടുകാരും ആശങ്കയിലാണ്. രാവിലെ തന്നെ നാട്ടുകാർ ഇരുമ്പുപാലത്തിന് സമീപം എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാരും കാട്ടിക്കുളത്ത് എത്തിയിരുന്നു

അതിനിടെ എഫ്ആർഎഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ സ്വകാര്യ ബസുൾപ്പെടെ സർവീസ് നടത്തുന്നില്ല. ഏതാനും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്. വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികൾ കടയപ്പും പ്രഖ്യാപിച്ചതോടെ മാനന്തവാടി ഉൾപ്പെടെയുള്ള ടൗണുകൾ വിജനമായി. സ്കൂളുകളും തുറന്നില്ല.

ശനിയാഴ്ച പനച്ചിയിൽ അജിയെ ആന ചവിട്ടിക്കൊന്ന പടമലയിൽ ഇന്ന് പുലർച്ചെയും ആനയെത്തി. അഞ്ചരയോടെ എത്തിയ ആന കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ബേലൂർ മഖ്ന എന്ന കാട്ടാന കർഷകനായ അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്നത് ശനിയാഴ്ചയാണ്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചു. ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായില്ല. മറ്റ് ആനകളിൽ നിന്ന് വ്യത്യസ്തനായ മോഴയാനയായതാണ് ദൗത്യം സങ്കീർണമാക്കുന്നത്.

മയക്കുവെടി വച്ചാൽ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മയങ്ങാനെടുക്കുന്ന അര മണിക്കൂറോളം സമയം ആന ഓടാനും സാധ്യതയുണ്ട്. ഇങ്ങനെ ഓടിയാൽ ആന ആക്രമിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ആന നിൽക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു.

English Summary:

Operation Belur Makhna updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com