ADVERTISEMENT

തിരുവനന്തപുരം∙ സപ്ലൈക്കോയെ തകർക്കാൻ ശ്രമം നടക്കുന്നതായും കുത്തക കമ്പനികളാണ് അതിനു പിന്നിലെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. സപ്ലൈക്കോയെ തകർക്കുന്നത് കുത്തകകളോ പ്രതിപക്ഷമോ അല്ല സർക്കാരാണെന്നും, സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ മന്ത്രിയുടെ ഭാര്യ ആർ.ലതാദേവിക്കുപോലും അക്കാര്യം വ്യക്തമായിട്ടുണ്ടെന്നും ഷാഫി പറമ്പിലിന്റെ പരിഹാസം. സപ്ലൈക്കോയിലെ പ്രതിസന്ധി സംബന്ധിച്ചാണ് നിയമസഭയിൽ വാദപ്രതിവാദങ്ങളുണ്ടായത്. പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

Read also: സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതി

സപ്ലൈയ്ക്കോയ്ക്ക് നിലവിൽ പ്രയാസമുണ്ടെന്നു മന്ത്രി ജി.ആർ.അനിൽ സഭയെ അറിയിച്ചു. സപ്ലൈക്കോയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സപ്ലൈക്കോ തകർന്നെന്നു വരുത്തിതീർത്ത് ചില്ലറ വിൽപ്പന മേഖലയിലേക്ക് കുത്തക കമ്പനികൾ കടന്നു കയറാൻ ശ്രമം നടത്തുന്നു. നിലവിലെ പ്രയാസങ്ങൾ താൽക്കാലികം മാത്രമാണ്. സിപിഐ സംസ്ഥാന കൗൺസിലിൽ നടന്നതെന്നു മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നു മന്ത്രി പറഞ്ഞു. വസ്തുതയാകില്ല മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. പാർട്ടി തീരുമാനം സെക്രട്ടറി പറയുന്നതാണ് വസ്തുത. ചർച്ച ചെയ്യേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങൾ ചർച്ച ചെയ്യാൻ അറിയാവുന്ന പാർട്ടിയാണ് സിപിഐയെന്നും ജി.ആർ.അനിൽ പറഞ്ഞു.

സപ്ലൈക്കോ ഔട്ട്ലറ്റിൽ സാധനങ്ങളില്ലെന്ന് മന്ത്രിക്കു തന്നെ സമ്മതിക്കേണ്ടിവന്നതായി ഷാഫി പറമ്പിൽ പറഞ്ഞു. സപ്ലൈക്കോ ഔട്ട്ലറ്റിൽ സധാനങ്ങളിലെന്ന് മുൻപ് പ്രതിപക്ഷം സഭയിൽ പറഞ്ഞപ്പോൾ മന്ത്രി അത് സമ്മതിച്ചിരുന്നില്ല. പ്രതിപക്ഷം നിയമസഭയിൽ കാര്യങ്ങൾ എഴുതി തരുന്നത് കയ്യക്ഷരം നന്നാക്കാനല്ല, നാട്ടിലെ ജനങ്ങൾക്കുവേണ്ടിയാണ്. സപ്ലൈക്കോയെ തകർക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന് മന്ത്രി പറഞ്ഞത് ഭരണപക്ഷത്തെ ഉദ്ദേശിച്ചാണെന്ന് ഷാഫി പറഞ്ഞു. സപ്ലൈക്കോയ്ക്ക് പണം കൊടുക്കാതിരിക്കുന്നത് പ്രതിപക്ഷമല്ല. സപ്ലൈക്കോ വിഷയത്തിന്റെ ഗൗരവം സിപിഐ സംസ്ഥാന കൗൺസിലുള്ള മന്ത്രിയുടെ ഭാര്യ ലതാദേവിക്ക് പോലും മനസ്സിലായിട്ടുണ്ട്.

പണം നൽകാത്ത ധനവകുപ്പിന്റെ നടപടിയെ ലതാദേവി കൗൺസിലിൽ രൂക്ഷമായി വിമർശിച്ചെന്നാണ് മാധ്യമ വാർത്ത. 1507 കോടിരൂപ സപ്ലൈക്കോയ്ക്ക് സർക്കാർ നൽകാനുണ്ട്. സപ്ലൈക്കോ വിഷയത്തില്‍ മന്ത്രി പ്രതിപക്ഷത്തോടൊപ്പം നിൽക്കണം. മാവേലി സ്റ്റോറിന്റെ പേരിൽ ജനങ്ങൾ മാവേലിയെ മോശമായി പറയിപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. ‘കെ’ ഉപയോഗിച്ച് ഏതെങ്കിലും പേരിട്ടാൽ ആളുകൾക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ വഴിയേ സപ്ലൈക്കോയെ നയിക്കാനാണ് ശ്രമം. ഭക്ഷ്യവകുപ്പിനോട് സർക്കാർ അവഗണന കാണിക്കുമ്പോൾ മന്ത്രിക്ക് സിപിഐ അംഗങ്ങൾ പിന്തുണ കൊടുക്കാൻ തയാറാകണം. കേരളത്തില്‍ വിലക്കുറവുണ്ടാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും മറ്റെല്ലാ കാര്യങ്ങൾക്കും വിലക്കയറ്റമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സപ്ലൈക്കോ പൂട്ടിയാൽ കുത്തക കമ്പനികൾ വരുമെന്നും, കുത്തക കമ്പനികൾക്ക് കടന്നുവരാനായി സപ്ലൈക്കോയ്ക്ക് ദയാവധം ഒരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സപ്ലൈക്കോയുടെ പ്രാഥമിക ഉത്തരവാദിത്തം വിപണി ഇടപെടലാണ്. 13 നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാൻ സപ്ലൈക്കോയ്ക്ക് കഴിയുന്നില്ല. ക്രിസ്മസ് കാലത്ത് അവശ്യ സാധനങ്ങൾ ഇല്ലായിരുന്നു. ഏഴര കൊല്ലമായി പ്രവർത്തിക്കുന്ന സ്ഥാപനമല്ല സപ്ലൈക്കോ. മുൻ സർക്കാരുകളുടെ കാലത്തും സപ്ലൈക്കോ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് ഒരു സപ്ലൈക്കോ ഷോപ്പും പൂട്ടിയിട്ടില്ല. 350 കോടിരൂപ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുടിശിക ഉണ്ടായിരുന്നു എന്നാണ് മന്ത്രി പറയുന്നത്. ഏത് സർക്കാർ മാറുമ്പോഴും കുടിശികയുണ്ടാകും. വിഎസ് സർക്കാർ മാറി യുഡിഎഫ് സർക്കാർ വരുമ്പോഴും കുടിശികയുണ്ടായിരുന്നെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary:

Shafi Parambil's Adjournment Motion About Supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com