ഫെയ്സ്ബുക്ക് വഴി തോക്കുകൾ വിൽക്കാൻ സംഘം; ഹോം ഡെലിവറിയും നടത്തും, അന്വേഷണം വ്യാപകം
Mail This Article
ഭോപാൽ∙ ഇന്ത്യൻ നിർമിത തോക്കുകളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തു വിൽപന നടത്തുന്ന സംഘത്തെ കണ്ടെത്താനുളള നടപടികൾ ഊർജിതമാക്കി മധ്യപ്രദേശിലെ ഉജ്ജയിന്‍ പൊലീസ്. വിൽപന നടത്തുമെന്നു മാത്രമല്ല തോക്കുകൾ ഹോം ഡെലിവറി നടത്തുമെന്നു കൂടിയാണു ഫെയ്സ്ബുക്കിലെ പരസ്യം. കോഹിനൂർ ഗ്രൂപ്പ് ഉജ്ജയിൻ എന്ന ഫെയ്സ്ബുക്ക് പേജിലാണു തോക്കുകളുടെ ചിത്രങ്ങൾ പോസ്റ്റു ചെയ്തതെന്നു പൊലീസ് പറയുന്നു. ബെൽറ്റിൽ തോക്കുകൾ കെട്ടിവച്ച ഒരാളുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഡസൻ കണക്കിനു ബുള്ളറ്റുകളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഉജ്ജയിനു പുറത്തുനിന്നാണ് അപ്‍ലോഡ് ചെയ്തിരിക്കുന്നതെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് സൂപ്രണ്ട് ജയന്ത് അറോറ പറഞ്ഞു. തോക്കുകൾ ബുക്ക് ചെയ്യുന്നതിനു ഒരു ഫോൺനമ്പർ നൽകിയിരുന്നു. ഈ നമ്പർ സൈബർസെൽ ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണ്ടാ സംഘങ്ങളിലേക്കു ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും തോക്കുകളുടെയും മറ്റു ആയുധങ്ങളുടെയും ചിത്രങ്ങൾ പങ്കുവച്ചു പൊതുജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചതിനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചതിനു ദുർലഭ് കശ്യപ് എന്നൊരാളെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2020 സെപ്തംബറിൽ ഇയാൾ കൊല്ലപ്പെട്ടു. ദുർലഭ് കശ്യപ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്നു എന്ന ചോദ്യം ഉന്നയിച്ച ഫേസ്ബുക്ക് പേജിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പേജിലും തോക്കുകളുമായി നിൽക്കുന്ന മനുഷ്യന്റെ ചിത്രമുള്ളതാണു പൊലീസിന്റെ സംശയത്തിനു കാരണം.