ADVERTISEMENT

തെക്കും വടക്കും കിടക്കുന്ന പത്തനംതിട്ടയും തൃശൂരുമൊക്കെ ചർച്ചകളിൽ നിറയുമ്പോൾ ആലസ്യം വിടാതെ എറണാകുളം മണ്ഡലം. സ്ഥാനാർഥിയെ ഉറപ്പിച്ച യുഡിഎഫും അപ്രതീക്ഷിത പ്രഖ്യാപനത്തിനായി കളമൊരുക്കുന്ന എൽഡിഎഫും ഏറെക്കുറെ പ്രവചനീയമായ ബിജെപി ആലോചനയുമാണ് മണ്ഡലത്തിൽ ഇപ്പോൾ. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പുകളില്‍ എൽഡിഎഫിന് മണ്ഡലം പിടിക്കാനായത് 2 തവണ മാത്രം എന്നത് കണക്കാക്കിയാൽ യുഡിഎഫിനുള്ള മേൽക്കൈ വ്യക്തം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ 4 എണ്ണം യുഡിഎഫും 3 എണ്ണം എൽഡിഎഫും ഭരിക്കുന്നു. വികസന പ്രശ്നങ്ങൾ തന്നെയാണ് എല്ലാ മുന്നണികളുടെയും പ്രധാന പ്രചരണ വിഷയങ്ങള്‍. 

∙ ആശങ്കകളില്ലാതെ യുഡിഎഫ് 

എറണാകുളം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം കോൺഗ്രസിനും യുഡിഎഫിനും കാര്യമായ ആശങ്കകളില്ല. മണ്ഡലത്തിൽ ഇതുവരെ നടന്നിട്ടുള്ള 16 തിരഞ്ഞെടുപ്പുകളിൽ 13 തവണയും വിജയിച്ചതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. നിലവിലെ എംപി ഹൈബി ഈഡൻ തന്നെയായിരിക്കും ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി എന്നത് ഏറെക്കുറെ ഉറപ്പാണ്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നതും യുവാക്കളെ അടക്കം ആകർഷിക്കാനുള്ള കഴിവും ഹൈബിയെ ഒരുമുഴം മുന്നിലെത്തിക്കുന്നു. 

Read also: ‘എറണാകുളം ഞാന്‍ വളര്‍ത്തിയെടുത്ത മണ്ഡലം, ഇനി തിരഞ്ഞെടുപ്പിനില്ല; പിണറായിയോട് ലീഡറോടുള്ള അടുപ്പം’

മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഹൈബി 2019ൽ ഇവിടെ വിജയം കണ്ടത്. അതും അട്ടിമറി പ്രതീക്ഷയിൽ സിപിഎം മത്സരിപ്പിച്ച ഇപ്പോഴത്തെ മന്ത്രി പി.രാജീവിനെതിരെ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. ഹൈബി ഈഡൻ 4.9 ലക്ഷം വോട്ടുകളും പി.രാജീവ് 3.2 ലക്ഷം വോട്ടുകളും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ചത് 1.38 ലക്ഷം വോട്ടുകൾ. ഓരോ തവണയും യുഡിഎഫ് സ്ഥാനാർഥികൾ ഭൂരിപക്ഷം വർധിപ്പിക്കുന്ന മണ്ഡലം എന്നും എറണാകുളത്തെക്കുറിച്ച് പറയാം. ഹൈബിക്കെതിരെ രാജീവ് രംഗത്ത് വന്നപ്പോൾ തന്നെ താരപരിവേഷം ലഭിച്ച മണ്ഡലത്തിൽ കണ്ണന്താനത്തിന്റെ കൂടി വരവോടെ ഏവരും ശ്രദ്ധിക്കുന്ന മത്സരമായി മാറുകയായിരുന്നു. ത്രികോണ മത്സരത്തിൽ പക്ഷേ കോൺഗ്രസ് തൂത്തുവാരി. 

ഹൈബി ഈഡൻ. ചിത്രം: മനോരമ
ഹൈബി ഈഡൻ. ചിത്രം: മനോരമ

∙ കണക്കിൽ യുഡിഎഫ്, അട്ടിമറി കാത്ത് എൽഡിഎഫും 

ഏഴു നിയോജക മണ്ഡലങ്ങൾ‍ ചേർന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. ഇതിൽ 2021ലെ തിരഞ്ഞെടുപ്പിൽ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, പറവൂർ മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫ് പിടിച്ചു. നിയമസഭയിൽ ഇരുകൂട്ടരും ഏകദേശം തുല്യരാണെങ്കിലും ലോക്സഭയിലെത്തിയാൽ കളിമാറും. യുഡിഎഫ് വലിയ മേൽക്കൈ ഉള്ള മണ്ഡലമാണിത്. 

പി.രാജീവ് (File Photo: JOSEKUTTY PANACKAL / MANORAMA)
പി.രാജീവ് (File Photo: JOSEKUTTY PANACKAL / MANORAMA)

2019ലേതിനു സമാനമായ തിരഞ്ഞെടുപ്പു ഫലം തന്നെയാണ് 2014ലും ഉണ്ടായത്. യുഡിഎഫ് സ്ഥാനാർഥി പ്രഫ. കെ.വി.തോമസിന് അപ്രതീക്ഷിത എതിരാളിയായി എത്തിയത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ്. കെ.വി.തോമസ് 3.54 ലക്ഷം വോട്ടും ക്രിസ്റ്റി ഫെർണാണ്ടസ് 2.67 ലക്ഷം വോട്ടുകളും നേടിയപ്പോൾ ബിജെപിയുടെ എ.എൻ.രാധാകൃഷ്ണന് കിട്ടിയത് 99,003 വോട്ടുകള്‍. 87,047 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.വി.തോമസ് അഞ്ചാം തവണയും ലോക്സഭയിലേക്ക്. 

കെ.വി. തോമസ് (ഫയൽ ചിത്രം)
കെ.വി. തോമസ് (ഫയൽ ചിത്രം)

2009ലാണ് യുഡിഎഫിനെ വിറപ്പിച്ച മത്സരം ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എസ്എഫ്ഐയുടെ നേതൃനിരയിലുണ്ടായിരുന്ന സിന്ധു ജോയിക്കു മുന്നിൽ കെ.വി.തോമസ് അത്തവണ വിയർത്തു. കെ.വി.തോമസ്  3.42 ലക്ഷം വോട്ടുകള്‍ നേടിയപ്പോൾ സിന്ധു ജോയിക്ക് കിട്ടിയത് 3.31 ലക്ഷം വോട്ടുകൾ. ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ തന്നെയായിരുന്നു. കിട്ടിയത് 52,968 വോട്ടുകൾ. കെ.വി.തോമസിന് സിന്ധു ജോയിയേക്കാൾ കൂടുതൽ കിട്ടിയത് 11,790 വോട്ടുകൾ മാത്രം. ആ തിര‍ഞ്ഞെടുപ്പിലാണ് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും കുറച്ചു ഭൂരിപക്ഷത്തോടെ വിജയിച്ചത്. 2004ൽ ഇടതുപക്ഷത്തിന്റെ ‘സ്വതന്ത്ര’ സ്ഥാനാർഥിയായി വന്നപ്പോൾ തന്നെ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 

സെബാസ്റ്റ്യൻ പോൾ 3.23 ലക്ഷം വോട്ടുകളും യുഡിഎഫിന്റെ ‘അപ്രതീക്ഷിത’ സ്ഥാനാർഥി ഡോ. എഡ്വേർഡ് എടേഴത്ത് 2.52 ലക്ഷം വോട്ടുകളും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി ഒ.ജി.തങ്കപ്പൻ നേടിയത് 60,697 വോട്ടുകള്‍. 71,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സെബാസ്റ്റ്യൻ പോളിന് വിജയം. 1999ൽ യുഡിഎഫ് സ്ഥാനാർഥി ജോർജ് ഈഡനും എൽഡിഎഫിന്റെ മാണി വിതയത്തിലും ഏറ്റുമുട്ടിയപ്പോൾ ഈഡന്റെ ഭൂരിപക്ഷം 1.12 ലക്ഷം. 1998ലും ഈഡനു തന്നെയായിരുന്നു വിജയം. എതിരാളി സെബ്സ്റ്റ്യൻ പോൾ. ഭൂരിപക്ഷം 76,000 വോട്ടുകള്‍. 1996ൽ ഇടതു സ്വതന്ത്രൻ സേവ്യർ അറയ്ക്കൽ യുഡിഎഫ് സ്ഥാനാർഥി കെ.വി.തോമസിനെ പരാജയപ്പെടുത്തിയത് 31,000 വോട്ടുകൾക്ക്. 

മണ്ഡലത്തിലെ 55 ശതമാനത്തോളം ക്രൈസ്തവ വോട്ടർമാരിൽ 45% ലാറ്റിൻ സമുദായ വോട്ടുകളാണ്. അതുകൊണ്ടു തന്നെ ഇരു മുന്നണികളും കഴിയുന്നതും ലാറ്റിൻ സമുദായത്തിൽ നിന്നു തന്നെ സ്ഥാനാർഥിയെ കണ്ടെത്താൻ ശ്രമിക്കുന്നു. സാധാരണ 5–8% വോട്ടുവിഹിതമുള്ള ബിജെപി കഴിഞ്ഞ തവണ കണ്ണന്താനത്തിലൂടെ ഈ വോട്ടുവിഹിതം 14.5% വർധിപ്പിച്ചിരുന്നു. 

∙ ആർക്കായിരിക്കും ഇടതു നറുക്ക്?

ഹൈബി ഈഡന് വലിയ സാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സിപിഎം ഇത്തവണ ആരെ മത്സരിപ്പിക്കും? ഏവരും ഉറ്റുനോക്കുന്നത് ഒരു അപ്രതീക്ഷിത ‘സ്വതന്ത്ര’ സ്ഥാനാർഥിക്കായാണ്. ലാറ്റിൻ സമുദായ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ കഴിഞ്ഞ തവണ പി.രാജീവിനെ മത്സരിപ്പിച്ചത് തിരിച്ചടിച്ചു എന്ന് വിലയിരുത്തലുണ്ടായിരുന്നു. സ്ഥാനാർഥി സാധ്യതയിൽ മേയർ എം.അനിൽകുമാറിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും സമുദായ കണക്കിൽ തട്ടി അത് തിരിച്ചുപോകാം. കൊച്ചി എംഎൽഎ കെ.ജെ.മാക്സിയാണ് സ്ഥാനാർഥി പട്ടികയിൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകളിലൊന്ന്. സമുദായത്തിന്റെ പിന്തുണയുള്ളതും എംഎൽഎ എന്ന നിലയിലുള്ള ജനപിന്തുണയുമാണ് മാക്സിക്ക് സാധ്യതകൾ കൽപ്പിക്കുന്നത്. 

മറ്റൊരു പേര് കെ.വി.തോമസ് തന്നെയാണ്. ഇപ്പോൾ ഇടതുകൂടാരത്തിലുള്ള അദ്ദേഹം സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെങ്കിൽ പോലും സ്ഥാനാർഥിയായി വരുന്നത് പൂർണായി തള്ളിക്കളയാൻ സാധിക്കില്ല. ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനവും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ ഇവരാരും അല്ലാതെ അപ്രതീക്ഷിത സ്ഥാനാർഥിയെ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല എന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. അതിെലാരു പേരുകാരൻ മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. പക്ഷേ, ഐസക്ക് പത്തനംതിട്ട ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് കുറച്ചുനാളായുള്ള പ്രവർത്തനങ്ങൾ. അതേസമയം, മുന്‍ മഹാരാജാസുകാരൻ, ലാറ്റിൻ സമുദായം, പറവൂർ അടക്കമുള്ള മേഖലകളിലെ ബന്ധങ്ങൾ ഇവയൊക്കെ ഐസക്കിന് അനുകൂലമായ ഘടകങ്ങളാണ്. എന്നാൽ പാർട്ടിക്കു പുറത്തു നിന്ന് ഒരാൾ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല.

∙ തലവര മാറ്റുമോ ബിജെപിയുടെ?

ഇത്തവണ കേരളത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താൻ തിരഞ്ഞെടുത്ത സ്ഥലം എറണാകുളമായിരുന്നു. നഗരമേഖലകളിലെ വോട്ടുകൾ ബിജെപിക്ക് എളുപ്പത്തിൽ ലഭിക്കാറുമുണ്ട് എന്നതു കൂടി ചേർത്തു വായിക്കുമ്പോൾ വോട്ടുവിഹിതം വർധിപ്പിക്കുക എന്നത് പാർട്ടി ലക്ഷ്യമിടുന്ന കാര്യമാണ്. എറണാകുളത്ത് എ.എൻ.രാധാകൃഷ്ണൻ തന്നെയായിരിക്കുമോ സ്ഥാനാർ‍ഥി എന്ന ചോദ്യത്തിന് പാർട്ടി നേതാക്കൾ മറ്റു ചില സാധ്യതകൾ കൂടി  പങ്കുവച്ചു. ഇതിൽ പ്രധാനം അടുത്ത കാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണിയാണ്. ഇത്തവണ അനിൽ ആന്റണിയാണ് എറണാകുളത്ത് മത്സരിക്കുന്നതെങ്കിൽ, ശക്തനായ ഇടതു സ്ഥാനാർഥി കൂടി വന്നാല്‍ പോരാട്ടം പൊടിപാറും എന്നതുറപ്പ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന്. (ഫയൽ ചിത്രം). ടോണി ഡൊമിനിക്. മനോരമ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന്. (ഫയൽ ചിത്രം). ടോണി ഡൊമിനിക്. മനോരമ
English Summary:

General Elections 2024: Ernakulam Lok Sabha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com