ADVERTISEMENT

തിരുവനന്തപുരം ∙ വിദേശ സർവകലാശാല വിഷയത്തിൽ ന്യായീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും അതിനായി ചർച്ചകളും വേണം. വിദേശ സർവകലാശാലയെക്കുറിച്ച് ചർച്ച വേണമെന്നാണ് ബജറ്റിൽ പറ‍ഞ്ഞത്. സിപിഎമ്മിന്റെ എല്ലാ നയവും സർക്കാരിന് നടപ്പിലാക്കാനാകില്ല. വിദേശ സർവകലാശാലയെക്കുറിച്ച് ചർച്ച പോലും പാടില്ല എന്നു പറയുന്നത് ശരിയല്ലെന്നും ബജറ്റ് ചർച്ചകൾക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു.

‘‘പുഷ്പനെ മറന്നോ എന്നാണ് ചോദിക്കുന്നത്. പുഷ്പനെ ഓർമയുണ്ടെന്ന് മാത്രമല്ല, ആ സമരത്തിനകത്തു സജീവമായി പങ്കെടുത്ത ആളുകളാണ് ഞങ്ങളെല്ലാവരും. രാജ്യത്തുനിന്ന് 13 ലക്ഷത്തോളം പേർ വിദേശത്തേക്കു പോകാൻ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അതിൽ ആറുലക്ഷത്തോളം പേർ വിദേശത്തേക്ക് പോയി. 30,000 പേർ കേരളത്തിൽനിന്ന് ഒരു വർഷം വിദേശത്തേക്ക് പോകുകയാണ്. 40,000 വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. 50 വർഷം മുൻപ് ട്രാക്ടറിനെതിരെ ഇടതുപക്ഷം കുട്ടനാട്ടിൽ സമരം ചെയ്തിട്ടുണ്ട്. കർഷക തൊഴിലാളികൾക്ക് ജോലി പോകുന്നതിന്റെ പേരിലായിരുന്നു സമരം.

കംപ്യൂട്ടറിനെതിരെയും സമരം ചെയ്തിട്ടുണ്ട്. കാലം മാറുമ്പോൾ കാലത്തിന്റെ മാറ്റം മനസ്സിലാക്കണം. കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ പുറത്തേക്ക് പോകുന്നു. 30,000 കുട്ടികൾ പോയാൽ പതിനായിരം കോടിയെങ്കിലും കേരളത്തിനു പുറത്തേക്കു പോകും. വിദേശത്തേക്ക് പോകുമ്പോൾ ഒരു കുട്ടിക്ക് 30 ലക്ഷത്തിനു മുകളിൽ ചെലവു വരും. കുട്ടികൾക്കായി ചെലവഴിക്കുന്ന പണം കേരളത്തിലേക്കു വരണം. കുട്ടികൾ എല്ലാം പഠിക്കാൻ പോകുന്നതല്ല, ജോലിക്കും പോകുന്നുണ്ട്. ഒരു വിദ്യാർഥി പിജി പാസാകുന്നതുവരെ 25 ലക്ഷം രൂപയെങ്കിലും കേരളം മുടക്കുന്നുണ്ട്. 

വിദേശരാജ്യങ്ങളെ സംബന്ധിച്ച് അവിടെ ജനസംഖ്യ കുറവായതിനാൽ ആളെ ആവശ്യമുണ്ട്. എല്ലാ തരത്തിലും വികസിച്ച ഉൽപ്പന്നങ്ങളായാണ് അവർക്ക് ആളുകളെ കേരളത്തിൽനിന്ന് തൊഴിലിനായി ലഭിക്കുന്നത്. കടം വാങ്ങി വിദേശത്തു പോയി ജോലി കിട്ടാതെ ആത്മഹത്യ ചെയ്തവരുണ്ട്. ആദ്യം വിദേശത്തേക്കു പോയവരെപോലെ ജോലി ലഭിക്കാത്ത സാഹചര്യമാണ്. കേരളത്തിൽ മാറ്റം ഉണ്ടാകണം. നല്ല ജോലിയും വരുമാനവും വേണം. അതിനായാണ് പുതിയ വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി ബജറ്റിൽ പറഞ്ഞത്. ക്യാംപസുകളിൽ പുതിയ സാങ്കേതികവിദ്യ വരണം’’– മന്ത്രി പറഞ്ഞു.

സിവിൽ സപ്ലൈസിന് 2001 കോടി രൂപ ലഭിക്കുന്ന തരത്തിൽ ബജറ്റിൽ പണം നീക്കിവയ്ക്കും. സാംസ്കാരിക ഡിജിറ്റൽ സർവേയ്ക്ക് 3 കോടിയും സയൻസ് സിറ്റിക്കായി 5 കോടിയും കർഷക തൊഴിലാളികൾക്കായി 20 കോടിയും അനുവദിച്ചു.

English Summary:

K N Balagopal explain about Foreign University plan in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com