ADVERTISEMENT

ചെന്നൈ∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പ്രക്രിയയ്​ക്കെതിരെയും പുതിയ സെൻസസിനു ശേഷം കേന്ദ്രസർക്കാർ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മണ്ഡലപുനർനിർണയത്തിന് എതിരെയും പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഈ രണ്ടു നടപടികൾക്കെതിരെയും പ്രമേയം പാസാക്കുന്നത്.

ഫലപ്രദമായി ജനസംഖ്യ നിയന്ത്രിക്കുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾക്കു പിഴ നൽകേണ്ടതില്ലെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ പരാജയപ്പെട്ടതിനു പ്രതിഫലം നൽകരുതെന്നും പ്രമേയം അവതരിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഈ ഘടകങ്ങൾ പരിഗണിക്കാതെ അതിർത്തി നിർണയം നടത്തിയാൽ തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അധികാരവും അവകാശവും നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 1971ൽ തമിഴ്‌നാട്ടിലും ബിഹാറിലും സമാനമായ ജനസംഖ്യയുണ്ടായിരുന്നതായി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ അ​ഞ്ചു പതിറ്റാണ്ടിനിടെ ബിഹാറിലെ ജനസംഖ്യ തമിഴ്‌നാടിനേക്കാൾ ഒന്നര മടങ്ങ് വർധിച്ചു. 39 എംപിമാരുള്ള ഞങ്ങൾ യാചിക്കുകയാണ്. എണ്ണം കുറഞ്ഞാൽ എന്ത് സംഭവിക്കുമെന്നും സ്റ്റാലിൻ ചോദിച്ചു. 

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമ്പ്രദായം രാജ്യത്തിന്റെ അധികാര വികേന്ദ്രീകരണം തകർക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഭരണഘടനയ്ക്കെതിരാണ് അത്തരമൊരു തിരഞ്ഞെടുപ്പ് സമ്പ്രദായം. പാർലമെന്റ്, നിയമസഭാ, തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ വിവിധ വിഷയങ്ങളാണു ചർച്ചയാകുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഡിഎംകെയുടെ സഖ്യകക്ഷിയായ കോൺഗ്രസും മുഖ്യപ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. 

തിരഞ്ഞെടുപ്പ് ചെലവ് കൂടുന്നുവെന്നത് കള്ളമാണെന്നും രാജ്യത്തിന്റെ ബജറ്റിന്റെ ഒരു ശതമാനം കുറവു തുകയാണ് ആകെ തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടിവരുന്നതെന്നും കോൺഗ്രസ് കക്ഷി നേതാവ് സെൽവപെരുതങ്കൈ പറഞ്ഞു. മണ്ഡല പുനർനിർണയത്തിന് എതിരായ പ്രമേയത്തെ ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ പിന്തുണച്ചെങ്കിലും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശത്തെ വെല്ലുവിളിക്കുന്നതിനെ എതിർത്തു. 

English Summary:

Tamilnadu against delimitation and one nation one poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com