ADVERTISEMENT

കൊച്ചി∙ കേരള ഹൈക്കോടതിയിലെ മുതിർന്ന ജ‍ഡ്ജി അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റം. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

2023 ഒക്ടോബർ‍ 16നാണ് കേരള ഹൈക്കോടതിയിൽനിന്ന് സ്ഥലം മാറ്റണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ അഭ്യർഥിച്ചത്. തുടർന്ന് ഇക്കാര്യം അനുവദിച്ചു കൊണ്ട് ചൊവ്വാഴ്ച സുപ്രീം കോടതി കൊളീജിയം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

2015 ഏപ്രിലിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹൈക്കോടതി അ‍‍ഡീഷണൽ ജ‍ഡ്ജിയായി നിയമിതയാകുന്നത്. 2017 ഏപ്രിലിൽ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസ് എസ്.ജെ.ദേശായി കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ അ‍ഞ്ചാമത്തെ മുതിർന്ന ജ‍ഡ്ജിയാണ് അനു ശിവരാമൻ. 2028 മേയ് 24 വരെ ജസ്റ്റിസ് അനു ശിവരാമന് സർവീസിൽ തുടരാം.

കാസർകോട് സ്വദേശിയായ അനു ശിവരാമൻ 1991 മാർച്ച് 3നാണ് അഭിഭാഷകയായി എൻറോള് ചെയ്യുന്നത്. കേരള ഹൈക്കോടതി മുൻ ജ‍ഡ്ജി ശിവരാമൻ നായരുടെ മകളാണ് അനു ശിവരാമൻ. 2001 മുതൽ 2010 വരെ കൊച്ചിൻ കോർപറേഷന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു. 2007 മുതൽ സീനിയർ‍ ഗവൺമെന്റ് പ്ലീഡറായും സേവനമനുഷ്ഠിച്ചു. 

ജസ്റ്റിസ് അനുവിനെ കൂടാതെ ജസ്റ്റിസുമാരായ മൗഷ്മി ഭട്ടാചാര്യ, സുജോയ് പോൾ എന്നിവരെയും സുപ്രീം കോളീജിയം സ്ഥലം മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആവശ്യപ്രകാരമായിരുന്നു സ്ഥലം മാറ്റം. ജസ്റ്റിസ് മൗഷ്മിയെ കൊൽക്കത്ത ഹൈക്കോടതിയില്‍ നിന്ന് തെലങ്കാന ഹൈക്കോടതിയിലേക്കും ജസ്റ്റിസ് സുജോയ് പോളിനെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് തെലങ്കാന ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.സ്ഥലംമാറ്റത്തോടെ ജസ്റ്റിസ് അനു ശിവരാമൻ കർണാടക ഹൈക്കോടതിയിൽ സീനിയോരിറ്റിയിൽ രണ്ടാമതാകും. മാത്രമല്ല, കർണാടക ഹൈക്കോടതി കൊളീജിയത്തിലും അംഗമാകും.

English Summary:

Supreme Court Collegium Nods to Transfer Justice Anu Sivaraman from Kerala to Karnataka High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com