ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളെടുത്തു. 

കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് (എവിപിപിഎൽ) 2019 ഡിസംബർ–3നാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഓഖി, പ്രളയം തുടങ്ങിയ  16 കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും കാലാവധി നീട്ടി നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിഐഎസ്എൽ) നിരസിച്ചു.  തുടര്‍ന്ന് ഇരുപക്ഷവും ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

ആര്‍ബിട്രേഷന്‍ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്കു നയിക്കുമെന്നതും പദ്ധതി പൂര്‍ത്തീകരണത്തിനു വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ് ഫണ്ട് നഷ്ടമാകുമെന്നതും  കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കു മന്ത്രിസഭ അംഗീകാരം നല്‍കിയത്. 3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എവിപിപിഎൽ ആര്‍ബിട്രേഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. 911 കോടിയുടെ കൗണ്ടര്‍ ക്ലെയിമാണ് വിഐഎസ്എൽ  ഉന്നയിച്ചിരിക്കുന്നത്. ആര്‍ബിട്രേഷന്‍ നടപടികള്‍ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 

പദ്ധതി പൂര്‍ത്തിയാക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂര്‍ത്തീകരണ തീയതി 2024 ഡിസംബര്‍ 3 ആയിരിക്കും. കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, 10,000 കോടി രൂപ എവിപിപിഎൽ മുതല്‍മുടക്കേണ്ട ഈ ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തേ നിശ്ചയിച്ചതിനേക്കാള്‍ 17 വര്‍ഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവില്‍ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവുമെന്നും മന്ത്രിസഭാ യോഗം നിരീക്ഷിച്ചു.  

അഞ്ചുവര്‍ഷം നീട്ടി നല്‍കുമ്പോള്‍ ഈ കാലയളവില്‍ പ്രതിബദ്ധതാ ഫീസായി സര്‍ക്കാര്‍ എവിപിപിഎലിനു നല്‍കേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോര്‍ട്ടില്‍ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയില്‍ നാലു വര്‍ഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കുന്നപക്ഷം എവിപിപിഎലിനു തിരികെ നല്‍കും. ഒരു വര്‍ഷത്തെ തുകയായ 43.8 കോടി സംസ്ഥാന സര്‍ക്കാരിനു ലഭിക്കും. അതേസമയം, കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ല്‍ തന്നെ റവന്യൂ ഷെയറിങ് ആരംഭിക്കും. തീരുമാനങ്ങള്‍ എവിപിപിഎൽ അംഗീകരിക്കുന്നപക്ഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

English Summary:

Breakthrough in Vizhinjam Port Impasse: Cabinet Conditions Green Light for a Tripartite Development Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com