ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങും മുന്നേ സംസ്ഥാനത്തു ആദ്യമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കളത്തിലിറങ്ങിയത് കോട്ടയത്തു കേരള കോൺഗ്രസ് മാണി വിഭാഗമാണ്. എൽഡിഎഫ് ബാനറിൽ തോമസ് ചാഴികാടൻ മൽസരിക്കാനിറങ്ങുന്നത് കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ വോട്ടായി മാറും എന്ന പ്രതീക്ഷയോടെയാണ്. അഞ്ചുവർഷം മുന്‍പ് യുഡിഎഫ് സ്ഥാനാർഥിയായി നേടിയ വിജയത്തിന്റെ ഭൂരിപക്ഷം ഇത്തവണ വർധിക്കുമെന്നാണു വിശ്വാസം. കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ എംപി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു...

തോമസ് ചാഴിക്കാടൻ വോട്ടർമാർക്കൊപ്പം. ചിത്രം∙ മനോരമ
തോമസ് ചാഴിക്കാടൻ വോട്ടർമാർക്കൊപ്പം. ചിത്രം∙ മനോരമ

∙ ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണല്ലോ താങ്കളുടേത്. എത്രത്തോളം ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത് ?

കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റിയും സെക്രട്ടറിയേറ്റും സംയുക്തമായാണ് എന്റെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. അത് എന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്ഥാനാർഥിയാകാൻ വേണ്ടി നിർദ്ദേശിക്കപ്പെട്ട ഏക പേര് എന്റേതായിരുന്നു. അതുകൊണ്ട് വേറെ തർക്കങ്ങളൊന്നുമുണ്ടായില്ല. അതു വലിയൊരു അംഗീകാരമാണ്. കഴിഞ്ഞ 33 വർഷമായി കേരള കോൺഗ്രസ് പാർട്ടിക്കൊപ്പം നില്‍ക്കുന്ന എനിക്കു വീണ്ടുമൊരു അവസരം കൂടി പാർട്ടി നൽകിയിരിക്കുകയാണ്. ഞാനൊരു ചാർട്ടേഡ് അക്കൗണ്ടന്റും ബാങ്ക് മാനേജരുമൊക്കെ ആയിരുന്നു.  സഹോദരന്റെ അകാല വിയോഗത്തോടെയാണ് പൊതുരംഗത്തേക്ക് മാണി സാർ എന്നെ കൈപിടിച്ചു കൊണ്ടുവന്നത്. അന്നു മുതൽ ഇന്നുവരെ മത്സരിച്ച ഏഴു തിരഞ്ഞെടുപ്പിലും രണ്ടില ചിഹ്നത്തിലാണു ഞാൻ മത്സരിച്ചത്. എട്ടാമത്തെ തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. ഈ തിരഞ്ഞെടുപ്പിലും രണ്ടില ചിഹ്നത്തിൽ വൻ വിജയം നേടാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥനായതിനാൽ തന്നെ സംശയത്തോടെയാണ് എന്നെ പൊതുജനങ്ങൾ കണ്ടത്. അന്ന് എനിക്കു ലഭിച്ച ഭൂരിപക്ഷം 886 വോട്ടു മാത്രമാണ്. പിന്നീട് ഞാൻ ജനങ്ങളോടൊപ്പം പ്രവർത്തിച്ചതിന്റെ അംഗീകാരമായി രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിമൂവായിരവും മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ ഇരുപതിനായിരവും കഴിഞ്ഞു. 2019ൽ ഒരുലക്ഷത്തി ആറായിരം കടന്നു ഭൂരിപക്ഷം. കഴിഞ്ഞ 5 വർഷവും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 

∙ ഇത്രയും കാലം യുഡിഎഫിൽ നിന്നാണു മത്സരിച്ചത്. അന്നെല്ലാം എൽഡിഎഫ് എതിരാളികളായിരുന്നു. ഇത്തവണ ആദ്യമായി എൽഡിഎഫിൽ നിന്നു യുഡിഎഫിനെ നേരിടുകയാണല്ലോ?

ഞങ്ങൾ മനപൂർവം എൽഡിഎഫിലേക്ക് എടുത്തുചാടി പോയതല്ല. യുഡിഎഫിന്റെ ഭാഗമായി യുഡിഎഫിനു നേതൃത്വം കൊടുത്ത് 40 വർഷത്തോളം കേരള കോൺഗ്രസ് ആ മുന്നണിക്കൊപ്പം ഉണ്ടായിരുന്നു. ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിലാണ് യാതൊരു കാരണവുമില്ലാതെ ​ഞങ്ങളെ പുറത്താക്കിയത്. കാരണമെല്ലാം സംസാരിച്ചു തീർന്നെന്നു കരുതിയ സമയത്തായിരുന്നു പുറത്താക്കൽ. സ്വാഭാവികമായും രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനുള്ള ഒരു തീരുമാനമാണു ഞങ്ങളെടുത്തത്. രാഷ്ട്രീയ ലക്ഷ്യം വച്ചു കാലുമാറി പോയവരാണു ഞങ്ങളെന്ന് ആർക്കും പറയാനാകില്ല. രാഷ്ട്രീയ സാഹചര്യം അത്തരത്തിൽ സൃഷ്ടിച്ചത് യുഡിഎഫാണ്. ഞങ്ങൾ നിലനിൽപ്പിനു വേണ്ടി എൽഡിഎഫിനൊപ്പം ചേർന്നു. എൽഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങൾ ഇടതുമുന്നണിയിൽ ചേർന്ന ശേഷം മികച്ച നേട്ടം പല തിരഞ്ഞെടുപ്പുകളിലും ഈ മുന്നണിക്ക് നേടാനായി. ഞങ്ങളുടെ മാറ്റം ജനം അംഗീകരിച്ചു. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭാഗമായി മൽസരിക്കാൻ‌ ഞങ്ങൾക്കു യാതൊരു ബുദ്ധിമുട്ടുമില്ല. ജനങ്ങൾ അത് അംഗീകരിക്കുന്നുണ്ട്. താഴെത്തട്ടിൽ പ്രവർത്തകർ ഒറ്റക്കെട്ടാണ്. 

തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാനായ. ജോസ് കെ.മാണിക്കും മന്ത്രി റോഷി അഗസ്റ്റിനുമൊപ്പം. ചിത്രം∙മനോരമ
തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാനായ. ജോസ് കെ.മാണിക്കും മന്ത്രി റോഷി അഗസ്റ്റിനുമൊപ്പം. ചിത്രം∙മനോരമ

∙ കഴിഞ്ഞതവണ ഒപ്പം നിന്നവരാണല്ലോ ഇപ്പോഴത്തെ എതിരാളികള്‍. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

അവർക്കു കാര്യങ്ങളൊക്കെ അറിയാം. ഏതു സാഹചര്യത്തിലാണ് ഞങ്ങൾ മറുഭാഗത്തു പോയതെന്ന് അവർക്കറിയാം. ഞങ്ങൾ പോയതലല്ലോ. ഞങ്ങളെ തളളിവിട്ടതല്ലേ.

"ഞാൻ ആവശ്യപ്പെട്ട നാടിന്റെ മൂന്നു ആവശ്യങ്ങളും തെറ്റാണെന്നു അന്നും ഇന്നും എനിക്കു തോന്നിയിട്ടില്ല. അതു ശരിയാണെന്നു സർക്കാരിനു തോന്നിയതു കൊണ്ടാണ് ബജറ്റിൽ ആ മൂന്നു കാര്യങ്ങൾക്കും സർക്കാർ തുക അനുവദിച്ചത്"

∙ കഴിഞ്ഞ അഞ്ചു വർഷം കോട്ടയം മണ്ഡലത്തിൽ നടത്തിയ പ്രധാന വികസനപ്രവർത്തനങ്ങൾ എന്തെല്ലാമാണ് ?

പാർലമെന്റിന് അകത്തെയും പുറത്തെയും എന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ നൂറു ശതമാനം അംഗീകരിക്കുന്നുണ്ട്. എംപി ഫണ്ട് നൂറു ശതമാനം ചെലവഴിച്ച എംപിയാണു ഞാൻ. കേരളത്തിൽ ആദ്യമായി ആ നേട്ടം ഇത്തവണ ഞാനാണ് കൈവരിച്ചത്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന വഴി ശരാശരി കേരളത്തിലെ ഒരു എംപിയ്ക്ക് 70 കിലോമീറ്റർ റോഡുകളിലെ വികസനം നടത്താൻ സാധിക്കുകയുള്ളൂ. പക്ഷെ മുപ്പത് ശതമാനം അധികം റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. ഭിന്നശേഷിക്കാർക്കായി കേന്ദ്രസർക്കാരിന്റെ പല പദ്ധതികളുണ്ട്. ഞാൻ മനസിലാക്കിയ ശേഷമാണു മറ്റു പല എംപിമാരും അതു മനസിലാക്കുന്നത്. റെയിൽവേയുടെ കാര്യത്തിൽ ദീർഘകാലമായി മുടങ്ങികിടന്നിരുന്ന പാതഇരട്ടിപ്പിക്കലിന് അടക്കം ജീവൻ വയ്പ്പിക്കാൻ സാധിച്ചു. സ്റ്റേഷനുകളുടെ നവീകരണം, മേൽപാലങ്ങളുടെ നിർമാണം ഇതെല്ലാം യാഥാർഥ്യമാക്കാൻ സാധിച്ചു.

തോമസ് ചാഴിക്കാടൻ ഭാര്യയായ ആൻ തോമസ്, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി, ഭാര്യ നിഷ ജോസ് എന്നിവർക്കൊപ്പം. ചിത്രം∙മനോരമ
തോമസ് ചാഴിക്കാടൻ ഭാര്യയായ ആൻ തോമസ്, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി, ഭാര്യ നിഷ ജോസ് എന്നിവർക്കൊപ്പം. ചിത്രം∙മനോരമ

∙ എതിർസ്ഥാനാർഥിയായി പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. എന്തായാലും എതിരാളി കേരള കോൺഗ്രസിൽ നിന്നാണ് ?

അതിൽ യാതൊരു വിഷമവുമില്ല. ഞങ്ങൾക്ക് ഒരു നിലപാടുണ്ടായിരുന്നു. കെ.എം.മാണി സാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണു ഞങ്ങൾക്കു ലഭിക്കുന്ന അംഗീകാരം. കെ.എം.മാണി സാറിന്റെ പ്രസ്ഥാനത്തെ തകർക്കാൻ നടക്കുന്നവരാണ് മറുഭാഗത്തുള്ളത്. അതുകൊണ്ടു ഞങ്ങൾക്ക് യാതൊരു വിഷമവുമില്ല. കേരള കോൺഗ്രസിന്റെ ഒരു വിഭാഗമാണ് അപ്പുറത്ത് എന്നതിൽ‌ ആശങ്കയില്ല.

"ഞങ്ങൾ നിലനിൽപ്പിനു വേണ്ടി എൽഡിഎഫിനൊപ്പം ചേർന്നു. എൽഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഞങ്ങൾക്കു കഴിഞ്ഞു"

∙ ഫ്രാന്‍സിസ് ജോർജ്, പി.സി.തോമസ്, എം.പി ജോസഫ് പല പേരുകളും എതിർസ്ഥാനാർഥിയായി പറഞ്ഞുകേൾക്കുന്നു. ഇതിൽ ആരാകും ശക്തനായ എതിരാളി ?

ആരു വന്നാലും എതിരാളി ശക്തനാണെന്ന ധാരണയോടെ മാത്രമേ ഞാൻ പ്രവർത്തിക്കുകയുള്ളൂ. ഒരു എതിരാളിയേയും നിസാരനായി കാണരുത്. അത് അനുസരിച്ചാകും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു രൂപം നൽകുക.

കെ.എം.മാണിയുടെ വിലാപയാത്രയ്ക്കൊപ്പം ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും. ചിത്രം∙ മനോരമ
കെ.എം.മാണിയുടെ വിലാപയാത്രയ്ക്കൊപ്പം ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും. ചിത്രം∙ മനോരമ

∙ കോട്ടയത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണവിഷയം എന്തായിരിക്കും ?

ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യയിൽ എമ്പാടും മതേതരത്വത്തിനു ഭീഷണിയുണ്ടായിട്ടുണ്ട്. അതിനെ നേരിടാൻ ശക്തമായി പ്രവർത്തിക്കുന്നത് ഇടതുപക്ഷമാണ്. വർഗീയതക്കെതിരായി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തോടു ചേർന്നാണു ഞങ്ങളും നിൽക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. നാടിന്റെ വികസനത്തിനു എല്ലാ മേഖലയിലേക്കും കേന്ദ്രസർക്കാരിൽ നിന്നും പലതും നേടിയെടുക്കാൻ എനിക്കു കഴിഞ്ഞു. അതു കുറച്ചുകൂടി ശക്തമായി കാഴ്ചവയ്ക്കാൻ എനിക്കു കഴിയുമെന്നു കൂടി ജനങ്ങളെ ബോധ്യപ്പെടുത്തും.

∙ കോട്ടയമെന്നു പറയുമ്പോൾ റബ്ബറും മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. പക്ഷെ സംസ്ഥാന ബജറ്റിൽ അടക്കം റബ്ബറിനു പത്തു രൂപയാണു താങ്ങുവില  വർധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും റബ്ബർകർഷകരെ അവഗണിക്കുകയല്ലേ?

ഒരിക്കലുമല്ല. പാലായിൽ നവകേരള സദസ് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മുന്നിൽ ഞാൻ അവതരിപ്പിച്ച കാര്യം നിങ്ങൾക്കറിയില്ലേ. അതു വളരെ കാര്യക്ഷമമായി അദ്ദേഹം നടത്തിതന്നു. കെ.എം.മാണി സാർ കൊണ്ടുവന്ന റബ്ബർ വിലസ്ഥിരത ഫണ്ട് ഈ സർക്കാർ വർധിപ്പിച്ചു. 200 രൂപയാക്കണമെന്ന ആവശ്യം ഞങ്ങൾക്കുണ്ട്. അതു സർക്കാർ പരിഗണിക്കുമെന്നാണു വിശ്വാസം. സംസ്ഥാനം മാത്രമല്ല റബ്ബർ കർഷകരെ സഹായിക്കേണ്ടത്. നാലു തവണ റബ്ബർ വിഷയം ഞാൻ പാർലമെന്റിൽ ഉന്നയിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല. നയപരമായ പല തീരുമാനങ്ങളും കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നില്ല. കേന്ദ്രം വലിയ അനാസ്ഥയാണു റബ്ബർ കർഷകരോടു കാണിക്കുന്നത്. കോട്ടയത്തു നിന്നും റബ്ബർ ബോർഡിന്റെ ഓഫീസു പോലും മാറ്റാൻ ശ്രമിച്ചതു മറക്കരുത്. സ്വാഭാവിക റബ്ബറിനെ കാർഷികവിളയായി കാണാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല.  റബ്ബർ വിഷയം തുടർച്ചയായി  ഞാൻ പാർലമെന്റിൽ ഉന്നയിക്കും. 

പാർലമെന്റിനു മുന്നിൽ സമരം നടത്തുന്ന തോമസ് ചാഴിക്കാടനും ജോസ് കെ.മാണിയും. ചിത്രം∙മനോരമ
പാർലമെന്റിനു മുന്നിൽ സമരം നടത്തുന്ന തോമസ് ചാഴിക്കാടനും ജോസ് കെ.മാണിയും. ചിത്രം∙മനോരമ

∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണു പാലായിലും പുതുപ്പള്ളിയിലും എൽഡിഎഫ് തോറ്റത്. അതുകൂടി പരിഗണിക്കേണ്ടേ?

അതൊക്കെ അന്നത്തെ സാഹചര്യത്തിൽ സംഭവിച്ചതാണ്. ഇന്ന് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി നിൽക്കുകയാണ്. എൽഡിഎഫ് വോട്ടിനൊപ്പം കേരള കോൺഗ്രസ് വോട്ടുകൾ കൂടി ചേരുമ്പോൾ ഭൂരിപക്ഷം വർധിക്കും.

∙ കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ വലിയ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ അതൊക്കെ മാറിയോ? എൽഡിഎഫിന്റെ മുഴുവൻ വോട്ടും പെട്ടിയിൽ വീഴുമെന്ന ഉറപ്പുണ്ടോ?

നൂറു ശതമാനം ഉറപ്പുണ്ട്. എൽഡിഎഫിലെ ഒരു കക്ഷിക്കും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യമില്ല. എന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ ആദ്യം ഓടിവന്നത് സിപിഐ ജില്ലാ സെക്രട്ടറിയാണ്. അതുപോലെ എല്ലാ ഘടക കക്ഷികളും പൂർണപിന്തുണ അറിയിച്ചിട്ടുണ്ട്. സിപിഎം കാര്യക്ഷമമായ പ്രവർത്തനമാണു നടത്തുന്നത്. എൽഡിഎഫിന്റെ ഒരുവോട്ടു പോലും നഷ്ടമാകില്ല.

∙ കോൺഗ്രസ് വോട്ടുകൾ കിട്ടുമോ?

ഞാൻ എല്ലാവരുമായും വളരെ സഹകരണത്തോടെയാണു പോകുന്നത്. ആരെയും മോശമായി ഞാൻ ചിത്രീകരിക്കാറില്ല. വ്യക്തിപരമായ വൈരാഗ്യവും ആരോടും എനിക്കില്ല. അതുകൊണ്ടുതന്നെ എല്ലാ പാർട്ടികളിൽ നിന്നും സഹകരണം ലഭിക്കും. ഏതു മുന്നണിയിൽ ആയാലും നിഷ്പക്ഷ വോട്ടുകൾ കിട്ടാനുള്ള എല്ലാ സാഹചര്യവുമുണ്ട്.

∙ കഴിഞ്ഞപ്രാവശ്യം താങ്കൾ ഉൾപ്പെടെ 19 എംപിമാരാണ് യുഡിഎഫിനുണ്ടായിരുന്നത്. പിന്നീട് എൽഡിഎഫിനൊപ്പം ചേക്കേറിയപ്പോൾ അവരിൽ നിന്നും ഒറ്റപ്പെട്ടെന്ന തോന്നലുണ്ടായോ?

ഒരിക്കലും ഒറ്റപ്പെട്ടെന്നു തോന്നിയിട്ടില്ല. ഞങ്ങളെ യുഡിഎഫിൽ നിന്നും പുറത്താക്കിയതല്ലേ. ഇടതുപക്ഷ എംപിമാരുമായി നല്ല സഹകരണത്തിലായിരുന്നു. യുഡിഎഫ് എംപിമാരും എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അവരും നല്ല സഹകരണമായിരുന്നു. വ്യക്തിപരമായി എനിക്ക് എതിരാളികളില്ല.

നവകേരള സദസിനു പാലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി അബ്ദുറഹിമാൻ എന്നിവർക്കൊപ്പം തോമസ് ചാഴിക്കാടൻ. ചിത്രം∙മനോരമ
നവകേരള സദസിനു പാലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി അബ്ദുറഹിമാൻ എന്നിവർക്കൊപ്പം തോമസ് ചാഴിക്കാടൻ. ചിത്രം∙മനോരമ

∙ പാലായിൽ നവകേരള സദസ് എത്തിയപ്പോൾ മുഖ്യമന്ത്രി താങ്കളെ അപമാനിച്ചു എന്നടക്കം പ്രചാരണമൊക്കെ ഉണ്ടായിരുന്നല്ലോ? ശരിക്കും സംഭവിച്ചത് എന്താണ്?

അവിടെ ശരിക്കും ഒന്നുമുണ്ടായില്ല. അദ്ദേഹം എന്നെയല്ല അവതാരകയെ ആണ് പറഞ്ഞത്. അവതാരക ഇവിടെ പറഞ്ഞതു ശരിയായില്ല എന്നാണു തുടക്കത്തിൽ പറഞ്ഞത്. നിങ്ങൾ ആ പ്രസംഗം മുഴുവൻ കേട്ടാൽ മനസിലാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നും നിവേദനം സ്വീകരിച്ച് ഇതാ പാലായിലേക്ക് വരുന്നു എന്നാണ് അവതാരകയുടെ വാചകം. ഞാൻ സംസാരിച്ചപ്പോൾ മൂന്നു കാര്യങ്ങൾ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിക്കുന്നതു ഒരു ലക്ഷ്യം മാത്രമാണെന്നു മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പറഞ്ഞു. ഞാൻ ആവശ്യപ്പെട്ട നാടിന്റെ മൂന്നു ആവശ്യങ്ങളും തെറ്റാണെന്നു അന്നും ഇന്നും എനിക്കു തോന്നിയിട്ടില്ല. അതു ശരിയാണെന്നു സർക്കാരിനു തോന്നിയതു കൊണ്ടാണ് ബജറ്റിൽ ആ മൂന്നു കാര്യങ്ങൾക്കും സർക്കാർ തുക അനുവദിച്ചത്.

∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായിരിക്കുമോ?

(പൊട്ടിച്ചിരിയോടെ) സംശയം എന്നാ ഇരിക്കുന്നു...നിങ്ങൾ എന്തിനാ സംശയിക്കുന്നേ... ഞങ്ങൾ എൽഡിഎഫിലാണ്. എൽഡിഎഫിൽ തന്നെ തുടരും. 

English Summary:

Thomas chazhikadan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com