കാട്ടാനയുടെ ആക്രമണം: പരുക്കേറ്റ മാവോയിസ്റ്റ് പ്രവർത്തകനെ നാട്ടിലാക്കി കടന്ന് സംഘാംഗങ്ങൾ
Mail This Article
കണ്ണൂർ∙ കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പ്രവർത്തകനെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നു. പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമഗളൂരു അങ്ങാടി സ്വദേശി സുരേഷിന് (പ്രദീപ് – 49) ആണു പരുക്കേറ്റത്. മൂന്നു ദിവസം മുൻപാണു സുരേഷിനു പരുക്കേറ്റത്. ചികിത്സ ആവശ്യമായി വന്നപ്പോൾ സുരേഷിനെ ജനവാസ മേഖലയിലാക്കി മാവോയിസ്റ്റുകൾ കടന്നു.
ഇന്നലെ വൈകിട്ട് ആറോടെ ചിറ്റാരിക്കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലാണു സുരേഷിനെ എത്തിച്ചത്. ഭീഷണിപ്പെടുത്തി അടുത്ത കടയിൽനിന്നു സാധനങ്ങൾ വാങ്ങിപ്പിച്ചു. തുടർന്നു വലതുകാൽമുട്ടിൽ തുണികൊണ്ടുള്ള കെട്ടുമായി സുരേഷിനെ കൊണ്ടുവന്നു കിടത്തി സ്ഥലംവിടുകയായിരുന്നു. ആന ആക്രമിച്ചതാണെന്നും ചികിത്സ നൽകണമെന്നും സുരേഷ് പറഞ്ഞു. വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പഞ്ചായത്തംഗം ജിൽസൻ കണികത്തോട്ടം, പാലുമ്മൽ വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പയ്യാവൂർ പൊലീസ് ഏർപ്പാടാക്കിയ ആംബുലൻസിൽ രാത്രി 8.30ന് ഇയാളെ പാടാംകവലയിൽ എത്തിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. 2002 മുതൽ സുരേഷ് മാവോയിസ്റ്റ് പ്രവർത്തകനാണെന്നു പൊലീസ് കരുതുന്നു.