ADVERTISEMENT

മുംബൈ∙ ന്യൂയോര്‍ക്കില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെത്തിയ എണ്‍പതുകാരന്‍ വീല്‍ചെയര്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ കുഴഞ്ഞുവീണു മരിച്ചു. എണ്‍പതുകാരനും ഭാര്യയും വീല്‍ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഒരാള്‍ക്കു മാത്രമാണ് വിമാനത്തിനരികില്‍നിന്നു വീല്‍ചെയര്‍ ലഭിച്ചത്.

ഭാര്യയെ വീല്‍ചെയറില്‍ ഇരുത്തിയ ശേഷം എണ്‍പതുകാരന്‍ ടെര്‍മിനലിലേക്കു നടക്കാന്‍ തീരുമാനിച്ചു. ഇമിഗ്രേഷന്‍ കൗണ്ടറിലേയക്ക് ഏതാണ്ട് 1.5 കിലോമീറ്ററോളം അദ്ദേഹത്തിനു നടക്കേണ്ടിവന്നു. തുടര്‍ന്ന് പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. വൈദ്യസഹായം നല്‍കിയ ശേഷം നാനാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ചയാണ് സംഭവം. ഉച്ചയ്ക്കു 2.10-നാണ് വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. 

വീല്‍ചെയര്‍ സംവിധാനം മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് വൃദ്ധദമ്പതിമാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തില്‍ അത്തരത്തില്‍ വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്ന 32 യാത്രികരുണ്ടായിരുന്നു. എന്നാല്‍ 15 വീല്‍ചെയറുകള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നതെന്നാണു റിപ്പോര്‍ട്ട്. 

അതേസമയം, വീല്‍ചെയര്‍ ദൗര്‍ലഭ്യം മൂലം കുറച്ചുസമയം കാത്തിരിക്കാന്‍ എണ്‍പതുകാരനായ യാത്രികനോടു പറഞ്ഞുവെന്നും എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം നടക്കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

English Summary:

No wheelchair available, 80-year-old collapses and dies after walk from plain to terminal at Mumbai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com