ADVERTISEMENT

ന്യൂഡൽഹി∙ കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ സുപ്രീം കോടതി മാർച്ച് ആറിനും ഏഴിനുമാകും വാദം കേൾക്കുക. അടിയന്തരമായി വാദം കേള്‍ക്കണമെന്നു കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ഹർജി പിൻവലിച്ചാൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂവെന്നു കേന്ദ്രം ഉപാധി വച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രവുമായുള്ള ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു. നിയമത്തിനപ്പുറം ഒന്നും ചോദിക്കുന്നില്ലെന്ന് കേരളം വ്യക്തമാക്കി. കേരളം ഉന്നയിക്കുന്നത് എല്ലാം ശരിയല്ലെന്നു കേന്ദ്രവും കോടതിയെ അറിയിച്ചു. ചര്‍ച്ച സാധ്യമല്ലെങ്കില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറയുകയായിരുന്നു.

ഇതിനുമുൻപ് കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തിൽ സമവായ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ഇരുകക്ഷികളോടും ചോദിച്ചത്. സുപ്രീം കോടതി നിർദേശം കേരളവും കേന്ദ്രവും അംഗീകരിക്കുകയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും കേരളത്തിന്റെ ധനകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

​എന്നാൽ കൂടിക്കാഴ്ചയിൽ ഇരുവിഭാഗത്തിനും സമവായത്തിലെത്താൻ സാധിച്ചില്ല. നേരത്തേ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാന സർക്കാർ അക്കമിട്ട് മറുപടി നൽകിയിരുന്നു. കേരളത്തിനു വേണ്ടി അഭിഭാഷകനായ കപിൽ സിബലാണ് ഹാജരായത്.

English Summary:

Borrowing limit : Supreme court will hear the plea of kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com