വിധിയെ സ്വാഗതം ചെയ്യുന്നു, നടന്നത് വലിയ നിയമയുദ്ധം, രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചത് യുഡിഎഫ്: എം.വി.ഗോവിന്ദൻ
Mail This Article
ആലപ്പുഴ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദർ മാസ്റ്റർ പറഞ്ഞു. പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തേ പറഞ്ഞതാണെന്നും കേസിനെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘‘കേസുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി. മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ല. പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിൽ അടച്ചത് പകവീട്ടലിന്റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു’’ - ഗോവിന്ദൻ പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നതെന്നും അല്ലെങ്കിൽ കേസ് ശരിയായ രീതിയിൽ നടന്നു പോകുമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.