ADVERTISEMENT

നിയമസഭാ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ നാലെണ്ണവും തൃശൂർ ജില്ലയിലെ മൂന്നെണ്ണവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കൂടുതൽ അടുപ്പം തൃശൂരുമായാണ്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ തൃശൂ‍‍ർ ജില്ലയിലെ മണ്ഡലങ്ങൾ ചാലക്കുടിയുടെ ഭാഗമാണ്. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളും ചേരുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.

∙ മുകുന്ദപുരം വേഷം മാറിയ ചാലക്കുടി

ഒരു കണക്കിൽ ഇതൊരു ‘പുതിയ’ മണ്ഡലമാണ്. 2008ലാണ് രൂപീകരണം. അതുവരെ ഉണ്ടായിരുന്നത് മുകുന്ദപുരം മണ്ഡലം. എന്നാൽ 2008ൽ മണ്ഡല പുനര്‍നിർണയ സമയത്തുണ്ടായ കയ്പമംഗംലം കൂടി ചേർത്ത് ചാലക്കുടിയായി മുകുന്ദപുരം രൂപം മാറി. ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി എന്നിവയും മുകുന്ദപുരത്തിന്റെ ഭാഗമായിരുന്നു. സാക്ഷാൽ പനമ്പിള്ളി ഗോവിന്ദ മേനോനും ഇ.ബാലാനന്ദനും കെ.കരുണാകരനുമൊക്കെ മാറ്റുരച്ചിട്ടുള്ള മണ്ഡലം കൂടിയായിരുന്നു മുകുന്ദപുരം. പി.സി.ചാക്കോയും എ.സി.ജോസും സാവിത്രി ലക്ഷ്മണുമൊക്കെ ഇവിടെ നിന്ന് എംപിമാരായി. ലോനപ്പൻ നമ്പാടൻ ആയിരുന്നു മുകുന്ദപുരത്തെ അവസാന എംപി. കോൺഗ്രസിന്റെ ബെന്നി ബഹനാനാണ് നിലവിൽ ചാലക്കുടിയെ പ്രതിനിധീകരിക്കുന്നത്. 

∙ കോൺഗ്രസ് മണ്ഡലം, പക്ഷേ ഇടത് അട്ടിമറിയും പതിവ് 

2009ലാണ് ചാലക്കുടിയുടെ ആദ്യ തിരഞ്ഞെടുപ്പ്. കെ.കരുണാകരന്റെ തന്ത്രപരമായ ഇടപെടലിലൂടെ കെ.പി.ധനപാലന്‍ അവസാന നിമിഷം ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി. സിപിഎമ്മിനു വേണ്ടി അഡ്വ.യു.പി.ജോസഫ്. ബിജെപി സ്ഥാനാർഥി അഡ്വ.കെ.വി.സാബു. ഫലം വന്നപ്പോൾ 3.99 ലക്ഷം വോട്ടുകൾ ധനപാലന്. യു.പി.ജോസഫ് 3.27 ലക്ഷം വോട്ടുകളും കെ.വി.സാബു 45,367 വോട്ടുകളും നേടി. അങ്ങനെ ചാലക്കുടിയുടെ ആദ്യ എംപി സ്ഥാനത്തേക്ക് ധനപാലൻ തിരഞ്ഞെടുക്കപ്പെട്ടു– ഭൂരിപക്ഷം 71,679 വോട്ടുകൾ.

2014ല്‍ പക്ഷേ ഇടതുപക്ഷം തന്ത്രം മാറ്റി. അന്തരിച്ച നടൻ ഇന്നസെന്റിന്റെ രംഗപ്രവേശം അപ്രതീക്ഷിതമായിരുന്നു. അതോടെ മണ്ഡലം ഉണർന്നു. പി.സി.ചാക്കോ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. ബി.ഗോപാലകൃഷ്ണൻ ബിജെപി സ്ഥാനാർഥിയും. ആവേശം പൊടിപാറിയ മത്സരത്തിൽ ഇന്നസെന്റിന് കിട്ടിയത് 3.58 ലക്ഷം വോട്ടുകൾ. ചാക്കോയ്ക്ക് 3.44 ലക്ഷം വോട്ടുകളും ഗോപാലകൃഷ്ണന് 92,848 വോട്ടുകളും ലഭിച്ചു. ആം ആദ്മി പാർട്ടി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ചിരുന്നു. ആപ്പിന്റെ കെ.എം.നൂറുദീൻ നേടിയത് 35,189 വോട്ടുകൾ. ചലച്ചിത്ര താരങ്ങളെ തിരഞ്ഞെടുപ്പു ഗോദയിൽ കൈവിടുമെന്ന നടപ്പുരീതികൾ മാറ്റിമറിച്ച് ചാലക്കുടിക്കാർ ഇന്നസെന്റിനെ ലോക്സഭയിലേക്ക് അയച്ചു. ഭൂരിപക്ഷം 13,884. തലേ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിരുന്നു.

ഇന്നസന്റ്. ചിത്രം: മനോരമ
ഇന്നസന്റ്. ചിത്രം: മനോരമ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് യുഡിഎഫ് 20ൽ 19ലും വിജയിച്ചു. അതിലൊന്ന് ചാലക്കുടിയായിരുന്നു. കോൺഗ്രസിനു വേണ്ടി പോരാട്ടത്തിനിറങ്ങിയത് ‘ലോക്കൽ ബോയ്’ ബെന്നി ബഹനാൻ. രണ്ടാമൂഴത്തിനായി ഇന്നസെന്റിനെ തന്നെ ഇടതുപക്ഷവും രംഗത്തിറക്കി. ആദ്യ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായിരുന്നു ഇന്നസെന്റ് എങ്കിൽ 2019ൽ സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. ബിജെപിക്കു വേണ്ടി എ.എൻ.രാധാകൃഷ്ണനും രംഗത്തിറങ്ങി. ഫലം വന്നപ്പോൾ ഇന്നസെന്റിന് വമ്പൻ പരാജയം. ബെന്നി ബഹനാൻ 4.73 ലക്ഷം വോട്ടുകൾ നേടിയപ്പോൾ ഇന്നസെന്റിന് ലഭിച്ചത് 3.41 ലക്ഷം വോട്ടുകൾ മാത്രം. തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം കൂട്ടിക്കൊണ്ടിരുന്ന ബിജെപിയുടെ സ്ഥാനാർഥിക്ക് 1.54 ലക്ഷം വോട്ടുകളും. ബെന്നി ബെഹ്നാന്റെ വിജയം 1.32 ലക്ഷം വോട്ടുകൾക്ക്. 

∙ ‘ലോക്കൽ ബോയ്’ ബഹനാൻ

ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുമ്പാവൂരുകാരനാണ് ബെന്നി ബഹനാൻ. ഉമ്മൻ ചാണ്ടിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ബഹനാൻ യുഡിഎഫ് കൺവീനറായിരിക്കെയാണ് കഴിഞ്ഞ തവണ സ്ഥാനാർഥിയാകുന്നത്. അവസാന നിമിഷമായിരുന്നു ബഹനാന്റെ രംഗപ്രവേശം. ഇതിനു ശേഷം മികച്ച പ്രചരണം പുറത്തെടുത്തെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ബഹനാൻ ആശുപത്രിയിലായി. പിന്നീട് സ്ഥാനാർഥിയില്ലാതെയാണ് യു‍ഡിഎഫ് പ്രചരണം നടത്തിയത്. ഇന്നസെന്റിന് ‘ഈസി വാക്കോവർ’ എന്ന തോന്നലില്‍ നിന്ന് വമ്പൻ അട്ടിമറി നടത്തി ബഹനാൻ സീറ്റ് തിരിച്ചു പിടിച്ചതാണ് ഫലം വന്നപ്പോൾ കണ്ടത്. ട്വന്റി–20യുടെ എതിർപ്പ് ബഹനാനെ വീഴ്ത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്തായി.

KOCHI 2019 MARCH 07    :    BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal
KOCHI 2019 MARCH 07 : BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഇക്കുറി സ്ഥാനാര്‍ഥി ബഹനാൻ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഏതു സ്ഥാനാർഥി വന്നാലും ബഹനാനു തന്നെയാണ് ജയസാധ്യത എന്നാണ് പാർട്ടി പ്രവർത്തകരുടെ വാദം. മണ്ഡലത്തിലെ സാന്നിധ്യം തന്നെയാണ് ബഹനാന് മുതൽക്കൂട്ടാവുക. മുകുന്ദപുരം ആയിരുന്ന കാലം മുതൽക്കെ തങ്ങളുടെ മണ്ഡലമാണ് ചാലക്കുടി എന്നു വിശ്വസിക്കുന്നവരാണ് കോൺഗ്രസുകാർ. എന്നാല്‍ ഒട്ടേറെ തവണ ഇവിടെ അട്ടിമറി ഉണ്ടായിട്ടുണ്ടെന്ന് കാണാം. പക്ഷേ, ബഹനാൻ ആത്മവിശ്വാസത്തിലാണ്. 

∙ മഞ്ജു വാര്യർ, സി.രവീന്ദ്രനാഥ്, ജെയ്ക്ക് സി.തോമസ്, ബി.ഡി.ദേവസി.... ഇനിയാര്?

ആരായിരിക്കും ഇടതുസ്ഥാനാർഥി? മുകളിൽ പറഞ്ഞിരിക്കുന്ന ആളുകളെല്ലാം ചാലക്കുടി മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നു എന്ന പേരിൽ പ്രചരിച്ച പേരുകളാണ്. മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ സി.രവീന്ദ്രനാഥിന്റെ പേരാണ് ഇതിൽ ഏറ്റവുമാദ്യം ഉയർന്നു കേട്ടത്. മന്ത്രിയായിരുന്നപ്പോഴുള്ള മികവും പ്രതിച്ഛായയുമാണ് അദ്ദേഹമാകും സ്ഥാനാർഥി എന്ന പ്രചരണത്തിന്റെ അടിസ്ഥാനം. ഇതിനിടെ, തന്നെ ലോക്സഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രവീന്ദ്രനാഥ് പാർട്ടി നേതൃത്വത്തെ അറിയിച്ചു എന്നും വാർത്തകൾ വന്നു. എങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളുടെയെങ്കിലും സജീവ ചർച്ചകളിലുണ്ട്. 

ഇതിനിടെയാണ്, ‘സർപ്രൈസ്’ എന്നോണം നടി മഞ്ജു വാരിയരുടെ പേരും ഉയർന്നു വന്നത്. 2014ല്‍ ഇന്നസെന്റിനെ ഇടതു സ്വതന്ത്രനാക്കി കളത്തിലിറക്കി മണ്ഡലം പിടിച്ച തന്ത്രത്തോടാണ് മഞ്ജുവിന്റെ സ്ഥാനാർഥിത്വം ഉപമിക്കപ്പെട്ടത്. മഞ്ജുവോ പാർട്ടി നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല എന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി.തോമസ്, സിഐടിയു നേതാവ് യു.പി.ജോസഫ് തുടങ്ങിയവരുടെ പേരുകളും പ്രചരിച്ചു. ചാലക്കുടിയിൽനിന്ന് രണ്ടുവട്ടം വിജയിച്ച മുൻ എംഎൽഎ ബി.ഡി.ദേവസിയുടെ പേരാണ് ഒടുവിൽ നടക്കുന്ന ചർച്ചകളിൽ പ്രധാനം.  

∙ വോട്ടുവിഹിതം വർധിപ്പിക്കുന്ന ബിജെപി

ചാലക്കുടി മണ്ഡലത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വോട്ടുവിഹിതം വർധിപ്പിക്കുന്നു എന്നു കാണാം. 2009ലെ ‘ആദ്യ’ തിരഞ്ഞെടുപ്പില്‍ കെ.വി.സാബുവിന് നേടാനായത് 45,367 വോട്ടുകൾ – വോട്ടുവിഹിതം 4.22%. 2014ൽ മത്സരിച്ച ബി.ഗോപാലകൃഷ്ണൻ ബിജെപിക്ക് ലഭിച്ച വോട്ടു വിഹിതം ആ തിരഞ്ഞെടുപ്പിൽ ഇരട്ടിയാക്കി. 92,828 വോട്ടുകൾ. വോട്ടു ശതമാനം 8.07. ചാലക്കുടി മണ്ഡലത്തിൽ ബിജെപിയുടെ വോട്ടു വിഹിതത്തിൽ വലിയ വർധനവുണ്ടായ തിരഞ്ഞെടുപ്പാണ് 2019ലേത്.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയ എ.എൻ.രാധാകൃഷ്ണൻ നേടിയത് 1,54,159 വോട്ടുകൾ. വോട്ടു വിഹിതവും ഏകദേശം ഇരട്ടിയായി – 15.56%. ശബരിമല യുവതീ പ്രവേശനവുമായി നടന്ന പ്രചാരണങ്ങൾ മണ്ഡലത്തിൽ രാധാകൃഷ്ണന്റെ വോട്ടുവിഹിതം വർധിപ്പിച്ചതിൽ പങ്കു വഹിച്ചിട്ടുണ്ട് എന്ന് പാർട്ടി നേതാക്കൾ സമ്മതിക്കുന്നു. ചാലക്കുടിയിലേക്ക് പരിഗണിക്കുന്നവരിൽ ഇത്തവണയും രാധാകൃഷ്ണന്റെ പേര് മുൻപന്തിയിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ നടക്കുന്ന ചർച്ചകൾ മറ്റൊരു തരത്തിലാണ്.

ഈ സീറ്റ് ബിഡിജെഎസിന് വിട്ടു നൽകുന്നത് സംബന്ധിച്ച അന്തിമ ചർച്ച ഉടൻ നടക്കും. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. തൃശൂരിൽ സുരേഷ് ഗോപി മത്സരത്തിനിറങ്ങിയാൽ ചാലക്കുടിയിൽ ഒരു ക്രൈസ്തവ സ്ഥാനാര്‍‍ഥി എന്നതിലേക്ക് പാർട്ടി തിരിയുമോ എന്നതാണ് ഇതിന്റെ അടിസ്ഥാനം. അങ്ങനെയെങ്കിൽ അനിൽ ആന്റണി മത്സരിക്കും. അതല്ലെങ്കിൽ സീറ്റ് ബിഡിജെഎസിന് നൽകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

English Summary:

General Elections 2024: Chalakudy Lok Sabha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com