ADVERTISEMENT

വടകര∙ കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സിപിഎം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.  ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ സാധിക്കും’’ – മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. ‘‘വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. സ്വന്തം രക്ഷയ്ക്കായി സമരം ചെയ്യുന്നവരെ കേസിൽ പ്രതികളാക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ രീതിയിലാണ് സർക്കാർ പെരുമാറുന്നതെങ്കിൽ അതിശക്തമായ സമരം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. നാട്ടിലിറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണം. എല്ലാവർക്കും മൃഗങ്ങളോട് സ്നേഹമുണ്ട്. പക്ഷേ, എല്ലാം മൃഗങ്ങൾക്കു വിട്ടുകൊടുക്കാനാകില്ല. കൃഷിക്കാർക്കു സംരക്ഷണം വേണം. സർക്കാർ കൃഷിക്കാരെയാണ് സംരക്ഷിക്കേണ്ടത്. കാട്ടുമൃഗങ്ങൾ നാട്ടിൽ വന്നാൽ സന്ദർഭമനുസരിച്ച് കൈകാര്യം ചെയ്യണം. മൃഗങ്ങൾക്കു സംരക്ഷണം, ജനങ്ങൾക്ക് രക്ഷയില്ലെന്ന് പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ജനവികാരം സർക്കാർ മനസ്സിലാക്കണം’’ – മുരളീധരൻ പറഞ്ഞു. 

വയനാട് എംപിയായ രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രി വി.മുരളീധരൻ വിമർശിച്ചതിനെയും കെ.മുരളീധരൻ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് അത്യാപത്ത് വരുമ്പോൾ ജനപ്രതിനിധി വരണ്ടേ? ഇന്ത്യ ഒട്ടാകെയുള്ള ഒരു യാത്രയിലാണ് അദ്ദേഹം. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി യാത്ര നിർത്തിവച്ചിട്ടാണ് നിയോജക മണ്ഡലത്തിലേക്ക് ഓടിയെത്തിയത്. അത് വി.മുരളീധരനു പറഞ്ഞാൽ മനസ്സിലാകില്ല. കാരണം അയാൾ പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലല്ലോ’’ – അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിനു വേണ്ടി രാഹുൽ ഗാന്ധി സംസാരിക്കുന്നില്ലെന്ന വിമർശനങ്ങളെയും അദ്ദേഹം എതിർത്തു. റെയിൽവേ വികസനം മുതൽ പല കാര്യങ്ങളും രാഹുൽ സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും വോട്ടു രാഷ്ട്രീയത്തിനുവേണ്ടി ബിജെപിയും കേരളത്തിലെ ബിജെപിയുടെ ബി ടീമും വൃത്തികെട്ട കളി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ കുറ്റപ്പെടുത്തിയ പ്രതിപക്ഷം സമരാഗ്നിക്കു വേണ്ടി ഹെലികോപ്റ്റർ യാത്ര നടത്തുന്നതിന കുറിച്ചുള്ള ചോദ്യത്തിനും മുരളീധരൻ പ്രതികരിച്ചു.  പ്രതിപക്ഷ നേതാവ് പാർട്ടി പണം ഉപയോഗിച്ചാണ് ഹെലികോപ്റ്റർ യാത്ര നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ പോലെ ജനങ്ങളുടെ പണം ഉപയോഗിച്ചല്ല യാത്രയെന്നുമായിരുന്നു മറുപടി. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുക പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തുകയാണെങ്കിൽ താൻ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com