ADVERTISEMENT

മുംബൈ∙ സമൂഹമാധ്യമത്തിൽ അശ്ലീലക്കുറിപ്പോടെ തന്റെ നൃത്തവിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസിനെ സമീപിച്ച് വനിതാ കൊറിയോഗ്രഫർ. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് ഇതു സംബന്ധിച്ച് പ്രതീക് ആര്യൻ എന്നയാൾക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്. തന്റെ അനുവാദമില്ലാതെയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതു നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പരാതിയിൽ ശ്രുതി പറയുന്നു. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒരു കോളജ് ഫെസ്റ്റിൽ ശ്രുതി പരിജ നൃത്തം ചെയ്യുന്ന വിഡിയോ പ്രതീക് ആര്യൻ ഈ മാസം 13നു സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ‘‘ഇന്ത്യൻ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികൾ‌ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണെന്നും എന്നാൽ ഇപ്പോൾ അത് ഒരു ‘കോത’ (വേശ്യാലയങ്ങൾക്ക് ഉപയോഗിക്കുന്ന പുരാതനപദം) ആയി മാറിയിരിക്കുന്നു.’’ എന്ന കുറിപ്പോടെയാണ് പ്രതീക് വിഡിയോ പങ്കുവച്ചത്. സാംസ്‌കാരിക പരിപാടികളുടെ പേരിൽ ഐറ്റം ഗാനങ്ങൾക്ക് ശരീരം അനക്കുകയാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം ഇന്ത്യയിലെ സാംസ്കാരിക വ്യവസ്ഥയും അപകടത്തിലാണെന്നും പ്രതീക് കൂട്ടിച്ചേർത്തു.

ഏകദേശം 25 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. ഇതിനു പിന്നാലെ വിഡിയോയ്ക്കു കമന്റുമായി ശ്രുതി രംഗത്തെത്തി. വിഡിയോ തന്റെ അനുവാദമില്ലാതെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഉടൻ നീക്കണമെന്നും അവർ കമന്റിൽ പറഞ്ഞു. ‘‘ഞാൻ‌ കോളജിലെ വിദ്യാർഥിയല്ല. ഫെസ്റ്റിന് വിധികർത്താവായി എത്തിയപ്പോൾ വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച നൃത്തം ചെയ്തതാണ്. കോളജുമായി ഒരു ബന്ധവുമില്ലാത്ത എന്ന അപകീർത്തിപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങളിൽ ശബ്ദിക്കാൻ താങ്കൾക്ക് അവകാശമുണ്ട്’’– ശ്രുതി കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യൻ സ്കൂളുകളുടെയും കോളജുകളുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചതെന്നും താങ്കളെക്കുറിച്ചു മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഇതിനു മറുപടിയായി പ്രതീക് ആര്യൻ പറഞ്ഞു. ശ്രുതിയും സൂഹൃത്തുക്കളും ചേർന്നു തന്നെ ഭീഷണിപ്പെടുത്തിയതായും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു പോസ്റ്റിൽ പ്രതീക് പറഞ്ഞു. ഇതോടെയാണു മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ശ്രുതി പരാതി നൽകിയത്. പരാതി സ്വീകരിച്ചെന്നും വിശദാംശങ്ങൾ അറിയിക്കാനും മുംബൈ പൊലീസ് മറുപടി നൽകി.

English Summary:

Mumbai Woman Flags X User's "Brothel" Remark On Her Video, Cops Respond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com