ADVERTISEMENT

ബെംഗളൂരു∙ ആർ.വി.റോഡ്–ബൊമ്മസന്ദ്ര പാതയിലെ ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഏപ്രിലിൽ ആരംഭിക്കുമെന്ന് ബിഎംആർസി അറിയിച്ചു. ഇലക്ട്രോണിക്‌ സിറ്റിയെ ബന്ധിപ്പിക്കുന്ന പാത ജൂലൈയിൽ സർവീസ് തുടങ്ങാനാണു ലക്ഷ്യമിടുന്നത്.

പാതയിൽ ഓടിക്കുന്നതിനായി ചൈനയിൽനിന്നും ഹെബ്ബഗോഡി ഡിപ്പോയിലെത്തിച്ച 2 ഡ്രൈവറില്ലാ ട്രെയിനുകൾ പരീക്ഷണ ഓട്ടത്തിനായി സജ്ജീകരിച്ചു വരികയാണ്. അടുത്ത ആഴ്ചയോടെ പരീക്ഷണത്തിനു നേതൃത്വം നൽകാൻ ചൈനീസ് സാങ്കേതിക വിദഗ്ധരുടെ സംഘവും എത്തും. 4 മാസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷണത്തിനു ശേഷമാകും പാതയിൽ സർവീസ് ആരംഭിക്കുക. 

അതിനിടെ പാതയിലേക്കുള്ള കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകളുടെ വിതരണം 2 മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റാഗ്ര റെയിൽ സിസ്റ്റംസ് കമ്പനി അറിയിച്ചു. 60 ദിവസത്തിനുള്ളിൽ 6 കോച്ചുകൾ വീതമുള്ള 2 ട്രെയിനുകൾ വിതരണത്തിനു തയാറാകുമെന്നു കമ്പനി പ്രതിനിധികൾ അറിയിച്ചു. തുടർന്നുള്ള മാസങ്ങളിൽ 2 ട്രെയിനുകൾ വീതം നൽകും. 8 ട്രെയിനുകളാണ് പാതയിൽ സർവീസ് ആരംഭിക്കുന്നതിനു ബിഎംആർസിക്ക് വേണ്ടത്. 19.5 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്.

തിരക്കിൽ വലഞ്ഞ് യാത്രക്കാർ

നമ്മ മെട്രോ ബയ്യപ്പനഹള്ളി, ഗരുഡാചർപാളയ സ്റ്റേഷനുകൾക്കിടയിലെ സാങ്കേതിക തകരാർ ട്രെയിനുകളുടെ വേഗം കുറച്ചതോടെ പർപ്പിൾ ലൈനിലെ സ്റ്റേഷനുകളിൽ തിരക്കിൽ വലഞ്ഞ് യാത്രക്കാർ

ഇന്റർചേഞ്ചിങ് സ്റ്റേഷനായ മജസ്റ്റിക്കിൽ ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 9.20നാണു പ്രശ്നം ആരംഭിച്ചത്. 

30 മിനിറ്റോളം മെട്രോ സർവീസുകൾ താളം തെറ്റാൻ ഇതു കാരണമായി. തിരക്ക് നിയന്ത്രിക്കാൻ ബയ്യപ്പനഹള്ളിക്കും മജസ്റ്റിക്കിനും ഇടയിൽ 3 ഹ്രസ്വ ദൂര ട്രെയിനുകൾ സർവീസ് നടത്തിയതായി ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു.

എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ സർവീസ് നിർത്തിവയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന നടത്തി ശാശ്വത പരിഹാരം കാണണമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

ഫീഡർ ബസിന് ക്യുആർ കോഡ്

മെട്രോ ഫീഡർ സർവീസുകളുടെ തത്സമയ റൂട്ട് കണ്ടെത്താൻ ക്യുആർ കോഡ് സംവിധാനവുമായി ബിഎംടിസി. ഇതിനായി നമ്മ മെട്രോ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യാനാകുന്ന ക്യുആർ കോ‍ഡുകൾ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. 

ഇതിലൂടെ ബസുകൾ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമയവും തത്സമയ റൂട്ടും ഉൾപ്പെടെ യാത്രക്കാർക്കു അറിയാനാകും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബിഎംടിസി എം.ഡി. ആർ.രാമചന്ദ്രൻ പറഞ്ഞു. 43 മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബിഎംടിസിയുടെ ഫീഡർ സർവീസിനെ പ്രതിദിനം ഒരു ലക്ഷം പേർ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. മാർച്ചോടെ 120 ഇലക്ട്രിക് ബസുകൾ കൂടി മെട്രോ ഫീഡർ സർവീസിന്റെ ഭാഗമാകും. ഇതിനുള്ള കരാർ നടപടികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാത്രികാലങ്ങളിൽ ഫീഡർ സർവീസുകൾ മതിയായ യാത്രക്കാരില്ലാതെ സർവീസ് നടത്തുന്ന പശ്ചാത്തലത്തിൽ ബിഎംആർസി സാമ്പത്തിക സഹായം നൽകണമെന്ന് ബിഎംടിസി ആവശ്യപ്പെട്ടു.

English Summary:

BMRC announced that the trial run of the driverless train on the RV Road-Bommasandra route will begin in April.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com