കോടതി കടുപ്പിച്ചു: അശ്ലീല ചിത്രം പ്രചരിപ്പിച്ച ഹാക്കറുടെ വിവരം കേരള പൊലീസിന് കൈമാറി ഫെയ്‌സ്ബുക്; ഇന്ത്യയില്‍ ആദ്യം
Mail This Article
തിരുവനന്തപുരം ∙ സൈബര്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഫെയ്‌സ്ബുക് കൈമാറി. രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച ഫെയ്‌സ്ബുക്കിനെതിരെ നടപടിയെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിക്കാനിരിക്കേയാണു നടപടി. ഇന്ത്യയില്‍ ആദ്യമായാണു ഫെയ്‌സ്ബുക് അവരുടെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു കൈമാറുന്നതെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെ മറ്റൊരു കേസിൽ, ഫെയ്‌സ്ബുക് ഉടമകളായ മെറ്റയുടെ സഹകമ്പനിയായ വാട്സാപ്പിനെതിരായ കോടതി നടപടികള്‍ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഇക്കാര്യം വാട്സാപ്പിന്റെ അഭിഭാഷകൻ അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിനെ അറിയിച്ചു. ഇരു കേസുകളും എല്‍സ കാതറിന്‍ ജോര്‍ജാണു പരിഗണിച്ചത്.
മനഃശാസ്ത്രജ്ഞയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണമെന്ന സൈബര്‍ പൊലീസിന്റെ ആവശ്യം ആദ്യം മെറ്റ അംഗീകരിച്ചിരുന്നില്ല. കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് വിവരങ്ങള്‍ കൈമാറിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐപി മേൽവിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങള്‍ വാട്സാപ് നല്‍കാത്തതിനാല്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഉപഭോക്താവിന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്സാപ്.
ഇന്ത്യയിൽ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്സാപ്പിനെതിരെ വാറന്റ് പുറപ്പെടുവിക്കണം എന്നുമായിരുന്നു സൈബര്‍ പൊലീസിന്റെ ആവശ്യം. വാട്സാപ് മേധാവി നേരിട്ട് ഹാജരാകണമെന്ന കോടതിയുടെ ഉത്തരവും തുടര്‍ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്ത വിവരം വാട്സാപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.