ADVERTISEMENT

കൊച്ചി∙ അന്തരിച്ച പ്രഗത്ഭ നിയമജ്ഞൻ ഫാലി എസ്.നരിമാനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് കേരള ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും പ്രവർത്തിച്ചിട്ടുള്ള റിട്ട.ജസ്റ്റിസ് കെ.സുകുമാരൻ. 1990ലാണ് ജസ്റ്റിസ് സുകുമാരൻ കേരള ഹൈക്കോടതിയിൽനിന്നു മുംബൈ ഹൈക്കോടതിയിൽ എത്തുന്നത്. 1992ൽ അവിടെനിന്നു വിരമിച്ച ശേഷം സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. ഈ കാലത്തൊക്കെ ഫാലി എസ്.നരിമാനുമായി മികച്ച ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.

Read more: മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു...

എന്നോട് വലിയ സ്നേഹമുണ്ടായിരുന്നു. ഞാന്‍ ബോംബെ ഹൈക്കോടതിയിൽനിന്നു വിരമിക്കുന്ന ദിവസം അദ്ദേഹം എന്റെ ചേംബറിൽ വന്നു, എന്നിട്ടു പറഞ്ഞു, ‘‘ജസ്റ്റിസ് സുകുമാരൻ, ആദ്യമായിട്ടാണു ഞാൻ ഒരു ജ‍‍‍ഡ്ജിയുടെ ചേംബറിൽ പോകുന്നത്. ഞാൻ വന്നത് നിങ്ങളെ അഭിനന്ദിക്കാനാണ്. ബോംബെ ഹൈക്കോടതിയുടെ നിലവാരം കാത്തുസൂക്ഷിക്കാനുള്ള വിവേകം താങ്കൾ കാണിച്ചു. ബോംബെ ഹൈക്കോടതിയിലെ പ്രഗൽഭരായ ജ‍ഡ്ജിമാരുടെ നിരയിലേക്കു താങ്കളും ഉയർന്നു കഴിഞ്ഞു’’, വളരെ സന്തോഷമുള്ള കാര്യമാണ് അത്തരമൊരു കാര്യം കേൾക്കാൻ കഴിഞ്ഞത്. 

1990ലാണ് ഞാൻ ബോംബെ ഹൈക്കോടതിയിലേക്കു പോകുന്നത്. അന്ന് ഒരു ഭാഗ്യമുണ്ടായി. ബോംബെ പ്രവിശ്യയിലെ ഏറ്റവും പ്രധാന കേസുകൾ വരുന്നത് ചീഫ് ജസ്റ്റിസ് പി.‍ഡി.ദേശായിയുടെ ബെഞ്ചിലാണ്. 1947 വരെ യൂറോപ്യൻ ജ‍ഡ്ജിമാർ മാത്രമാണ് ഈ കോടതിയിൽ ഇരുന്നിരുന്നത്. കേരള ഹൈക്കോടതിയിൽനിന്നു എത്തിയപ്പോൾ എന്നോടുള്ള സ്നേഹം മൂലം ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ സഹജ‍ഡ്ജിയാക്കിയത് എന്നെയാണ്. അങ്ങനെയുള്ള അവസരത്തില്‍ നരിമാൻ ഒട്ടേറെ കേസുകളിൽ വാദിച്ചിട്ടുണ്ട്. 

ഞാനന്ന് അവിടെ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഇഷ്ടംപോലെ സമയം. കേസുകളുടെ എല്ലാ രേഖകളും പഠിച്ചിട്ടാണ് ഞാൻ കോടതിയിൽ ചെല്ലുക. അത് ചീഫ് ജസ്റ്റിസിന് ഒരു സഹായകവുമാവും. ഒരിക്കൽ ഒരു കേസിൽ രണ്ടായിരത്തോളം പേജുകൾ വരുന്ന ഒരു ഡോക്യുമെന്റ് നരിമാൻ വായിക്കുകയാണ്. ഒരിടത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു, നരിമാൻ താങ്കൾ ആ രേഖയെക്കുറിച്ച് എന്തു പറയുന്നു, അദ്ദേഹം പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു, ‘എന്നെക്കാൾ കൂടുതലായി അങ്ങേയ്ക്ക് ഇതറിയാം, ഞാൻ ഇനി വാദിക്കുന്നില്ല’, അദ്ദേഹത്തിന് അറിയാമായിരുന്നു അത്രത്തോളം മനസ്സിരുത്തി വായിച്ചാൽ മാത്രമേ അതറിയാൻ കഴിയുമായിരുന്നുള്ളൂ എന്ന്. 

‍ഞാൻ ഡൽഹിയിലേക്കു പോയപ്പോഴും അദ്ദേഹവുമായുള്ള ബന്ധം നിലനിന്നു. തനിക്കു പറ്റുന്ന ചെറിയ തെറ്റുകൾ പോലും തുറന്നു സമ്മതിക്കുന്നതിൽ അദ്ദേഹത്തിനു മടിയില്ലായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം. എന്റെ ഭാര്യ ജസ്റ്റിസ് ഉഷയ്ക്ക് മുമ്പാകെയും അദ്ദേഹം കേസുകൾ വാദിച്ചിട്ടുണ്ട്. ജസ്റ്റിസ് ഉഷയുടെ മുമ്പാകെ താൻ വാദിച്ചിട്ടുണ്ടെന്നും അവർ ഒരു മാതൃകാ ജഡ്ജിയാണെന്നുമാണ് ഞാൻ ബോംബെ ഹൈക്കോടതിയിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്. അതെന്നോടു പറയേണ്ട കാര്യമൊന്നുമില്ല, എങ്കിലും അതു പറഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. 

Readmore: കേരളത്തിനും പ്രിയപ്പെട്ട നരിമാൻ; പല കേസുകളും ഇപ്പോഴും പാഠപുസ്തകമാക്കുന്നു...

കെ.ആർ.നാരായണനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതു ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി വന്നപ്പോഴുള്ള ഒരു സന്ദർഭമാണു മറ്റൊന്ന് ‍ഞാന്‍ ഓർക്കുന്നത്. സോളി സൊറാബ്ജിയും നരിമാനുമൊക്കെയാണ് നാരായണന്റെ കേസ് വാദിക്കുന്നത്. എങ്കിലും അദ്ദേഹം എന്നെ വിളിപ്പിച്ച് കേസുമായി ബന്ധപ്പെട്ട് എന്തോ കുറവ് ഉള്ളതു പോലെ തോന്നുന്നു എന്നു പറഞ്ഞു. ഞാൻ പിന്നീട് കേസ് വിശദമായി പഠിച്ച് അദ്ദേഹത്തിന് എന്റെ അഭിപ്രായം രേഖാമൂലം നൽകി. ആ കേസ് ജയിച്ചു കഴിഞ്ഞപ്പോൾ സൊറാബ്ജിയും നരിമാനും മന്ത്രിയായിരുന്ന എസ്.ജയ്പാൽ റെഡ്ഡിയും മറ്റു ചില സുഹൃത്തുക്കളും ചേർന്നു രാഷ്ട്രപതി ഭവനിൽ ഒത്തുകൂടി സന്തോഷം പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com