ADVERTISEMENT

പാലാ∙ നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം ലിസിക്കുട്ടി മാത്യു നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. സിപിഎം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെയാണ് അധ്യക്ഷയെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പു വേണ്ടിവന്നത്. ഇതിന്റെ തുടർച്ചയായി കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി തോൽക്കുകയും ചെയ്തു.

സിപിഎം അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും ഷീബ ജിയോയുമാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. സ്ഥിരം സമിതിയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. ഇതിൽ മൂന്ന് ഇടതുമുന്നണി അംഗങ്ങളും ഒരു യുഡിഎഫ് അംഗവുമാണ് ഉള്ളത്. ഇതിൽ രണ്ട് സിപിഎം അംഗങ്ങൾ വിട്ടുനിന്നതോടെ ഇരു സ്ഥാനാർഥികൾക്കും ഓരോ വോട്ടു ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലിസിക്കുട്ടി മാത്യു വിജയിച്ചു.

പാലാ നഗരസഭയിൽ വലിയ വിവാദം സൃഷ്ടിച്ച എയർപോഡ് മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചയായാണ് ഇടത് അംഗത്തിന്റെ തോൽവി. എയർപോഡ് മോഷണക്കേസിൽ പരാതിക്കാരനാണ് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി. ഇതേ കേസിൽ ആരോപണവിധേയനായ സിപിഎം അംഗം ബിനു പുളിക്കക്കണ്ടം ഉൾപ്പെടെ രണ്ട് അംഗങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതും വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് അനിവാര്യമാക്കിയതും.

ഒക്ടോബർ നാലിലെ കൗൺസിൽ യോഗത്തിനിടെയാണു ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്ടപ്പെട്ടത്. പിന്നീടു ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ജനുവരി 24ന് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതോടെ പോരു മുറുകി. ഇതോടെ എയർപോഡ് എടുത്തയാളുടെ പേരു വെളിപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) അംഗങ്ങൾ ആവശ്യപ്പെട്ടു. ബിനു യാത്ര ചെയ്ത പ്രദേശങ്ങളിൽ തന്റെ എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നുണ്ടെന്നായിരുന്നു ജോസ് പറഞ്ഞത്.

കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണു നഗരസഭ ഭരിക്കുന്നത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിനു ലഭിച്ച നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തെ വരെ സമീപിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണു ബിനു ബിജെപിയിൽനിന്നു സിപിഎമ്മിൽ എത്തിയത്.

English Summary:

Lisikutty Mathew Clinches Health Standing Committee Chair Amidst Controversy in Pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com