വന്യമൃഗ ആക്രമണത്തിനെതിരെ പ്രതിഷേധം: വയനാട്ടിൽ 3 പേർ കൂടി അറസ്റ്റിൽ

Mail This Article
പുല്‍പ്പള്ളി ∙ വന്യമൃഗ ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട് 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം ഭഗവതിപറമ്പില്‍ വീട്ടില്‍ ബാബു (47), പാടിച്ചിറ മരക്കടവ് ഉറുമ്പില്‍കരോട്ട് വീട്ടില്‍ ഷെബിന്‍ തങ്കച്ചന്‍ (32), പാടിച്ചിറ മരക്കടവ് ഉറുമ്പില്‍ കരോട്ട് വീട്ടില്‍ ജിതിന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കു ജാമ്യം ലഭിച്ചു.
നിയമവിരുദ്ധമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി സ്വദേശി വാസു, കുറിച്ചിപ്പറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കരുതെന്ന് സിപിഎം ഉൾപ്പെടെ ആവശ്യപ്പെടുന്നതിനിടെയാണു നടപടി.