ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം വിട്ട് ആർഎംപിയെന്ന പാർട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത് 2012 മേയ് നാലിനാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ 12 പ്രതികൾ സമർപിച്ച അപ്പീൽ ഹൈക്കോടതി 19ന് തള്ളി. സിപിഎം വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ പത്താം പ്രതി കെ.കൃഷ്ണനെയും പാനൂർ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന 12–ാം പ്രതി ജ്യോതി ബാബുവിനെയും വിട്ടയച്ച വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയും മറ്റും വിട്ടയച്ചതിനെതിരെ അപ്പീൽ നൽകാനാണ് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎയുടെ തീരുമാനം.

Read also: ‘അച്ഛൻ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്’: മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ

കേസിലെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം ഒരു ഘട്ടത്തിൽ നിലച്ചതിനെക്കുറിച്ചും കെ.കെ.രമ സംസാരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ.ശൈലജ വന്നതുകൊണ്ട് ഒരു മാറ്റവുമുണ്ടാകില്ലെന്നും ശൈലജയെ തോൽപിച്ച് ഒതുക്കാനുള്ള സിപിഎം തന്ത്രമാണോ സ്ഥാനാർഥിത്വം എന്നു സംശയിക്കുന്നതായും രമ ‘മനോരമ ഓൺലൈനു’ നൽകിയ അഭിമുഖത്തിൽ പറയുന്നു.

∙ ടിപി കേസിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടോ?

കോൺഗ്രസ് അന്വേഷണത്തിൽ ആർജവം കാണിച്ചു. ശക്തമായ അന്വേഷണ സംഘത്തെ നിയമിച്ചു. വളരെ നല്ല രീതിയിൽ സർക്കാർ ഇടപെട്ടു. കൊലയാളികളെ അറസ്റ്റു ചെയ്യാൻ സാധിച്ചു. ഗൂഢാലോചനയിൽ കുറച്ചു പേരെ അറസ്റ്റു ചെയ്തശേഷം പിന്നീട് അന്വേഷണത്തിൽ ബ്രേക്ക് വന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അതെന്താണെന്ന് ഇപ്പോഴും അറിയില്ല. അന്വേഷണം മുന്നോട്ടുപോകാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം കിടന്നു. രമേശ് ചെന്നിത്തല അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. സർക്കാർ സ്പെഷൽ അന്വേഷണ സംഘത്തെ നിയമിച്ചു. സിബിഐ അന്വേഷണം തത്വത്തിൽ അംഗീകരിച്ചു. ശങ്കർ റെഡ്ഡിയായിരുന്നു അന്വേഷണ തലവൻ. കുറേ വിവരങ്ങൾ കിട്ടി എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീടറിഞ്ഞത് അന്വേഷണം നിലച്ചു എന്നാണ്. 

kk-rema-tp
ടി.പി.ചന്ദ്രശേഖരന്റെ പ്രതിമയ്ക്കു മുന്നിൽ കെ.കെ.രമ (ഫയൽ ചിത്രം)

പ്രതികളുടെ ഫോൺ കോൾ ഡീറ്റൈയിൽസ് പൊലീസ് എടുത്തിരുന്നു. പ്രതികൾ സിപിഎം നേതാക്കളെ വിളിച്ചിരുന്നെന്ന് പൊലീസ് മനസ്സിലാക്കി. പക്ഷേ അത് കോടതിയിൽ തെളിയിക്കണമെങ്കിൽ ടെലികോം കമ്പനികൾ രേഖകൾ തരണം. അപേക്ഷ കൊടുത്തിട്ടും അവർ തന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. സർക്കാർ ഇടപെട്ട് രേഖ വാങ്ങാത്തത് എന്താണെന്ന സംശയമുണ്ട്. ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ല. പി.മോഹനനെ അറസ്റ്റു ചെയ്തശേഷം ഉയർന്ന നേതാക്കളിലേക്ക് അന്വേഷണം പോയില്ല. എവിടെയോ തടസം വന്നു. അന്നത്തെ ഭരണാധികാരികളാണ് അതിന് ഉത്തരം പറയേണ്ടത്. കേന്ദ്രത്തിലും കോൺഗ്രസായിരുന്നു ഭരണത്തിൽ.

∙ കേസിൽ വന്‍സ്രാവുകൾ രക്ഷപ്പെട്ടെന്നും അന്വേഷണം ഒരു ഘട്ടത്തിൽ മുന്നോട്ടുപോയില്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്?

ഒരു കാര്യം വ്യക്തമാണ്, സിപിഎം നേതാക്കളിലേക്ക് എത്തുന്ന ഘട്ടമെത്തിയപ്പോൾ അന്വേഷണം നിലച്ചു.

(പ്രതിപ്പട്ടികയിലെ സ്ഥാനം ബ്രാക്കറ്റിൽ): എം.സി. അനൂപ് (1), കിർമാണി മനോജ് (2), കൊടി സുനി (3), ടി.കെ.രജീഷ് (4), കെ.കെ.മുഹമ്മദ് ഷാഫി (5), എസ്. സിജിത്ത് (6), കെ.ഷിനോജ് (7), കെ.സി. രാമചന്ദ്രൻ (8), ട്രൗസർ മനോജൻ (11), കെ.കെ. കൃഷ്ണൻ (10), ജ്യോതി ബാബു (12), വാഴപ്പടച്ചി റഫീഖ് (18), ലംബു പ്രദീപൻ (31), പി.കെ.കുഞ്ഞനന്തൻ (13) - ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു
(പ്രതിപ്പട്ടികയിലെ സ്ഥാനം ബ്രാക്കറ്റിൽ): എം.സി. അനൂപ് (1), കിർമാണി മനോജ് (2), കൊടി സുനി (3), ടി.കെ.രജീഷ് (4), കെ.കെ.മുഹമ്മദ് ഷാഫി (5), എസ്. സിജിത്ത് (6), കെ.ഷിനോജ് (7), കെ.സി. രാമചന്ദ്രൻ (8), ട്രൗസർ മനോജൻ (11), കെ.കെ. കൃഷ്ണൻ (10), ജ്യോതി ബാബു (12), വാഴപ്പടച്ചി റഫീഖ് (18), ലംബു പ്രദീപൻ (31), പി.കെ.കുഞ്ഞനന്തൻ (13) - ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു

∙ ടിപി വധത്തിനു പിന്നിൽ ഒരു മാസ്റ്റർ ബ്രെയിൻ ഉണ്ടെന്നു തോന്നാൻ കാരണമെന്താണ്?

നിരവധി കാരണങ്ങളുണ്ട്. കേസിൽ വിചാരണക്കോടതി ശിക്ഷിച്ചത് രണ്ടു ജില്ലകളിലെ ആളുകളെയാണ്. കൊലയാളി സംഘം കണ്ണൂർ ജില്ലയിൽനിന്നാണ്. കണ്ണൂർ ജില്ലയിലുള്ള സംഘത്തിന് ചന്ദ്രശേഖരനുമായി വ്യക്തി വിരോധമില്ല. വ്യക്തിവിരോധമല്ല, രാഷ്ട്രീയവിരോധമാണ് സംഭവത്തിനു പിന്നിലെന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ ആളുകൾ എങ്ങനെ കൊലപാതകത്തിൽ പങ്കാളിയായി? ഏരിയ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച കുഞ്ഞനന്തൻ പിണറായിയുടെ വലംകയ്യായിരുന്നു.

vs-achuthanandan-and-kk-rema
കെ.കെ.രമയെ ആശ്വസിപ്പിക്കുന്ന വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

നേതാക്കളുടെ അടുപ്പക്കാരനാണ്. അങ്ങനെയൊരാൾ ഗൂഢാലോചനയിൽ പങ്കാളിയായെങ്കിൽ മുകളിൽനിന്ന് പറയാതെ നടക്കില്ല. മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കൃഷ്ണനും ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബുവും ശിക്ഷിക്കപ്പെട്ടു. വലിയ ഗൂഢാലോചന നടന്നിരുന്നു എന്നതിനു തെളിവാണത്. ഗൂഢാലോചനയുണ്ടെന്നു കോടതി വിധിയിലും പറഞ്ഞിട്ടുണ്ട്.

∙ വധത്തിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണോ? അതോ മറ്റ് നേതാക്കളും ഉണ്ടോ?

പിണറായി മാത്രമല്ല, മറ്റു നേതാക്കളും ഉണ്ടാകാം. പി.ജയരാജനും പങ്കുണ്ട്. പി.ജയരാജനിലേക്ക് അന്വേഷണം എത്തിയിരുന്നു. കണ്ണൂരിലെ വാഹനമാണ് കൊലയാളികൾ ഉപയോഗിച്ചത്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. കണ്ണൂരിലെ നേതാക്കൾ അറിയാതെ അതു നടക്കുമോ? കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ സാങ്കേതിക കാരണങ്ങളാലാണ് കോടതി കുറ്റവിമുക്തനാക്കിയത്. മോഹനൻ ഈ കേസിൽ നേരിട്ട് ഇടപെട്ട ആളാണ്. കുഞ്ഞനന്തൻ മോഹനനെ വിളിച്ച സിം നശിപ്പിക്കപ്പെട്ടു. കള്ള സാക്ഷികളെയാണ് വാദിഭാഗം ഹാജരാക്കിയതെങ്കിൽ പ്രഗൽഭരായ വക്കീലൻമാരെ കൊണ്ടുവന്നിട്ടും കേസ് തോറ്റതെങ്ങനെയാണ്.

∙ പിണറായിയുടെ പങ്ക് സംശയിക്കാൻ കാരണമെന്താണ്?

ചന്ദ്രശേഖരന്റെ മൃതദേഹം വീട്ടിലെത്തിച്ചിട്ടില്ല. വികൃതമായി വെട്ടിനുറുക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ തുന്നിക്കെട്ടുമ്പോഴാണ് ആഹ്ലാദചിത്തനായി പിണറായി വാർത്താ സമ്മേളനം നടത്തിയത്. വിജയശ്രീലാളിതനായി സംസാരിക്കുന്നതു പോലെയായിരുന്നു മുഖഭാവം. കുലംകുത്തി കുലംകുത്തി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനില്ലാത്ത ആളെക്കുറിച്ചാണ് ആ പറഞ്ഞത്.

പിണറായി വിജയൻ (ചിത്രം: മനോരമ)
പിണറായി വിജയൻ (ചിത്രം: മനോരമ)

ചിരിച്ചുകൊണ്ടാണ് മാധ്യമങ്ങളോട് പിണറായി മറുപടി പറഞ്ഞത്. എത്ര വലിയ ശത്രുവായാലും മരിച്ചാൽ ആരും എതിരു പറയില്ല. പക്ഷേ, പിണറായി പറഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇവരെല്ലാം ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിൽ സന്തോഷിക്കുന്നു, അവർക്ക് അതിൽ പങ്കുണ്ട് എന്നാണ്. ആ സത്യം തെളിയിക്കാനാണ് ഞാൻ കോടതികൾ കയറുന്നത്. 

∙ വധഭീഷണിയുണ്ടെന്ന് ടി.പി.ചന്ദ്രശേഖരൻ വീട്ടിൽ പറഞ്ഞിട്ടുണ്ടോ?

പലവട്ടം പറഞ്ഞിട്ടുണ്ട്. പൊലീസ് സംരക്ഷണം നൽകാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, സിപിഎം ഒരാളെ കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ എവിടെവച്ചായാലും അവർ നടത്തുമെന്നാണ്. വധിക്കപ്പെടുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. നേതാക്കളുടെ പേരുകളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം കോടതിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്.

ടി.പി.ചന്ദ്രശേഖരന്റെ ചിത്രത്തിനരികെ കെ.കെ.രമ
ടി.പി.ചന്ദ്രശേഖരന്റെ ചിത്രത്തിനരികെ കെ.കെ.രമ

∙ കെ.കെ.രമയ്ക്ക് ഇപ്പോഴും വധഭീഷണി സന്ദേശം വരുന്നുണ്ടോ?

അതൊക്കെ മുറ പോലെ ഇപ്പോഴും വരുന്നു. കഴിഞ്ഞ മാസവും വന്നിരുന്നു.

∙ എംഎൽഎ ആയശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിട്ടുണ്ടോ?

ഇല്ല, ഇതുവരെ സംസാരിച്ചിട്ടില്ല. 

∙ മറ്റു സിപിഎം നേതാക്കളുമായി സൗഹൃദമുണ്ടോ?

ഉണ്ട്. മറ്റാർക്കും പ്രശ്നങ്ങളില്ല. മന്ത്രിമാരെല്ലാം നല്ല സഹകരണമാണ്. പിണറായി വിജയനോട് സംസാരിച്ചാൽ എന്നോട് നല്ല സമീപനമായിരിക്കാം. ജനപ്രതിനിധിയായതിനാൽ നല്ല സമീപനം ഉണ്ടാകാം. മണ്ഡലത്തിൽ ഒരു വിഷയം ഉണ്ടായാൽ എനിക്ക് അദ്ദേഹത്തെ സമീപിക്കേണ്ടി വരാം. അങ്ങനെ വന്നാൽ ഞാൻ കാണാൻ പോകുന്നത് പിണറായി വിജയനെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. 

∙ എക്സാലോജിക് വിവാദത്തെക്കുറിച്ച്?

ഒരു സേവനവും നൽകാതെയാണ് പിണറായി വിജയന്റെ മകൾക്ക് കോടികൾ കിട്ടിയത്. ഒരു സേവനവും നൽകാതെ എങ്ങനെയാണ് സിഎംആർഎൽ എല്ലാ മാസവും പണം നൽകിയത്. വേറെ ആരെങ്കിലും കമ്പനി തുടങ്ങിയാൽ മാസപ്പടി കിട്ടുമോ? പിണറായി വിജയന്റെ അധികാരം ഉപയോഗിച്ച്, കരിമണൽ കടത്താൻ സിഎംആർഎലിന് അധികാരം നൽകുകയായിരുന്നു. മാസപ്പടി വിവാദം വരുന്നതിനു മുൻപു തന്നെ 2021ൽ കരിമണൽ ഖനന വിഷയം നിയമസഭയിൽ ഞാൻ ഉന്നയിച്ചിരുന്നു.

∙ വടകര ലോക്സഭാ മണ്ഡലത്തിൽ മുൻ മന്ത്രി കെ.കെ.ശൈലജയെയാണ് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്നത്?

വടകരയിൽ ഒരു മാറ്റവും ഉണ്ടാകില്ല. കഴിഞ്ഞ മൂന്നു തവണ സിപിഎം വടകരയിൽ പരാജയപ്പെട്ടതാണ്. യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍. കെ.കെ.ശൈലജ വന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും മണ്ഡലത്തിൽ ഉണ്ടാകില്ല. സാധാരണ സ്ഥാനാർഥിക്ക് അപ്പുറത്തേക്ക് ഒരു പ്രത്യേകതയും ശൈലജയ്ക്ക് ഇല്ല. ശൈലജ സിപിഎം നയങ്ങളുടെ വക്താവാണ്. പി.ജയരാജനും ശക്തനായ സ്ഥാനാർഥിയായിരുന്നു. പക്ഷേ, വടകരയിൽ പരാജയപ്പെട്ടു.

kk-rema-old
കെ.കെ.രമ (ഫയൽ ചിത്രം)

പി.സതീദേവിയും എ.എൻ.ഷംസീറും പരാജയപ്പെട്ടു. സ്ഥാനാർഥി മാറിയതുകൊണ്ട് പ്രത്യേകിച്ച് മാറ്റം വടകരയിൽ ഉണ്ടാകില്ല. ടിപി വധവും സർക്കാരിനെതിരായ വികാരവും മണ്ഡലത്തിൽ പ്രതിഫലിക്കും. ടീച്ചറെ തോൽപിച്ച് ഒതുക്കാനായി പാർട്ടി എടുത്ത തന്ത്രമാണോ സ്ഥാനാർഥിത്വം എന്നു സംശയമുണ്ട്.

English Summary:

KK Rema opens up against CPM leaders in TP Chandrasekharan murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com