ADVERTISEMENT

ഗുവാഹത്തി∙ മണിപ്പുരിൽ കലാപത്തിന് വഴിമരുന്നിട്ട ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചുള്ള മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയാണു കഴിഞ്ഞ വർഷം മേയ് ആദ്യവാരം കലാപം തുടങ്ങിയത്. ഈ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്.‌‌

Read also: എടവണ്ണപ്പാറയില്‍ 17കാരിയുടെ മരണം: മൃതദേഹം കിടന്നതിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി

കലാപത്തിൽ ഏകദേശം ഇരുന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇന്നത്തെ ഉത്തരവിൽ, ഗോത്ര വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു. പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണ് അതിന്റെ ചുമതലയെന്നുമാണു ഭരണഘടനാ ബെഞ്ച് അന്നു നിരീക്ഷിച്ചത്.

ഇതനുസരിച്ച് അന്നത്തെ ഹൈക്കോടതി ഉത്തരവിലുള്ള നിർദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ആണ് ഉത്തരവിട്ടത്. 2023 മാർച്ച് 27ന് മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പുർ ഹൈക്കോടതി വിധി ചോദ്യം ചെയ്തത്.

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണു സംസ്ഥാനത്തുടനീളം കലാപമായത്. മറുവശത്ത്, മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള പോരിനു സംസ്ഥാനം സാക്ഷിയായി.

മലനിരകളിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാണു ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്തെയ് കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്നാണു ഗോത്ര വിഭാഗങ്ങളുടെ ആശങ്ക.

English Summary:

Manipur High Court Modifies 2023 Order On Meiteis In Scheduled Tribe List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com