ADVERTISEMENT

എടവണ്ണപ്പാറ (മലപ്പുറം)∙ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ‌‌തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു.

അയൽവാസികളിൽ ചിലർ അടുത്തേക്കു ചെന്നപ്പോൾ മുഖംനൽകാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. 

സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കില‌ും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരിൽ ചിലരും പറയുന്നത്.

∙ പെണ്‍കുട്ടി നേരിട്ട പീഡനങ്ങളേക്കുറിച്ച് സഹോദരിമാർ പറഞ്ഞത്:

അവളെ ഇത്രയും പിടിച്ചുകുലുക്കിയ സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ 15–ാം തീയതിയാണ്. അന്ന് കരാട്ടെ പഠിപ്പിക്കുന്ന സാറിനെ കാണാൻ പോയപ്പോൾ അയാൾ അവളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം അവൾ വളരെ വിഷമത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇയാൾ അവളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അതു കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത്.

ഇവളെ മാത്രമല്ല, കരാട്ടെ പഠിക്കാൻ വന്നിരുന്ന എല്ലാ പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ പല ആഭാസങ്ങളും നടത്തിയിരുന്നതായി ഇവളിലൂടെയാണ് ഞാൻ അറിയുന്നത്. പിന്നീട് ഞങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ ഉള്ളതായി അറിഞ്ഞത്.

കരാട്ടെ ക്ലാസിൽ ചേരുന്ന സമയത്തുതന്നെ ഇയാൾ ചില കാര്യങ്ങൾ പറയും. ഞാൻ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും, നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിക്കും. നിങ്ങളുടെ നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാൻ കഴിയുക, നിങ്ങളെ പൂർണമായും ഗുരുവിനു സമർപ്പിക്കണമെന്നും ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങൾക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കും. എന്നിട്ട്, നിങ്ങൾ ഇനി ആരുടേതാണ് എന്ന് അയാൾ ചോദിക്കും. ‘മാഷിന്റേതാണ്’ എന്ന് കുട്ടികൾ ഒന്നടങ്കം പറയും. ഇയാളുടെ ക്ലാസിലുള്ള മുതിർന്ന കുട്ടികൾ ഇങ്ങനെ പറഞ്ഞാണ് പുതുതായി എത്തുന്ന കുട്ടികൾ കേൾക്കുന്നത്.  ഇത് ഒരു ഗ്രാമപ്രദേശമാണ്. മാത്രമല്ല, അവിടെ ചേരുന്നതെല്ലാം ചെറിയ കുട്ടികളുമാണ്. ഇവൾ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കരാട്ടെയ്ക്കു ചേരുന്നത്. 

താൻ നല്ലൊരു വ്യക്തിയാണെന്നും ചെയ്യുന്ന കാര്യങ്ങളെല്ലാം വിദ്യാർഥികളുടെ ഗുണത്തിനു വേണ്ടിയാണെന്നുമുള്ള ഒരു ഇമേജും ഇയാൾ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ദേഹത്ത് തൊടുമ്പോൾത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്സേഷൻ വർക് എന്നു പറഞ്ഞ് കയറിയിരിക്കുന്നത് ശരീരവളർച്ചയെത്തിയ പെൺകുട്ടികളുടെ ദേഹത്താണ്. അവരുടെ മുൻഭാഗത്തും പിൻഭാഗത്തും ഇയാൾ കയറി കിടക്കാറുണ്ട്. തലോടാറുണ്ട്. ചുണ്ടുകളിൽ പരസ്യമായി ഉമ്മ വയ്ക്കാറുണ്ട്. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. തീർത്തും നിസഹായരായ ഒരു കൂട്ടം ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്.

English Summary:

Mysterious death of 17-year-old girl: Karate instructor arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com