ADVERTISEMENT

മോസ്കോ∙ ജയിലിൽ മരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ മ‍ൃതദേഹം കാണാൻ അനുവദിച്ചെന്ന് മാതാവ് ലുഡ്മില. വിഡിയോ സന്ദേശത്തിലാണു ലുഡ്മില ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി, തന്നെ മോർച്ചറിയിലേക്കു കൊണ്ടുപോയതായും മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടതായും ലുഡ്മില വ്യക്തമാക്കി.

എന്നാൽ നവൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായും അവർ വെളിപ്പെടുത്തി. ‘‘മൃതദേഹം വിട്ടുനൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ്’’ – ലുഡ്മില പറഞ്ഞു. നവൽനിയുടെ മ‍ൃതദേഹം വിട്ടുകിട്ടാനായി മാതാവ് ലുഡ്മില കോടതിയിൽ ഹർജി നൽകിയിരുന്നു. ആർട്ടിക് സിറ്റിയിലെ സാലേഖാഡിലെ കോടതിയിലാണു പരാതി നൽകിയത്. കോടതി മാർച്ച് 4ന് വാദം കേൾക്കും. അന്വേഷണം നടക്കുന്നതിനാൽ രണ്ടാഴ്ചയ്ക്കു ശേഷമേ മൃതദേഹം വിട്ടുകൊടുക്കാൻ കഴിയൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

‘‘രഹസ്യമായി സംസ്കാരം നടത്തിയില്ലെങ്കിൽ മകന്റെ മൃതദേഹത്തെ വികൃതമാക്കുമെന്നാണ് ഭീഷണി. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് സമയം നിങ്ങൾക്കൊപ്പമല്ല, മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ്’’ നവൽനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫെബ്രുവരി 16നായിരുന്നു നവൽനിയുടെ മരണം.

അതിശൈത്യമേഖലയായ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ നവൽനി മരിച്ചത്. പ്രഭാത നടത്തത്തിനു പിന്നാലെ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, കൊലപാതകമാണെന്നും പിന്നിൽ പുട്ടിൻ ആണെന്നുമാണു ഭാര്യ യൂലിയയും സഹപ്രവർത്തകരും ആരോപിച്ചത്.

നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാനായി ശനിയാഴ്ച സ്ഥലത്തെത്തി മാതാവ് ലുഡ്മില ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൃതദേഹം വിട്ടുനൽകണമെന്ന് ലുഡ്മില പുട്ടിനോടും അഭ്യർഥിച്ചിരുന്നു. ‘എന്റെ മകനെ മനുഷ്യനെപ്പോലെ സംസ്കരിക്കണം. അക്കാര്യത്തിൽ താങ്കൾക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ’– പുട്ടിനുള്ള സന്ദേശത്തിൽ ലുഡ്മില (69) പറഞ്ഞു

English Summary:

Navalny's mother says she has been shown his body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com