ADVERTISEMENT

കൊച്ചി ∙ പീഡനക്കേസിൽ അറസ്റ്റിലായ മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ സർക്കാരിന്റെയടക്കം മറുപടി തേടിയ കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇക്കഴിഞ്ഞ ജനുവരി 31ന് മനു പുത്തൻകുരിശ് പൊലീസിൽ കീഴടങ്ങിയിരുന്നു. ബലാത്സംഗം, ഐടി വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Read also: എടവണ്ണപ്പാറയില്‍ 17കാരിയുടെ മരണം: മൃതദേഹം കിടന്നതിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി

തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അറസ്റ്റിലായതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണ സംഘം നിരവധി തവണ ചോദ്യം ചെയ്തു. പ്രമേഹരോഗിയാണ്. ഇടതു കാലിൽ ശസ്ത്രക്രിയ ചെയ്ത് മെറ്റൽ റോഡ് ഇട്ടിരിക്കുന്ന ഭാഗത്ത് പഴുപ്പു വന്നിട്ടുണ്ട്. ഇത് എത്രയും വേഗം ചികിത്സിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു മനുവിനെതിരായ പരാതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തിയത്. കഴിഞ്ഞ നവംബർ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

2018ൽ റജിസ്റ്റർ ചെയ്ത പീഡന പരാതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് യുവതി പൊലീസിനെ സമീപിക്കുകയും ഇവരുടെ നിർദേശ തുടർന്ന് സർക്കാർ അഭിഭാഷകനായ മനുവിനെ സമീപിക്കുകയുമായിരുന്നു. 2023 സെപ്റ്റംബർ ഒമ്പതിന് ആയിരുന്നു ഇത്. അന്ന് പിതാവിനൊപ്പം ഓഫിസിലെത്തിയ യുവതിയെ ഇയാൾ കടന്നുപിടിച്ചിരുന്നു. കേസ് പിൻവലിക്കാൻ സഹായിക്കാമെന്നു പറഞ്ഞ് 11ന് യുവതിയെ വീണ്ടും വിളിച്ചുവരുത്തുകയും ഓഫിസിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. 2018ലെ കേസിൽ യുവതിയെയും പിതാവിനെയും പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് നഗ്നച്ചിത്രമെടുക്കുകയും യുവതിക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്തു. 24ന് യുവതിയുടെ വീട്ടിൽ‍ അതിക്രമിച്ചു കയറിയ പ്രതി അവിടെവച്ചും പീ‍ഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

എന്നാൽ പ്രതി നിരപരാധിയാണെന്നും കുറ്റകൃത്യം ചെയ്തിട്ടില്ല എന്നുമാണ് ജാമ്യ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പീ‍ഡനം നടന്നതായി പറയപ്പെടുന്നതിന്റെ ഒരു മാസം കഴിഞ്ഞാണ് പരാതി നൽകിയിരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നു. എന്നാൽ കേസെടുത്തതിനു പിന്നാലെ മനു യുവതിയുടെ ഫോണിൽ വിളിക്കുകയും മാതാവും സഹോദരനുമായി സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതിൽനിന്നു തന്നെ പ്രതി കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നു വ്യക്തമാണെന്ന് പ്രോസിക്യൂഷനും പറയുന്നു. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

English Summary:

PG Manu Approaches High Court Seeking Bail in Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com