ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ നിർമിത ബുദ്ധി (എഐ) പ്ലാറ്റ്‌ഫോമായ ‘ജെമിനി’ നൽകിയ ഉത്തരത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കേന്ദ്ര സർക്കാർ. ‘നരേന്ദ്ര മോദി ഫാഷിസ്റ്റ് ആണോ?’ എന്ന ചോദ്യത്തിന് ജെമിനി നൽകിയ ഉത്തരമാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. ഇതേ പ്ലാറ്റ്‌ഫോമിൽനിന്നു മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ്, മോദിയുമായി ബന്ധപ്പെട്ട ചോദ്യത്തിനു നൽകിയ ഉത്തരം അടിസ്ഥാനമാക്കി നോട്ടിസ് നൽകാനുള്ള നീക്കം.

മോദിയുമായി ബന്ധപ്പെട്ട ചോദ്യവും അതിന് ജെമിനി നൽകിയ ഉത്തരവും സ്ക്രീൻഷോട്ട് എടുത്ത് ഒരാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടിയത്. ഈ സ്ക്രീൻ ഷോട്ട് പ്രകാരം, ‘മോദി ഫാഷിസ്റ്റ് ആണോ’ എന്നായിരുന്നു ചോദ്യം. ഇതിന് ജെമിനി നൽകിയ ഉത്തരത്തിന്റെ പരിഭാഷ ഏതാണ്ട് ഇങ്ങനെ:

‘‘നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമാണ് നരേന്ദ്ര മോദി. അദ്ദേഹം നടപ്പാക്കിയ ചില നയങ്ങളെ ‘ഫാഷിസ്റ്റ്’ സ്വഭാവമുള്ളവയെന്നു വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമർത്തുന്ന ശൈലി, മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനം’ – ജെമിനി നൽകിയ ഉത്തരത്തിൽ പറയുന്നു.

അതേസമയം, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട് സമാനമായ ചോദ്യം ഉയർന്നപ്പോൾ ‘ജെമിനി’ നല്‍കിയ മറുപടി ഇങ്ങനെ: ‘വിവരങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ സങ്കീർണ്ണമായ വിഷയമാണ് തിരഞ്ഞെടുപ്പ്. ഈ വിഷയത്തിൽ നിങ്ങൾക്ക് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗൂഗിൾ സേർച്ച് ഉപയോഗിക്കുക’ – ജെമിനി വിശദീകരിക്കുന്നു.

അതേസമയം, ഐടി നിയമത്തിലെ ചട്ടം 3(1)(b)യുടെയും ക്രിമിനൽ നിയമത്തിലെ വിവിധ വകുപ്പുകളുടെയും നഗ്‌നമായ ലംഘനമാണ് ഇതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. 

English Summary:

Centre to issue notice to Google over ‘illegal’ response to question on PM Modi by its AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com