ADVERTISEMENT

സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളും ഏറെക്കുറെ തീരുമാനമായെങ്കിലും ചിത്രം പൂർണമായിട്ടില്ല. അതിലൊന്നാണ് വയനാട്. രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായി അവശേഷിക്കുന്നത്. രാഹുൽ തന്നെ മത്സരിക്കുമെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 20 സീറ്റുകളിലും ഇത്തവണ യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ ടി.സിദ്ദീഖ് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ?

രാഹുൽ ഗാന്ധി മത്സരിക്കണമെന്നതാണ് വയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അഭിപ്രായം. അതിന് കാരണം രാഹുൽ ഗാന്ധി വയനാട്ടിലെ ജനത്തെ സ്വന്തം കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്. ഏതു പ്രശ്നം പറഞ്ഞാലും കൃത്യതയോടെ പരിഹരിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

rahul-gandhi-7

∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇന്ത്യ സഖ്യത്തെ എങ്ങനെ ബാധിക്കും?

കേരളത്തിൽ ഇന്ത്യ സഖ്യമില്ല. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഇന്ത്യ സഖ്യമുള്ളത്. അതുകൊണ്ട് കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിൽ തർക്കങ്ങളില്ല. 

∙ കേരളത്തിൽ ഇന്ത്യാ സഖ്യം വേണ്ടേ?

കേരളത്തിൽ ഇന്ത്യാ സഖ്യം വേണം എന്ന ആവശ്യത്തിന് ആദ്യത്തെ തുരങ്കം വച്ചത് സിപിഎമ്മാണ്. സിപിഎം ഇന്ത്യാ സഖ്യത്തിനുള്ളിൽ വന്നില്ല. ഇന്ത്യയിൽ ബിജെപിയെ പ്രതിരോധിക്കുക എന്നതിനാണ് കോൺഗ്രസ് മുൻതൂക്കം നൽകുന്നത്. സിപിഎമ്മും പറയുന്നു ബിജെപിയെ പ്രതിരോധിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന്. പക്ഷേ ബിജെപിയെ പ്രതിരോധിക്കാനുള്ള സഖ്യത്തിനകത്ത് ഞങ്ങളുണ്ടാകില്ല. അതിനർഥം വളരെ വ്യക്തമാണ്. ബിജെപിയെ പ്രതിരോധിക്കുക എന്നതായിരുന്നു അവരുടെ മുഖ്യ അജൻഡയെങ്കിൽ അവർ ഇന്ത്യ സഖ്യത്തിലേക്ക് വരുമായിരുന്നു.  

രാഹുൽ ഗാന്ധി, ആനി രാജ (ഫയൽ ചിത്രം ∙ മനോരമ)
രാഹുൽ ഗാന്ധി, ആനി രാജ (ഫയൽ ചിത്രം ∙ മനോരമ)

∙ സിപിഐ ആനി രാജയെ ആണ് മത്സരിപ്പിക്കുന്നതെന്ന് കേൾക്കുന്നു

ഇടതുപക്ഷത്തെ സ്ഥാനാർഥി ആര് എന്നുള്ളത് ഞങ്ങളെ ആശങ്കപ്പെടുത്തുന്നില്ല. ഇന്ത്യാ രാജ്യത്തിന് വേണ്ടി പോരാട്ടം നടത്തുന്ന നിർഭയനായ പോരാളിയാണ് രാഹുൽ ഗാന്ധി.  ഇഡിയും സിബിഐയുമൊക്കെ ഉപയോഗിച്ച് എതിർക്കുന്നവരെ മോദി അടിച്ചമർത്തുകയാണ്. ഇന്ത്യാ രാജ്യത്ത് ഒരു തരി കനൽ പ്രതീക്ഷ ഈ മനുഷ്യൻ നടത്തുന്ന നിർഭയമായ പോരാട്ടമാണ്. വയനാട്ടിലെ ജനത്തിന് അദ്ദേഹത്തോട് വലിയ അഭിനിവേശമുണ്ട്. അതുകൊണ്ട് ഇടതുപക്ഷത്തെ സ്ഥാനാർഥി ആര് എന്നത് ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ആരായും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. 

∙ രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ല എന്ന് സിപിഎം ആരോപണമുണ്ട്. 

രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എംപിമാരിൽ ഒരാളാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി എംപി ഫണ്ട് ഉപയോഗിച്ചില്ല എന്നൊരു വാർത്ത വന്നു. അന്ന് എല്ലാ വിവരങ്ങളും ഞാൻ മാധ്യമങ്ങൾക്ക് നൽകിയതാണ്. വയനാട് മണ്ഡലം മൂന്ന് ജില്ലകളിലൂടെ പരന്ന് കിടക്കുകയാണ്. ഫണ്ട് വിനിയോഗത്തിൽ ഒരു എംപി ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തുകഴി‍ഞ്ഞു. ചില പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. ചില പ്രവർത്തികൾ പുരോഗമിക്കുന്നു. ചില പദ്ധതികൾ പൂർത്തിയായി. രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതി ഇന്ത്യാ രാജ്യത്ത് ഒരു എംപിയും ചെയ്യാത്തതാണ്. വിധവകളായ സ്ത്രീകളുടെ സ്വപ്നമാണ് ഒരു വീടെന്നുള്ളത്. ഈ പദ്ധതിയിൽ യഥേഷ്ടം വീടുകൾ നൽകുന്നു. നിരവധി വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. നിരവധി വീടുകളുടെ നിർമാണം നടക്കുകയാണ്. 

കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ 
കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എംപി സന്ദർശിക്കുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എംപി സന്ദർശിക്കുന്നു.

സർക്കാരിന്റെ ലൈഫ് പദ്ധതിയേക്കാൾ മികച്ചതായി രാഹുൽ ഗാന്ധിയുടെ സ്വന്തം പദ്ധതി മാറി. കോവിഡ് കാലത്ത് ഒത്തിരി കാര്യങ്ങൾ ചെയ്തു. ജെബി മേത്തർ ഉൾപ്പെടെയുള്ള രാജ്യസഭാ എംപിമാരുടെ ഫണ്ട് വരെ മണ്ഡലത്തിലേക്ക് കൊണ്ടുവന്നു. വിവിധ ആശുപത്രികളിലേക്ക് സാധന സാമഗ്രികൾ എത്തിച്ചു. വെള്ളപ്പൊക്ക സമയത്ത് കന്നുകലികൾക്കുൾപ്പെടെയുള്ള ഭക്ഷണം അദ്ദേഹം കൊണ്ടുവന്നു. കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു. ആശ, അങ്കൺവാടി ജീവിനക്കാർക്ക് വസ്ത്രം വിതരണം ചെയ്തു. വ്യക്തിപരമായും നിരവധി സഹായം ചെയ്തു. അങ്ങനെ ഒരു എംപിക്ക് എന്തെല്ലാം ചെയ്യാം സാധിക്കുമോ അതെല്ലാം ചെയ്തു. രാഹുൽ ഈ പാർലമെന്റ് മണ്ഡലത്തിനുവേണ്ടി  കഠിനാധ്വാനം ചെയ്തു. അദ്ദേഹം ചെയ്തതിന്റെ നന്ദി ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഇവിടുത്തെ ജനം പ്രകടിപ്പിക്കും.

സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ സ്വീകരണജാഥയിൽ 
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ 
എംഎൽഎ, യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ 
സമീപം.
സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ സ്വീകരണജാഥയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ എംഎൽഎ, യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.

∙ഇത്തവണ യുഡിഎഫിന് എത്ര സീറ്റ് കിട്ടും

ഇത്തവണ ഇരുപതിൽ ഇരുപത് സീറ്റും കിട്ടും. ട്വന്റി 20

muslim-league-congress-flags

∙മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റിനോട് പാർട്ടിയുടെ നിലപാട്

25ന് ചേരുന്ന യോഗത്തിനുശേഷം യുഡിഎഫിന്റെ 20 സ്ഥാനാർഥികളേയും പ്രഖ്യാപിക്കും. അതിന് മുമ്പ് എല്ലാ കാര്യങ്ങളും പറഞ്ഞു തീർക്കും. അതിനായുള്ള ചർച്ചകൾ നടക്കുകയാണ്. 

കേന്ദ്രത്തിൽ ഇന്ത്യ സഖ്യം അധികാരം വരുമോ

dilli-chalo-farmers-protest

വരും. കർഷക സമരം നടക്കുകയാണ്. കർഷക സമരത്തിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങൾ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ഭാഗങ്ങൾ. ഛത്തീസ്ഗഡ് എന്നിവയാണ്. സമരം ഇവിടെ വലിയ രീതിയിലുള്ള സ്വാധീനം ഉണ്ടാക്കുന്നുണ്ട്. നിതീഷ് കുമാർ കൂറുമാറിയതോടെ അവിടുത്തെ ജനം നിതീഷ് കുമാറിന് എതിരായി. ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം ഉൾപ്പെടെ ബിഹാറിൽ പൂർത്തിയായി. ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജനം ഏകദേശം പൂർത്തിയായി കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകളുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി. ഉത്തർപ്രദേശ് പോലുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. ബാക്കി ഒരു സംസ്ഥാനങ്ങളിലും അവർക്ക് ഉറപ്പില്ല. അതിന്റെ വ്യക്തമായ തെളിവായിരുന്നു നിർമാണം പൂർത്തിയാകാത്ത രാമക്ഷേത്രം പ്രതിഷ്ഠനടത്തിയത്. വോട്ടുപിടിക്കാൻ വേണ്ടി മാത്രമാണ് രാമക്ഷേത്ര പ്രതിഷ്ഠ തിടുക്കത്തിൽ നടത്തിയത്. 

∙ സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഉണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ

കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ജനവികാരമുണ്ട്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പകളെല്ലാം തെളിയിക്കുന്നത് അതാണ്. തൃക്കാക്കരയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി സംഘം തമ്പടിച്ചാണ് പ്രചാരണം നടത്തിയത്. ഊണ് മന്ത്രിമാർക്കും വോട്ട് യുഡിഎഫിനും എന്നാണ് ജനം സ്വീകരിച്ച നിലപാട്. പുതുപ്പള്ളിയിൽ 50 വർഷം ഉമ്മൻചാണ്ടി എന്തുചെയ്തുവെന്നാണ് എൽഡിഎഫ് ചോദിച്ചത്. മറുപടിയായി റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. അതായത് കേരളത്തിന്റെ പൊളിറ്റിക്കൽ ഗ്രാഫ് വളരെ കൃത്യമാണ്. അത് യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ടാണ് 20 സീറ്റും നേടുമെന്ന് പറഞ്ഞത്.      

‘ഒരു തരി കനൽ പ്രതീക്ഷ രാഹുൽ ഗാന്ധിയുടെ നിർഭയ പോരാട്ടം, ഇരുപതിൽ ഇരുപതും നേടും’ :ടി.സിദ്ദിഖ് - Interview-Latest News | Manorama Online :

Loksabha Election 2024 : UDF will win all 20 seats this time, T. Siddique assures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com