ഒഡീസിയസ് ചന്ദ്രനിൽ; യുഎസിൽ നിന്നുള്ള ലാൻഡർ ചന്ദ്രനെ തൊടുന്നത് അരനൂറ്റാണ്ടിന് ശേഷം

Mail This Article
വാഷിങ്ടൻ ∙ യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബട് ലാൻഡർ ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 4.53നാണ് ഒഡീസിയസ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനു സമീപം ലാൻഡർ ഇറങ്ങിയത്.
ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ തുടക്കത്തിൽ ദുർബലമായിരുന്നെന്ന് ഇൻട്യൂട്ടീവ് മെഷീൻസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ടിം ക്രെയ്ൻ പറഞ്ഞു. പിന്നീട് ലാൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഒഡീസിയസ് ഡേറ്റ അയയ്ക്കാൻ തുടങ്ങിയതായും ഇൻട്യൂട്ടീവ് മെഷീൻസ് പ്രസ്താവനയിൽ അറിയിച്ചു. ചാന്ദ്രപ്രതലത്തിൽ നിന്നുള്ള ആദ്യ ചിത്രം ഡൗൺലിങ്ക് ചെയ്യാനുള്ള ശ്രമത്തിലാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
അരനൂറ്റാണ്ടിന് ശേഷമാണ് യുഎസിൽ നിന്നുള്ള ഒരു ലാൻഡർ ചന്ദ്രനെ തൊടുന്നത്. കൃത്യമായി പറഞ്ഞാൽ 1972ന് ശേഷം ആദ്യമായി. 1972–ൽ അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ഒരു സ്വകാര്യ കമ്പനിയുടെ വിജയിച്ച ആദ്യ ലാൻഡർ ദൗത്യം കൂടിയാണ് ഇത്.
ഈ മാസം 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ലാൻഡ് ചെയ്തശേഷമുള്ള 7 ദിവസം ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, ഭാവിദൗത്യങ്ങൾക്കു സഹായകരമാംവിധം ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും. 4 യാത്രക്കാരുമായി ‘നാസ’ 2026 ൽ നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിമിസ് ചന്ദ്രയാത്രാ പദ്ധതിക്കു വേണ്ട വിവരങ്ങൾ ശേഖരിക്കാൻ മാത്രം 6 പേലോഡുകളുണ്ട്.
സ്വകാര്യമേഖലയിൽനിന്നുള്ള നാലാമത്തെ ലാൻഡർ ദൗത്യമാണ് ഒഡീസിയസ്. പരാജയപ്പെട്ട ആദ്യ 2 ദൗത്യങ്ങൾ ഇസ്രയേൽ, ജപ്പാൻ കമ്പനികളുടേതായിരുന്നു. കഴിഞ്ഞമാസം 8നു മറ്റൊരു യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ ‘പെരഗ്രിൻ’ ദൗത്യവും വിക്ഷേപണത്തിനുശേഷമുള്ള സാങ്കേതികപ്രശ്നങ്ങളാൽ പരാജയപ്പെട്ടു. നാസയുടെ ‘അപ്പോളോ 17’ (1972) ആണ് ഇതിനു മുൻപു ചന്ദ്രനിലെത്തിയ യുഎസ് ദൗത്യം.