സന്ദേശ്ഖാലി പ്രതിഷേധങ്ങളുടെ മറവിൽ പെൺവാണിഭം: ബിജെപി നേതാവ് അറസ്റ്റിൽ

Mail This Article
കൊൽക്കത്ത∙ ബംഗാളിലെ ഹൗറയിൽ പെൺവാണിഭം നടത്തി എന്ന ആരോപണത്തിൽ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റിൽ. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുചരൻമാരും സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബിജെപിയും തൃണമൂല്‍ കോൺഗ്രസും കൊമ്പുകോർക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ അറസ്റ്റ്. സബ്യസാചിയുടെ ഹൗറയിലെ ഹോട്ടലിൽ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. സ്ത്രീകളെയല്ല, കൂട്ടിക്കൊടുപ്പുകാരെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി എന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
‘‘ഹൗറയിൽ ബിജെപി നേതാവ് സബ്യസാചി തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ പ്രായപൂർത്തിയകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി പെൺവാണിഭം നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇതാണ് ബിജെപി. അവർ പെൺകുട്ടികളെ സംരക്ഷിക്കുന്നവരല്ല. കൂട്ടിക്കൊടുപ്പുകാരെ സംരക്ഷിക്കുന്നവരാണ്.’’– തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പറയുന്നു.
ബിജെപി വനിതാനേതാക്കളെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിനെതിരായ കേസ്. അതേസമയം സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ചൂലും മുളവടികളുമായി നിരവധി സ്ത്രീകളാണ് സമരമുഖത്തുള്ളത്. റേഷൻ കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനെത്തുടർന്ന് ഒന്നരമാസമായി ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖ് ബംഗ്ലദേശിലേക്ക് കടന്നുവെന്നാണ് സൂചന. പട്ടികജാതിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രദേശം സന്ദർശിച്ച ദേശീയ പട്ടികജാതി കമ്മിഷൻ രാഷ്ട്രപതിയോട് അഭ്യർഥിച്ചു.. ജില്ലാ പഞ്ചായത്ത് പരിഷത്ത് അംഗം കൂടിയായ ഷാജഹാൻ ഷെയ്ഖ് ആണ് ഇന്ത്യ-ബംഗ്ലദേശ് അതിർത്തിപ്രദേശമായ സന്ദേശ്ഖാലിയെ നിയന്ത്രിക്കുന്നത്.