ADVERTISEMENT

പത്തനംതിട്ട ∙ കടൽത്തീരത്തോടു ചേർന്നു കിടക്കുന്നതിനാൽ കേരളത്തിൽ പൊതുവെ ചൂട് കൂടുതലാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്തീക്ഷത്തിലെ ഈർപ്പത്തിന്റെ തോതായ ആർദ്രത അഥവാ ഹ്യൂമിഡിറ്റി കൂടുതലായതിനാൽ നന്നായി ഉഷ്ണിക്കുകയും ചെയ്യും. പാലക്കാട്ടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ മാപിനികളിൽ ഇതുവരെ പെടാത്ത പല സ്ഥലങ്ങളും ഈ രണ്ടു സ്ഥലത്തെക്കാൾ ചുട്ടുപൊള്ളുന്ന ഇടങ്ങളാണെന്നതാണ് പുറത്തു വരുന്ന പുതിയ സൂചനകൾ.

Read also: എന്തൊരു ചൂട്!; തൊട്ടാൽ പൊള്ളും കേരളം – ചിത്രങ്ങളിലൂടെ

സംസ്ഥാനത്ത് ഉഷ്ണം കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ആധിക്യം കണ്ടുപിടിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും ചേർന്നു പുതുതായി സ്ഥാപിച്ച നൂറോളം സ്വയം നിയന്ത്രിത ഓട്ടമാറ്റിക് ഉഷ്ണ മാപിനികളിൽനിന്നു ലഭിക്കുന്ന കണക്കനുസരിച്ച് പത്തനംതിട്ട പോലെ വനനിബിഡവും കോട്ടയം പോലെ കായലും തണ്ണീർത്തടങ്ങളും ഉള്ളതുമായ സ്ഥലങ്ങളിൽ പോലും ചൂട് 39 ഡിഗ്രി വരെ അനുഭവപ്പെടുന്നു.
കേരളം വടക്കു മുതൽ തെക്കു വരെ നീണ്ടു കിടക്കുന്ന 38000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വലിയൊരു നഗരമായി മാറിയെന്നതാണ് ചൂട് വർധിക്കാൻ പ്രധാന കാരണം. നഗരതാപ പ്രഭാവം അഥവാ അർബൻ ഹീറ്റ് അയലൻഡ് എന്ന പ്രതിഭാസം അനുഭവപ്പെടാത്ത സ്ഥലങ്ങൾ കേരളത്തിൽ ഇന്നു കുറവാണ്.

പടിഞ്ഞാറുനിന്നു വീശുന്ന കാറ്റ് അകത്തേക്കു കയറി പശ്ചിമഘട്ടത്തിന്റെ താഴെ വരെ എത്തുന്ന ഒരു തണുപ്പ് ഇടനാഴി ഒരുകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. കോട്ടയം പോലെയുള്ള നഗരങ്ങളിൽ ഇത് ഏറെ അനുഭവവേദ്യമായിരുന്നു എന്ന് മുതിർന്ന കാലാവസ്ഥാ നിരീക്ഷകരെല്ലാം പറയുന്നു.

Read also: ന്റെ മോനേ..., എജ്ജാതി തണുപ്പ്! മൈനസ് 52.3 ഡിഗ്രി; 64 വർഷത്തെ റെക്കോർഡ് തകർത്തു

എന്നാൽ ഇന്ന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ബഹുനില മന്ദിരങ്ങൾ ഉയർന്നു കഴിഞ്ഞതോടെ പലയിടത്തും ഈ കാറ്റ് തടസ്സപ്പെടുകയോ മുറിഞ്ഞുപോവുകയോ ചെയ്യുന്നു. തന്മൂലം രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലത്ത് കാറ്റ് കടക്കാതെ ഉഷ്ണവും ചൂടും താപവികിരണവും അവിടെത്തന്നെ കെട്ടിനിൽക്കുന്നു. േകരളത്തിലെ ഏതൊരു കോൺക്രീറ്റ് കെട്ടിടത്തിനുള്ളിലേക്കു കയറിയാലും നാടൻ ഭാഷയിൽ പറഞ്ഞാൽ കുളിർമയോ കുളിരോ കിട്ടുകയില്ല. പകരം ഒരു തരം പുഴുക്കലും അസ്വസ്ഥതയുമാണ് അനുഭവപ്പെടുക. പ്രകൃതിദത്തമായ വായുപ്രവാഹത്തെ വെട്ടിമുറിച്ച് മതിലും കെട്ടിടങ്ങളും കോൺക്രീറ്റും തീർത്ത് സ്വയം നിർമിത ചൂളയ്ക്കുള്ളിൽ പെട്ടുപോയ ഒരു ജനതയാണ് മലയാളി എന്നു പറഞ്ഞാൽ തെറ്റില്ല.

പണ്ട് നാലുകെട്ടും എട്ടുകെട്ടും ഓലപ്പുരയുമൊക്കെ കാറ്റിനും സൂര്യപ്രകാശത്തിനും അനുയോജ്യമായി നിർമിച്ചിരുന്നതിനാൽ അകത്തു കയറിയാൽ കുളിരുണ്ടായിരുന്നു. എന്നുവച്ച് വർധിച്ച ജനസംഖ്യയ്ക്ക് ആനുപാതികമായി വീടും കെട്ടിടവും വേണ്ടേ എന്നാണ് ചോദ്യമെങ്കിൽ സാരമില്ല, എസി പിടിപ്പിക്കുക, കൂടുതൽ വൈദ്യുതി ചാർജ് അടയ്ക്കുക എന്നാവും ഉത്തരം. ഇവിടെയും പ്രശ്നം കടന്നു വരുന്നു കേരളത്തിലെ റോഡുകളിലൂടെ കടന്നുപോകുന്ന ഒന്നരക്കോടിയോളം വാഹനങ്ങളിൽനിന്നു പുറന്തള്ളുന്ന കാർബൺ ഇന്ധന പുകയ്ക്കു പുറമെ എസിയിൽ നിന്നുള്ള പുറന്തള്ളലും നഗരാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ റോഡ് ശൃംഖലയുള്ള സ്ഥലവും കേരളമാണ്. ഇവയിൽ മിക്കതും ടാർ ചെയ്തിരിക്കുന്നതിനാൽ കറുത്ത പ്രതലത്തിൽ തട്ടുന്ന സൂര്യപ്രകാശം അന്തരീക്ഷത്തിലേക്കു തന്നെ തിരികെ പ്രതിഫലിക്കുന്നു. കോൺക്രീറ്റ്, മുറ്റത്തു പാകുന്ന ടൈലുകൾ, ഇരുമ്പു മേൽക്കൂരകൾ തുടങ്ങിയവയെല്ലാം സൂര്യനിൽ നിന്നു വരുന്ന താപവികിരണത്തെ തിരികെ അന്തരീക്ഷത്തിേലേക്ക് വിടുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

ഏകദേശം 30–32 ഡിഗ്രി സെൽഷ്യസ് വരെയാണ് മനുഷ്യനു സഹിക്കാനാവുന്ന പരമാവധി അന്തരീക്ഷ താപനില. ഇപ്പോൾ കേരളത്തിൽ പലയിടത്തും ഇത് 38–40 ഡിഗ്രി വരെ എത്തിയെന്നതാണ് യാഥാർഥ്യം.
പകലത്തെ കടുത്ത താപനില 18–20 ഡിഗ്രി വരെയായി താഴുന്നുണ്ടെങ്കിലും പുലർവേളകളിൽ പോലും ഉഷ്ണം പിൻവാങ്ങാതെ നിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Pic1
This image was generated using Midjourney


ഇവിടെ ചൂടിന്റെ കാരണം പസഫിക്കിലെ ചൂട്

അന്തരീക്ഷത്തിലെ കാലാവസ്ഥാ മാറ്റവും അതിന്റെ ഫലമായി ആഗോള തലത്തിൽ തന്നെ അനുഭവപ്പെടുന്ന ഉഷ്ണാവസ്ഥയുമാണ് ചൂടിന്റെ അടിസ്ഥാനകാരണം. എന്നാൽ സമുദ്ര ജല താപനിലയ്ക്കും കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിൽ ഒരു പങ്കുണ്ട്. സൂര്യതാപമായാലും മനുഷ്യൻ സൃഷ്ടിക്കുന്ന മലിനീകരണം ഉൾപ്പെടെയുള്ള താപങ്ങളായാലും ഇതിനെ എല്ലാം എല്ലാക്കാലത്തും വലിച്ചെടുത്ത് ഉള്ളിൽ സൂക്ഷിക്കുന്നത് ഭൗമവിസ്തൃതിയുടെ മൂന്നിൽ രണ്ടും വ്യാപിച്ചു കിടക്കുന്ന അതിവിശാലയമായ കടലാണ്.

തെക്കേ അമേരിക്കൻ തീരത്തോടു ചേർന്ന ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്ര താപനിലയും ഇന്ത്യയിലെ  കാലാവസ്ഥയും തമ്മിൽ നമുക്ക് നേരിട്ടു കാണാനാവാത്ത ആന്തരിക ബന്ധങ്ങളുണ്ട്. സമുദ്രജല പ്രവാഹങ്ങളിലൂടെ ഈ ചൂടിനെ ലോകമെങ്ങും വ്യാപിപ്പിച്ചാണ് സമുദ്രം സന്തുലനാവസ്ഥ നിലനിർത്തുന്നത്.

കഴിഞ്ഞ ഒരു വർഷമായി പസഫിക് സമുദ്ര താപനിലയിൽ കുറവ് ഉണ്ടാകുന്നതു മൂലമുള്ള ലാനിന എന്ന പ്രതിഭാസത്തിന്റെ പിടിയിലായിരുന്നു ലോക കാലാവസ്ഥാ ചക്രം എന്ന് പറയാം. എന്നാൽ പുതുവർഷം പിറന്നതോടെ ഇത് എൽനിനോ ആയി മാറി.  എൽനിനോ വന്നാൽ ഇന്ത്യൻ സമുദ്രങ്ങളിൽ ചൂടേറ്റം പ്രതീക്ഷിക്കാം. മഴയും കുറയും.  എന്നാൽ ലാനിന  പ്രതിഭാസത്തിലേക്ക് ലോക കാലാവസ്ഥ ഏതാനും മാസങ്ങൾക്കുള്ളിൽ മാറുന്നതോടെ അത്യുഷ്ണത്തിനു കുറവുണ്ടാവുമെന്നു മാത്രമല്ല, ജൂൺ മാസത്തിൽ ഇന്ത്യയിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കുന്നതിനും സഹായകമാകും.

ഇപ്പോൾ അനുഭവപ്പെടുന്ന സമുദ്രതാപനിലയുമായി ബന്ധപ്പെട്ട ചൂട് എല്ലാ വർഷവും ആവർത്തിക്കുന്ന ഒന്നല്ല, മൂന്നോ നാലോ വർഷത്തിനിടയിൽ ഒരിക്കൽ ശക്തമാകുന്ന എൽനിനോ പ്രഭാവത്തിന്റെ ഫലമാണ്. ഇനി 2027 ലോ 2028 ലോ ഇതുപോലെ റെക്കോഡ് തകർക്കുന്ന ചൂട് അനുഭവപ്പെട്ടേക്കാം. 1995 ലും 2016 ലും മറ്റും എൽ നിനോ ശക്തമായപ്പോൾ ഇന്ത്യയിൽ കടുത്ത ചൂടും വരൾച്ചയും അനുഭവപ്പെട്ടിരുന്നു.

ആഗോള താപനഫലമായി ചൂട് വർധിക്കുന്നതിനാൽ എൽനിനോയുടെയുടെയും എതിർ പ്രതിഭാസമായ ലാ നിനോയുടെയും പോലും താളം തെറ്റി അവ പ്രവചനാതീതമാകുന്ന സ്ഥിതിയായാണെന്ന് ഗവേഷകർ പറയുന്നു.

കാട്ടിലും വേണം തടയണ, ജലസംഭരണി

ചൂട് നാടിനെയെന്നപോലെ കാടിനെയും ബാധിക്കും. നാട്ടിൽ പുഴകളും കുളങ്ങളും കിണറുകളും ജലവിതരണ പൈപ്പുകളുമെല്ലാം ഉള്ളതിനാൽ വെള്ളമില്ലാതെ ദാഹിച്ചു വലയേണ്ട സ്ഥിതിയില്ല. എന്നാൽ കേരളത്തിലെ കാടുകളുടെ സ്വഭാവം തന്നെ മാറിയതോടെ പശ്ചിമഘട്ടത്തിലെ പല കാടുകളിലും വേനലിൽ വെള്ളം കിട്ടാക്കനിയാണ്. ഇതുമൂലം മൃഗങ്ങൾ വെള്ളം തേടി നാട്ടിലേക്ക് ഇറങ്ങേണ്ടി വരുന്നത് പലപ്പോഴും വന്യജീവി– മനുഷ്യ ഏറ്റുമുട്ടലിലേക്കു നയിക്കുന്നു. ഉൾക്കാട്ടിൽ തടയണകൾ നിർമിച്ച് മഴവെള്ളം സംഭരിച്ച് നിർത്തുന്നത് വന്യമൃഗങ്ങൾ കാടിറങ്ങാതെ നിൽക്കുന്നതിന് ഏറെ സഹായകമാണ്.

കടുത്ത വേനലിൽ കരിയിലകളും മറ്റും കൊഴിഞ്ഞു വീണ് കാട് ഉണങ്ങി നിൽക്കുകയാവും. കൊങ്കിണി പോലെയുള്ള അധിനിവേശ സസ്യങ്ങളും മറ്റും വേനലിൽ ഉണങ്ങി വിറകുകൊള്ളിപോലെ നിൽക്കും. ചെറിയൊരു തീപ്പൊരി മതി കാടു മുഴുവൻ കത്തിത്തീരാൻ. കാട്ടുതീ വനത്തിലെ ജൈവസമ്പത്തിനു വരുത്തിവയ്ക്കുന്ന നാശം ചെറുതല്ല.

Pic2
This image was generated using Midjourney

ചൂടും ചൂടൻ മാനസികാവസ്ഥയും

ചൂടാവുക എന്നതിന് പല അർഥങ്ങളുണ്ട്. ദേഷ്യപ്പെടുന്ന ആളുകളോട് നമ്മൾ പറയാറുണ്ട്: ‘ചൂടാകല്ലേ, പ്രശ്നം പരിഹരിക്കാം’. ആശ്വാസ വാക്കു കേൾക്കുമ്പോൾ അവർ തണുക്കുകയും ശാന്തത വീണ്ടെടുക്കയും ചെയ്യുന്നു.

അന്തരീക്ഷ താപനില ഉയരുമ്പോഴും ഇതേ പ്രശ്നം അനുഭവപ്പെടുന്നുണ്ടാകും. പുറം ജോലി എടുക്കുന്ന സാധാരണ തൊഴിലാളികളും മറ്റ് ഉദ്യോഗങ്ങളിൽ ഏർപ്പെടുന്നവരും ചൂടുകാലത്ത് തളർന്നു പോകുന്നത് പതിവാണ്. പുറത്തെ ചൂട് അസഹ്യമാകുന്നതാണ് കാരണം. പലർക്കും അസ്വസ്ഥതയും ദേഷ്യവുമൊക്കെ സ്വാഭാവികം. ഉറക്കം കെടുന്നതോടെ വീട്ടിനുള്ളിലും അസ്വസ്ഥതകൾ പടർന്നു പിടിക്കുക സ്വാഭാവികം. ചൂടും മാനസികാവസ്ഥയും തമ്മിൽ ഏറെ ബന്ധമുള്ള സാഹചര്യത്തിൽ, കൂളായി ഇരിക്കാൻ പറ്റിയ യോഗയോ ചെറിയ ധ്യാനങ്ങളോ ഒക്കെ പരീക്ഷിക്കാം.
ഉടുപ്പ് ഇടാനേ പറ്റില്ല എന്നതാണ് കടുത്ത വേനൽ ഉയർത്തുന്ന മറ്റൊരു വെല്ലുവിളി. പുരുഷന്മാർക്ക് പ്രശ്നമില്ലെങ്കിലും സ്ത്രീകളുടെ കാര്യത്തിലാണ് ഇവിടെയും പ്രശ്നം. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ മൂത്രസംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യത ഏറെയാണ്. ദിവസം രണ്ടും മൂന്നും നേരം കുളിക്കാമെന്നു വച്ചാൽ പലയിടത്തും വെള്ളമില്ലാത്ത സ്ഥിതി. ആളുകൾ ഇറങ്ങാതായതോടെ പുഴകളിലെ കുളിക്കടവുകളെല്ലാം നാശോന്മുഖമായി. അങ്ങനെ കേരളത്തെ ചുറ്റിവരിയുന്ന പാരിസ്ഥിതിക പ്രതിസന്ധി കൂടിയാണ് വേനൽക്കാലം.

Pic3
This image was generated using Midjourney

വേനൽ ആയാൽ വലഞ്ഞ് സ്ത്രീകൾ

കിണറുകളിലെ വെള്ളം മാർച്ച് മാസത്തിലേ വറ്റും എന്നതാണ് വീട്ടുകാരുടെ ഉറക്കം കെടുത്തുന്ന കാര്യം. പ്രത്യേകിച്ചും പരീക്ഷാക്കാലമായതിനാൽ കുട്ടികളെപ്പോലും വെള്ളത്തിനു വിടാനാവില്ല. വെള്ളം ഇല്ലാതായാൽ ജോലി ഏറ്റവും കൂടുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ്. ദൂരെപ്പോയി വെള്ളം കൊണ്ടുവരുന്ന അവരുടെ അവസ്ഥയ്ക്കു പരിഹാരം കാണാൻ ഇത്രനാളായിട്ടും ഒരു നേതാവിനും കഴിഞ്ഞിട്ടില്ല.

മണൽ വാരാമോ? ഓര് കയറരുത്

കേരളത്തിലെ നദികളിൽ മണൽ വന്നു നിറയുകയാണെന്നും ഇത് വാരിമാറ്റിയില്ലെങ്കിൽ ഭയങ്കര വെള്ളപ്പൊക്കം വരുമെന്നും പറഞ്ഞ് വലിയൊരു വിഭാഗം രംഗത്തുണ്ട്. അടിത്തട്ടിലെ അവശേഷിക്കുന്ന ഈ മണൽകൂടി വാരി മാറ്റുന്നതോടെ കേരളത്തിലെ നദികളുടെ ചങ്കും കരളും പിന്നെ ബാക്കിയുണ്ടാവില്ല. വേനലിൽ ഭൂഗർഭത്തിലേക്ക് വെള്ളത്തെ അരിച്ചിറക്കി വിടുന്ന അരിപ്പയാണ് ഈ മണൽത്തട്ട് എന്നതാണ് വസ്തുത. മധ്യതിരുവിതാംകൂറിലെ വരട്ടാർ നദി പുനർജീവിപ്പിച്ച് മണലെല്ലാം വാരി കരയ്ക്കിട്ട് റോയൽറ്റി ഇനത്തിൽ കിട്ടിയത് എത്രയെന്ന് കണക്കുണ്ടോ എന്നൊന്നും ചോദിക്കുന്നില്ല. ഉള്ള മണൽകൂടി വാരിമാറ്റി ഉപ്പുവെള്ളത്തെ ഇങ്ങോട്ടു വലിച്ചുകയറ്റരുതെന്ന അഭ്യർഥന മാത്രമാണ് ചിന്തിക്കുന്നവർക്ക് പറയാനുള്ളത്.

Pic-4
This image was generated using Midjourney

വൈദ്യുതി വാഹനം തീപിടിക്കുമ്പോൾ

പന്തളത്ത് കഴിഞ്ഞ ദിവസം ഒരു സംഭവവമുണ്ടായി. ഷോറൂമിൽനിന്ന് പുറത്തിറക്കി ഓടിച്ചുനോക്കുന്നതിനിടെ വൈദ്യുതിനിർമിത പുത്തൻ ഇരുചക്ര വാഹനം തീപിടിച്ചു നശിച്ചു. ഉൽപാദകർ പോലും കരുതാത്ത വിധം ചൂട് ഉയർന്നതോടെ വാഹനത്തിലെ ബാറ്ററിക്കും ചൂട് തട്ടിയോ? ഇതു സംബന്ധിച്ച ശാസ്ത്രീയ അന്വേഷണം ആവശ്യമല്ലേ?

ക്ഷമത കെടുത്തും കടുത്ത വെയിൽ

ഉറക്കം ഉൾപ്പെടെ മനുഷ്യരുടെ ജീവിതതാളം തെറ്റുന്നതിനും അമിതമായ ചൂട് കാരണമായേക്കും. കാഴ്ച ഉൾപ്പെടെ ശാരീരിക പ്രവർത്തനങ്ങളുടെ പൂർണക്ഷമത കുറഞ്ഞു എന്നു വരാം. നട്ടുച്ചയ്ക്ക് ഡ്രൈവിങ്, പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്ര ജലാംശം ഏറെ നഷ്ടപ്പെട്ടു ശരീരത്തിനു ക്ഷീണം അനുഭവപ്പെടുന്നതിനു കാരണമാകും. ഫുൾകൈ വസ്ത്രങ്ങളും ഹെൽമെറ്റും മറ്റും ധരിച്ച് കഴിവതും വെയിൽ ഏൽക്കാതെ സഞ്ചരിക്കുക എന്നതാണ് പ്രധാനം. ഇല്ലെങ്കിൽ യാത്ര കഴിയുമ്പോഴേക്കും ക്ഷീണം കലശലാകും. ഉപ്പിട്ട തണുപ്പിക്കാത്ത നാരങ്ങാവെള്ളവും മറ്റും കുടിച്ച് നിർജലീകരണം ഒഴിവാക്കാം.

Pic5
This image was generated using Midjourney

രാവിലെ 11 മുതൽ 3 മണി വരെ പുറംപണികൾ നിർത്തിവയ്ക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തൊഴിലുടമകൾക്കും മറ്റും നിർദേശം നൽകിക്കഴിഞ്ഞു.
ചൂടത്തുനിന്ന് വന്നാലുടൻ കുളിക്കുന്നതും മറ്റും ഒഴിവാക്കണം. ഫ്രിജിൽ നിന്ന് തണുത്ത വെള്ളം നേരിട്ടു കുടിക്കുന്നത് തൊണ്ടയിലെ അണുബാധയ്ക്കും പനിക്കും കാരണമായേക്കാം. തണുത്ത ജലം കുടിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ സാധാരണ വെള്ളത്തിൽ കലർത്തി കുടിക്കാം.

വാർത്ത് കളയേണ്ട; ഊറ്റിക്കുടിക്കാം

ഉപയോഗിക്കാതെ ഊറ്റിക്കളയുന്ന ചൂടു കഞ്ഞിവെള്ളത്തിൽ ഉപ്പുനീരും അൽപ്പം ഉള്ളിയും മല്ലിയിലയും ചേർത്ത് വേനലിൽ കഴിക്കുന്നത് ഉത്തമമാണ്. ക്ഷീണവും മാറും, പോഷക ഗുണവും ലഭിക്കും. രാജസ്ഥാനിലും മറ്റും ചൂടുകാലത്ത് ഉള്ളി അരിഞ്ഞ് കഴിക്കുന്നത് കണ്ടിട്ടില്ലേ ? സാലഡ് വെള്ളരി (കക്കരി) അരിഞ്ഞിട്ട് കഴിക്കുന്നത് ക്ഷീണം മാറാനും നിർജലീകരണം തടയാനും സഹായകമാണ്. മരുഭൂ സമാനമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ തലപ്പാവ് കെട്ടി ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞാണ് വേനൽക്കാലത്ത് സഞ്ചരിക്കുന്നത്. ചൂടിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ഇത് പ്രതിരോധിക്കും.

യുവി കിരണവും തിമിര രോഗികളും

രാജ്യത്തു തന്നെ കണ്ണിനു തിമിരം ബാധിച്ചവർ ഏറെയുള്ള പ്രദേശമാണ് കേരളം. ഭൂമധ്യരേഖയിൽ നിന്ന് ഏകദേശം 1300–1500 കിലോമീറ്റർ വടക്കുഭാഗത്താണ് സംസ്ഥാനത്തിന്റെ കിടപ്പ്. ആണ്ടുമുഴുവൻ സൂര്യപ്രകാശം കിട്ടുന്ന ഇവിടെ സൗരോർജം വലിയൊരു സാധ്യതയാണ് തുറന്നിരിക്കുന്നത്. പക്ഷേ അതൊന്നും പ്രയോജനപ്പെടുത്താനുള്ള കാര്യങ്ങളൊന്നുമല്ല സംസ്ഥാനം ചർച്ച ചെയ്യുന്നതെന്നു മാത്രം. രാഷ്ട്രീയം ഇത്രയേറെ ചർച്ച ചെയ്ത് സമയം കളയുന്ന മറ്റൊരു ജനതയുണ്ടോ എന്നും സംശയം. അത് എന്തു തന്നെയായാലും സൂര്യനിൽ നിന്നു അ‍ൾട്രാ വയലറ്റ് രശ്മികൾ നേരെ താഴേക്കു പതിക്കുന്ന മാസങ്ങളാണ് കേരളത്തിലെ വേനൽക്കാലം. ഏഴ്– എട്ട് യൂണിറ്റുകളിൽ കൂടിയാൽ യുവി കണ്ണിനും ശരീരത്തിനും ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മികച്ച സൺഗ്ലാസ് വയ്ക്കുകയാണ് ഇതിനുള്ള പോംവഴി. പുറത്തിറങ്ങുമ്പോൾ കറുത്ത കുട പിടിക്കുന്നതും സുരക്ഷിതമാണ്.

ജലം പുനരുപയോഗിച്ചാൽ കൃഷിക്ക് താങ്ങാകും

താങ്ങ് കൊടുത്താലും ഒടിഞ്ഞു വീഴുന്ന ഏത്തവാഴകളും കുടിവാഴകളുമാണ് വേനൽക്കാലത്തെ കർഷകരുടെ ദുഃഖം. പിണ്ടിയിലെ വെള്ളം വറ്റുന്നതോടെ ഒടിഞ്ഞു വീഴുന്ന വാഴയെ ഉണങ്ങിയ വാഴയിൽചുറ്റി കിടത്തി ഒന്നു രണ്ട് ആഴ്ചകൾ കൂടി വിളയാൻ അനുവദിക്കാവുന്നതാണ് എന്നതാണ് ചെറിയൊരു ആശ്വാസം. അടുക്കളയിൽനിന്നു പുറത്തേക്ക് വിടുന്ന വെള്ളവും സോപ്പുവെള്ളവും ശുദ്ധീകരിച്ച് കൃഷിയിടത്തിലേക്ക് പുനരുപയോഗിച്ച് വിടുന്നതിനെപ്പറ്റി മലയാളികൾ ഇനിയും ആലോചിച്ചു തുടങ്ങിയിട്ടില്ല. ‍ശൗചാലയങ്ങളിലെ ജലം പോലും ശുദ്ധീകരിച്ച് അണുവിമുക്തമാക്കി കൃഷിയിടത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന കാഴ്ച ന്യൂ‍ഡൽഹിയിലെ പുസ കാർഷിക ഗവേഷണ കേന്ദ്രത്തിലും മറ്റും കാണാം. ഒരു തുള്ളി മഴ പോലും പെയ്യാത്ത ഇസ്രയേൽ തുള്ളിനനയിലൂടെ പൂക്കൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന കാഴ്ച അവിടെ പോയിട്ടുള്ളവരെ വിസ്മയിപ്പിക്കാതിരിക്കില്ല.

Pic6
This image was generated using Midjourney

കിളികൾക്കും നൽകാം ഒരു ചട്ടിയിൽ വെള്ളം

കിളികളും മൃഗങ്ങളുമെല്ലാം ദാഹിച്ചു വലഞ്ഞ് നടപ്പാണ്. വേനലിനു തുടക്കമിടുമ്പോഴേ മുറ്റത്ത് മനുഷ്യസാന്നിധ്യം കുറവുള്ള സ്ഥലത്ത് ദിവസവും ഒന്നോ രണ്ടോ ചട്ടിയിൽ വെള്ളം വച്ചാൽ ഒട്ടേറെ പറവകൾ വന്ന് ദാഹം അകറ്റുന്നതു കാണാം. ഇതു മനുഷ്യർക്കു മാനസികമായി ഉല്ലാസം പകരുകയും ചെയ്യും.

വരട്ടെ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം

വേനൽക്കാലത്ത് പൊതു സ്ഥലങ്ങളിലും വഴിയോരത്തും ദാഹജലം ശീതീകരിച്ചോ അല്ലാതെയോ നൽകാൻ ക്രമീകരണം ചെയ്യുന്ന ഏതെങ്കിലും തദ്ദേശ സ്ഥാപനമുണ്ടോ എന്ന് അറിയില്ല. ശീതീകരിച്ച ഏതാനും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഈ വേനലിൽ സംസ്ഥാനത്ത് തുറക്കാവുന്നതാണ്.

Pic7
This image was generated using Midjourney

മാതൃകയാക്കാൻ ചില ഹരിത ഇടങ്ങൾ

തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയുടെ മുൻഭാഗത്ത് ഒട്ടേറെ സ്ഥലം വെറുതെ ഇട്ടിരിക്കുന്നതായി കാണാം. വലിയ ഫലമൊന്നും തരാത്ത പലതരം വൃക്ഷങ്ങളാണ് ഈ ആശുപത്രിയുടെ മുൻഭാഗം നിറയെ. ആശുപത്രി ക്യാംപസിലേക്ക് ഈ വേനൽക്കാലത്ത് കയറി വരുന്ന ആരും ആശ്വാസത്തോടെ നിശ്വസിക്കും എന്ന് ഉറപ്പ്. കാരണം ഇവിടെ വളർന്നു നിൽക്കുന്ന തണൽമരങ്ങൾ അത്രയ്ക്ക് ആശ്വാസ ദായകമാണ്. പുറത്ത് 39 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ ഇവിടെ താപമാപിനിയിൽ രേഖപ്പെടുത്തുന്ന ചൂട് 26–27 ഡിഗ്രി സെൽഷ്യസ് മാത്രം.

English Summary:

What causes temperature rise in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com