അജ്മേറിൽച്ചെന്ന് വെടിവയ്പ് ഉള്പ്പെടെ അതിജീവിച്ച് പ്രതികളെ പിടികൂടി; ‘ആലുവ സ്ക്വാഡി’ന് അംഗീകാരം

Mail This Article
തിരുവനന്തപുരം∙ കവർച്ചക്കേസ് പ്രതികളെ രാജസ്ഥാനിലെ അജ്മേറിൽച്ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് അംഗീകാരം. ഇവർക്കു പ്രശംസാപത്രവും ഗുഡ് സർവീസ് എൻട്രിയും നൽകാൻ ശുപാർശ ചെയ്തു. ഡിജിപിയുടെ പുരസ്കാരത്തിനായി എറണാകുളം റൂറൽ എസ്പി ശുപാർശ ചെയ്തിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്.എസ്.ശ്രീലാൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ.അഫ്സൽ, കെ.എം. മനോജ് എന്നിവരാണ് സാഹസികമായി പ്രതികളെ വലയിലാക്കിയത്.
കവർച്ചാ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനു നേരെ അജ്മേറിൽവച്ച് വെടിവയ്പ് നടന്നിരുന്നു. കടുത്ത ചെറുത്തുനിൽപ്പിനെ അതിജീവിച്ച് കവർച്ചാ സംഘത്തിൽപ്പെട്ടവരെ പിടികൂടുന്ന പൊലീസ് സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആലുവയിലും കുട്ടമശേരിയിലും പൂട്ടിക്കിടന്ന 2 വീടുകളിൽനിന്നു 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ 2 പ്രതികളാണു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഇവരെ കീഴ്‌പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണു വെടിയേൽക്കാതെ രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡ് ഗംഗാനഗർ റാംപുർ സ്വദേശികളായ ഡാനിഷ് (23), ഷെഹ്ജാദ് (33) എന്നിവരെ അജ്മേർ ദർഗ ലോക്കൽ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ പക്കൽനിന്നു 2 തോക്കുകൾ കണ്ടെടുത്തിരുന്നു. ഒരാളെ വിലങ്ങുവയ്ക്കുന്നതിനിടെ മറ്റൊരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന പൊലീസ് സംഘത്തിനു നേരെയാണു ബാഗിൽ കരുതിയിരുന്ന തോക്കെടുത്തു വെടിവച്ചത്. 4 റൗണ്ട് നിറയൊഴിച്ചെങ്കിലും ആരുടെയും ദേഹത്തു കൊണ്ടില്ല. തുടർന്നു 100 മീറ്റർ ദൂരം പിന്തുടർന്നാണു പ്രതിയെ പിടികൂടിയത്.
പ്രതികളെ കീഴ്‌പ്പെടുത്തി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അജ്മേർ എഎസ്പിക്കു ചെവിയുടെ പിന്നിലും ദർഗ എസ്എച്ച്ഒയ്ക്കു തലയിലും മുറിവേറ്റിരുന്നു. പ്രതികളെ അജ്മേറിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അജ്മേറിലേക്കു പോയ സംഘം ചോദ്യംചെയ്യൽ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങിയിരുന്നു.