‘എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ’: തദ്ദേശ ഉപതിരഞ്ഞെടുപ്പ് മുന്നേറ്റത്തിൽ മുഖ്യമന്ത്രി
Mail This Article
കണ്ണൂർ∙ നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടായിരുന്നു. 23 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 5 സിറ്റിങ് സീറ്റിൽനിന്ന് എൽഡിഎഫ് 10 സീറ്റിലേക്കെത്തി. യുഡിഎഫ് 13ൽ നിന്നു 10ലേക്കും ബിജെപി നാലിൽ നിന്നു മൂന്നിലേക്കും ചുരുങ്ങി.
Read also: തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിനും ബിജെപിക്കും തിരിച്ചടി
അതേസമയം, ആദിവാസി,ദലിത് മേഖലയിലുളളവരുമായുള്ള മുഖാമുഖം പരിപാടിയിൽനിന്നു മാധ്യമ പ്രവർത്തകരെ പുറത്താക്കി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ മാധ്യമ പ്രവർത്തകരോട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ആദിവാസി, ദലിത് വിഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട് എത്തിയവരാണ് മുഖ്യമന്ത്രിയുമായി സംവദിക്കുന്നത്. ഇവരിൽ ചിലർ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാധ്യമ പ്രവർത്തകർ പുറത്തുപോകണമെന്ന് പരിപാടിയുടെ അവതാരകൻ മൈക്കിലൂടെ അഭ്യർഥിച്ചത്.
പട്ടയ ലഭിക്കാത്തതും വന്യജീവി ശല്യം നേരിടുന്നതും ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭിക്കാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളായിരുന്നു തുടക്കത്തിൽ സംസാരിച്ചവർ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനിടയിലായിരുന്നു മാധ്യമ പ്രവർത്തകർ ഹാളിൽനിന്നു പുറത്തു പോകണമെന്ന് തുടരെ അനൗൺസ്മെന്റ് വന്നത്.
ഈ ചർച്ചയിൽ ആദിവാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തൊക്കെ, അവരുടെ പ്രശ്നങ്ങൾ എന്തൊക്കെ എന്നെല്ലാം ജനം അറിയണമെങ്കിൽ ഇവിടെ മാധ്യമപ്രവർത്തകർ വേണമായിരുന്നു. അവരില്ലാതെ മുഖാമുഖം നടത്തുന്നത് പ്രയോജനപ്പെടില്ലെന്ന് പത്മശ്രീ ജേതാവ് കൂടിയായ ചെറുവയൽ രാമൻ പറഞ്ഞു. കയ്യടികളോടെയാണ് സദസ്സ് രാമന്റെ വാക്കുകൾ ശ്രവിച്ചത്. പരിപാടിയിൽ തിരഞ്ഞെടുക്കട്ടെ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. മുൻകൂട്ടി എഴുതി നൽകിയ ചോദ്യങ്ങളാണ് ചോദിക്കാൻ അനുവദിച്ചത്.