നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി അനുവദിച്ചെന്ന് ധനമന്ത്രി; കേന്ദ്രത്തിന്റെ 763 കോടി കുടിശിക

Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തരമായി തുക ലഭ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. നേരത്തെ രണ്ടു തവണയായി 380 കോടി രൂപ നൽകിയിരുന്നു.
കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ വർഷത്തെ 388.81 കോടി രുപയും കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശികയാണ്.
കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.