ADVERTISEMENT

അടൂർ∙ പത്തനംതിട്ട അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി.  പാറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിനു സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിലാണ് മാലക്കോട് പറക്കോട് വീട്ടിൽ  രതീഷ് ദിവാകരൻ (39) കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.  

സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാട് രതീഷ് എടുത്തതോടെ പറഞ്ഞ പെൺകുട്ടിയെ പോലീസ്  സ്ഥലത്തെത്തിച്ചു. തുടർന്ന് ഇയാൾ അല്‍പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി ഇരുന്നു. ഇതോടെ  സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. മഹേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.സന്തോഷ്  എന്നിവർ ടവറിൽ കയറി രതീഷിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു  

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി താഴെയിറക്കി. സംഭവത്തെ തുടർന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഏകദേശം മൂന്ന് മണിക്കൂറോളം ഫയർ ഫോഴ്സിനെയും പൊലീസിനെയും സ്ഥലത്ത് തടിച്ച് കൂടിയ  നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ ശേഷമാണ്  രതീഷിനെ താഴെയിറക്കാനായത്. തുടർന്ന് ഇയാളെ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.  അടൂർ ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ,  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ  മഹേഷ് ഇ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എൻ. രാജേഷ്,  എ.സജാദ് , വി.പ്രദീപ്, കെ.ശ്രീജിത്ത്, എസ്. സാനിഷ്, എസ്. സന്തോഷ്, എം.സി. അജീഷ്, വേണുഗോപാൽ, സുരേഷ് കുമാർ, മോനച്ചൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary:

Suicidal Man with Petrol Rescued After Emotional Plea for Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com