പാലക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അച്ഛനു പിന്നാലെ മകളും മരിച്ചു

Mail This Article
പാലക്കാട് (കല്ലടിക്കോട്)∙ ദേശീയപാതയിൽ ഇടക്കുർശി ശിരുവാണിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ഇടക്കുർശി ടി.എ. കോംപ്ലക്സിൽ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലിൽ മോഹനൻ (51) ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മോഹനന്റെ മകൾ വർഷ(22) എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടിൽ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരുക്കേറ്റു.
മോഹനൻ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകൾ വർഷയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് 6 മണിയോടെ വർഷയും മരിച്ചു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മോഹനന്റെ ഭാര്യ ബീന (പൊമ്പ്ര ആരോഗ്യ കേന്ദ്രത്തിലെ നഴ്സ്) മറ്റൊരു മകൾ: വന്ദന.