അതിർത്തി കടന്ന് അമിതഭാരം കയറ്റി ലോറികളെത്തുന്നു; 4.14 ലക്ഷം പിഴയിട്ട് വിജിലൻസ്

Mail This Article
പാലക്കാട്∙ അതിർത്തി കടന്ന് കരിങ്കൽ, എം സാന്റ് തുടങ്ങി അമിതഭാരം കയറ്റി ടോറസ് ലോറികൾ സംസ്ഥാനത്തേക്കെത്തിയതിനെ തുടർന്ന് 4.14 ലക്ഷം രൂപ പിഴയിട്ട് വിജിലൻസ്. ഗോവിന്ദാപുരം മോട്ടർ വെഹിക്കിൾ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണു 11 ടോറസ് ലോറികൾക്കു പിഴയിട്ടത്. ഇതിനുപുറമെ കണക്കിൽപ്പെടാത്ത 1,170 രൂപയും കണ്ടെത്തി.
ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി നിർമാണസാമാഗ്രികളെത്തിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു പരിശോധന. പിടികൂടിയ ലോറികൾ ആർടിഒ എൻഫോഴ്‌സ്‌മെന്റിനു കൈമാറി. ഈ സമയം ഒരു എഎംവിഐയും വനിതാ ഉദ്യോഗസ്ഥയുമാണു ജോലിയിലുണ്ടായിരുന്നത്.
ലോറി ചെക്ക് പോസ്റ്റിലെത്തുമ്പോൾ തൂക്കചീട്ടിന്റെ ഒരു ഭാഗം ജീവനക്കാർക്കു നൽകിയശേഷം, ചീട്ടിന്റെ എണ്ണം നോക്കിയാണ് ഉദ്യോഗസ്ഥർക്കു പണം നൽകിയിരുന്നത്. ഇത്തരത്തിൽ 40 ഓളം തൂക്ക ചീട്ട് വിജിലൻസ് കണ്ടെത്തിയിരുന്നു. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു സമർപ്പിക്കുമെന്നു ഡിവൈഎസ്‌പി സി.എം.ദേവദാസൻ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരായ ബിൻസ് ജോസഫ്, അരുൺ പ്രസാദ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ കെ.എ. ബാബു, എ.ഉല്ലാസ്, എസ്ഐമാരായ ബി.സുരേന്ദ്രൻ, പ്രഭ, വി.ബൈജു, എസ്‌സിപിഒമാരായ ഉവെസ്, ബാലകൃഷണൻ, മനോജ്, സുജിത്ത്, രാജേഷ്. സുബാഷ്, വിനീഷ്, രഞ്ജിത്ത്, സിപിഒ സന്തോഷ്, ഷംസുദ്ദീൻ തുടങ്ങിയർ പങ്കെടുത്തു.