ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു
Mail This Article
ചണ്ഡിഗഡ്∙ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണിലായിരുന്നു സംഭവം.
Read Also: ‘വിവാഹബന്ധം തകർന്നതിൽ വിഷമം, വേർപിരിഞ്ഞ് താമസം; ദിയയും മാതാപിതാക്കളും ജീവനൊടുക്കിയത്’
കാറിലെത്തിയ അക്രമികൾ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന റാഠിക്കും സംഘത്തിനും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റു രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. രണ്ടുപേർക്കു ഗുരുതരമായി പരുക്കേറ്റെന്നും പൊലീസ് അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റ റാഠിയെയും മറ്റുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ റാഠിയും മറ്റുരണ്ടുപേരും മരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും അടുത്ത അനുയായി കാലാ ജഠേഡിയുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ഹരിയാന നിയമസഭയിലേക്ക് റാഠി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. രണ്ടുതവണ ബഹാദുർഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനുമായി.