ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റുകളിൽനിന്ന്  ഇടതുമുന്നണിക്കായി മത്സരിക്കുന്ന സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാർഥികൾ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ബിജെപിയും കോൺഗ്രസും എല്‍ഡിഎഫിനെതിരെ കൈകോർക്കുന്നു. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വയനാട്ടിലും മത്സരിക്കാം. കമ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽ ഗാന്ധിയോട് വിദ്വേഷമില്ല. വ്യക്തിപരമായി അദ്ദേഹത്തോടു സ്നേഹമാണ്. രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാർഥിയായി അയക്കുന്നുണ്ടെങ്കിൽ കോൺഗ്രസ് ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. നിർണായകമായ തിരഞ്ഞെടുപ്പിൽ നിരവധി എംപിമാരുള്ള വടക്കേ ഇന്ത്യയിൽനിന്നാണോ 20 എംപിമാർ മാത്രമുള്ള കേരളത്തിൽനിന്നാണോ രാഹുൽ മത്സരിക്കേണ്ടതെന്ന് പാർട്ടി ആലോചിക്കണം. ബിജെപി ഇത് വിഷയമാക്കി മാറ്റുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read more at: ‘മാസപ്പടിയിൽ യഥാർഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’

∙ പന്ന്യൻ രവീന്ദ്രൻ

1945 ഡിസംബർ 22ന് കണ്ണൂർ ജില്ലയിലെ കക്കാട് ജനിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965ൽ ബ്രാഞ്ച് സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് (ക്ഷണിതാവ്). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. 2005 മുതൽ 2009 വരെ തിരുവനന്തപുരത്തു നിന്നുള്ള ലോക്സഭാ അംഗം. മുൻ ഫുട്ബോൾ കളിക്കാരൻ, കമന്റേറ്റർ,എഴുത്തുകാരൻ. കൃതികൾ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലൂടെ, ചരിത്രമെഴുതി ചരിത്രമായവര്‍, ഭരത് മുരളി –അഭിനയവും ജീവിതവും. അച്ഛൻ: സി.പി. രാമൻ, അമ്മ: പന്ന്യൻ യശോദ. ഭാര്യ: രത്നവല്ലി. മക്കൾ: രാകേഷ്, രൂപേഷ്, രതീഷ്.

∙ അഡ്വ. വി.എസ്. സുനിൽകുമാർ

അന്തിക്കാട്ടെ ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ സുനിൽകുമാർ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയെത്തി. 1998ൽ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസിന്റെ ക്രൂരമർദനവും ജയിൽ ശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്കു വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളേജ് സമരം എന്നിവയുടെ മുന്നണി പോരാളിയായിരുന്നു. 1967 മെയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ പാർവതിയുടെയും മകനായി ജനിച്ച വി.എസ്. സുനിൽ കുമാർ നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു. അഡ്വ. രേഖ സുനിൽ കുമാറാണ് ഭാര്യ. മകൻ: നിരഞ്ജൻ കൃഷ്ണ.

∙ ആനി രാജ

ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകൾ. കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്എസിൽ പഠിക്കുമ്പോൾ സിപിഐയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിന്റെ മണ്ഡലം സെക്രട്ടറിയായി തുടക്കം. ഇരിട്ടിയില്‍ നടന്ന പാരലൽ കോളജ് സമരത്തിൽ പങ്കെടുക്കവേ പരുക്കേറ്റു. പാർട്ടിയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. സിപിഐ നാഷനൽ എക്സിക്യൂട്ടിവ് അംഗം. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയാണ് ഭർത്താവ്. മകൾ: അപരാജിത

∙ സി.എ. അരുൺകുമാർ

കായംകുളം കൃഷ്ണപുരം ചൂളപ്പറമ്പിൽ വീട്ടിൽ 1983 ഡിസംബർ 30ന്  ജനനം. കൃഷ്ണപുരം ഗവ. യുപി സ്കൂളിലും വിശ്വഭാരതി മോഡൽ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. കായംകുളം എംഎസ്എം കോളജിൽ പ്രീഡിഗ്രിയും ഡിഗ്രിയും. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചു. കേരള സർവകലാശാല അക്കൗണ്ട്സ് കമ്മിറ്റി അംഗം. കർണാടക സിദ്ധാർഥ ലോ കോളജിൽ എൽഎൽബി പഠനം. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എംഎസ്ഡബ്ള്യു പഠനം. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തനം. നിലവിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗം, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി, അഖിലേന്ത്യാ ദലിത്‌ റൈറ്റ് മൂവ്മെന്റിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം.

English Summary:

CPI Announces Candidates for Lok Sabha polls In Kerala - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com