ലഹരിക്കടത്ത്: ഡിഎംകെ നേതാവിനെ പാർട്ടി പുറത്താക്കി

Mail This Article
ചെന്നൈ ∙ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ദേശീയ നർകോട്ടിക്സ് ബ്യൂറോ (എൻസിബി) കണ്ടെത്തിയ ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി.
ചലച്ചിത്ര നിർമാതാവും ഡിഎംകെ ചെന്നൈ വെസ്റ്റ് ഡപ്യൂട്ടി ഓർഗനൈസറുമായ ജാഫർ സാദിഖിനെയാണു പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയത്. ഒളിവിലുള്ള ജാഫർ സാദിഖിനെ പിടികൂടുന്നതിനായി എൻസിബി അന്വേഷണം ശക്തമാക്കി.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ലഹരിമരുന്ന് തയാറാക്കുന്നതിനുള്ള രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ ഡൽഹി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എൻസിബി പിടികൂടിയിരുന്നു. ഡൽഹി കേന്ദ്രമാക്കി ജാഫർ സാദിഖും സഹോദരങ്ങളുമാണു സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായി.
ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും ഇതിനകം വൻതോതിൽ ലഹരി ഉൽപാദക വസ്തുക്കൾ കടത്തിയതായി പ്രതികൾ സമ്മതിച്ചു.