‘രാഷ്ട്രനന്മയ്ക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ ത്യാഗം ആരും കാണുന്നില്ല’
Mail This Article
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പിളർപ്പിലൂടെ ബിജെപി വോട്ടുനേട്ടത്തിന് ശ്രമിക്കുമ്പോൾ പ്രതിപക്ഷ ഐക്യത്തിലൂടെ പൊതു എതിരാളിയെ തളയ്ക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ജനങ്ങളുമായി നേരിട്ട് ഇടപഴകി രണ്ടാം വട്ട ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുനീങ്ങുന്ന കോൺഗ്രസിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിന്തകളെ കുറിച്ചും മണിപ്പുർ കലാപം, സിഎഎ എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വികാരത്തെ കുറിച്ചും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏകോപന ചുമതലയുള്ള അഡ്വ.മാത്യു ആൻറണി സംസാരിക്കുന്നു. വിവിധ മേഖലകളിലെ പ്രഗത്ഭരെ പാർട്ടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ബ്രെയ്ൻ ചൈൽഡായ പ്രഫഷനൽ കോൺഗ്രസിന്റെ മഹാരാഷ്ട്ര അധ്യക്ഷനും കൂടിയാണ് മാത്യു.
∙ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി എന്ന നേതാവിനെ കുറേക്കൂടി ജനകീയനാക്കി. തിരഞ്ഞെടുപ്പിൽ ഇത് എത്രത്തോളം സഹായിക്കും? ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ നിന്ന് കനത്ത പരാജയം രുചിക്കേണ്ടി വന്ന രാഹുൽ മണ്ഡലത്തിൽ മത്സരിക്കണം എന്ന ആവശ്യം ശക്തിപ്പെടുകയാണ്?
രാഹുൽ ഗാന്ധിയുടെ അത്രത്തോളം ഇന്ത്യയിൽ തലങ്ങും വിലങ്ങും യാത്ര ചെയ്ത് ആളുകളോട് ഇടപഴകിയ, ഇത്രത്തോളം ജനസമ്പർക്കമുള്ള നേതാവ് ഇല്ല. മോദി ബുള്ളറ്റ് പ്രൂഫ് കാറിൽ വന്ന് ആളെക്കൂട്ടി സംസാരിക്കുന്നത് അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് സംസാരിക്കുന്നതും രാജ്യം ഉടനീളം നടന്ന് സംസാരിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. തഴക്കവും പഴക്കവും അനുഭവവും ചേർന്ന ജനനേതാവാണ് രാഹുൽ ഗാന്ധി ഇന്ന്. അതിന്റെ പ്രതിഫലനം യുപിയിലുമുണ്ട്. പിന്നെ യുപിയിലെ സീറ്റിന്റെ കാര്യങ്ങൾ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും കോൺഗ്രസും ആലോചിച്ചെടുക്കുന്ന തീരുമാനമാണ്. അതിനെക്കുറിച്ച് കൃത്യമായി ഒരു അഭിപ്രായം വക്താക്കളായ ഞങ്ങളുടെ അടുത്തെത്തിയിട്ടില്ല. പറയാറായിട്ടില്ല.
∙കരുത്തനായ നേതാവില്ലെന്ന വിമർശനം ഉണ്ടല്ലോ?
കോൺഗ്രസ് എന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു പാർട്ടിയാണ്. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് നേതാക്കന്മാരുടെ കുറവ് ഉണ്ടായിട്ടില്ല. പി.വി.നരസിംഹറാവു മുതൽ മൻമോഹൻസിങ്ങുവരെയുള്ളവരെ നോക്കിക്കഴിഞ്ഞാൽ തിളക്കമുള്ള വ്യക്തികളാണ് കോൺഗ്രസ് സർക്കാരിനെ നയിച്ചിട്ടുള്ളത്. ഒരു വ്യക്തിയെ ആശ്രയിച്ചല്ല കോൺഗ്രസ് നിന്നിട്ടുള്ളത്. കപിൽ സിബൽ, ജയറാം രമേശ്, പി.ചിദംബരം ഒരുപാട് വ്യത്യസ്ത നിലകളിൽ തിളക്കമാർന്ന നിലയിൽ പ്രവർത്തിച്ച നേതാക്കന്മാരായിരുന്നു മന്ത്രിസഭയുടെ കൂട്ടായ്മ. അല്ലാതെ ഒരു വ്യക്തിയെ ആശ്രയിച്ചുകൊണ്ട് അയാൾക്ക് പൂർണ സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് മുന്നോട്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന് ശേഷം ആരാണോ നയിക്കാൻ കഴിയുന്ന നേതാവ് എന്നത് പാർലമെന്ററി പാർട്ടി വർക്കിങ് കമ്മിറ്റി എല്ലാവരും കൂട്ടായി ചേർന്ന് എടുക്കുന്ന തീരുമാനമാണ്. ഇന്ത്യ മുന്നണി എടുക്കുന്ന തീരുമാനമാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായവർ ഉൾപ്പെടുന്ന കൂട്ടായ ഒരു മന്ത്രിസഭയിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. അത് സുതാര്യമായ ഭരണസംവിധാനമാണ് ഉണ്ടാക്കുക.
∙മോദി സർക്കാരിനെ എതിർക്കാൻ നിലവിലുള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് താങ്കൾ അഭിപ്രായപ്പെടുകയുണ്ടായല്ലോ? തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആ പ്രസ്താവനയ്ക്ക് എത്രമേൽ പ്രസക്തിയുണ്ട്?
നോട്ട് നിരോധനത്തിന്റ സമയത്ത് കോൺഗ്രസ് പറഞ്ഞിരുന്നു ഇത് സാമ്പത്തിക മണ്ടത്തരമാണെന്ന് കേട്ടില്ല. നോട്ടുനിരോധനം വഴി കള്ളപ്പണം പുറത്തുകൊണ്ടുവരാമെന്നാണ് അവർ പറഞ്ഞത്. രണ്ട്, ജിഎസ്ടി. കോൺഗ്രസിന്റെ ആശയമായിരുന്നു അത് കടമെടുത്ത് അവരുടേതാക്കി. ജിഎസ്ടി ഉപഭോക്തൃ നികുതിയാണ്. പണക്കാരാണ് ജിഎസ്ടി കൊടുക്കുന്നതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ 1,60,000 കോടി രൂപയുടെ അറുപത് ശതമാനം കൊടുക്കുന്നത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരാണ്, 40 ശതമാനം കൊടുക്കുന്നത് മധ്യവർഗമാണ്. പണക്കാർ കൊടുക്കുന്നത് മൂന്നുശതമാനം മാത്രമാണ്. അതായത് ഇവിടെയും പാവപ്പെട്ടവരാണ് പിഴിയപ്പെടുന്നത്. മോദി സർക്കാർ മധ്യവർഗത്തെവെച്ചാണ് മുന്നോട്ടുപോകുന്നത്. 38 ശതമാനം വരെ വരുമാന നികുതി കൊടുക്കുന്ന, അതിന്റെ മുകളിൽ പെട്രോളിനും ഡീസലിനുമായി 30–35 ശതമാനം എക്സൈസ് ഡ്യൂട്ടി കൊടുക്കുന്ന, അതിന് പുറമേയാണ് ജിഎസ്ടി, അവരുടെ കയ്യിൽ പിന്നെന്താണ് മിച്ചം പിടിക്കാനുണ്ടാകുക. മറ്റൊന്ന് തൊഴിലില്ലായ്മ.കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ 2012–വരെ ഒരു വർഷം 75ലക്ഷം ആളുകൾക്ക് ജോലി കൊടുക്കുന്നുണ്ടായിരുന്നു. ബിജെപിയുടെ കണക്കുപ്രകാരം 2022 വരെ ഒരു വർഷം 29 ലക്ഷത്തിന് മുകളിലേക്ക് ആയിട്ടില്ല. എല്ലാ കൊല്ലവും രണ്ടുകോടി ആളുകൾക്ക് ജോലി എന്ന വാഗ്ദാനമാണ് ബിജെപി അധികാരത്തിലേറുമ്പോൾ മുന്നോട്ടുവെച്ചത്. ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ 33 ശതമാനം ആളുകൾ തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗ്യാസ്, പെട്രോൾ, മറ്റ് അവശ്യ സാധാനങ്ങളുടെ വില വർധന ഇതിനെല്ലാം എതിരെ ശബ്ദമുയർത്തിയത് കോൺഗ്രസാണ്.
31,516 റേപ്പ് കേസാണ് 2022ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വനിതകൾക്ക് സംരക്ഷണം വേണ്ടേ? ഇത് ബിൽക്കിസ് ബാനോവിനെ പീഡിപ്പിച്ചവർക്ക് മാപ്പുകൊടുത്ത സർക്കാരാണ്..ജാതി സെൻസസ് ജനസംഖ്യയുടെ 73 ശതമാനം എസ്ടിഎസ്ടി ഒബിസി വിഭാഗമാണ്. പക്ഷേ അതുനടപ്പാക്കാൻ അവർ മടിക്കുന്നു. കോൺഗ്രസിന്റെ കാലത്ത് മണിപ്പുരിൽ കാലപമുണ്ടായപ്പോൾ മൻമോഹൻ സിങ് ഇന്ത്യൻ സമൂഹത്തോട് മാപ്പുപറഞ്ഞു. വിഘടിച്ചു നിൽക്കുന്ന ജനതയ്ക്കിടയിൽ പരിഹാരമുണ്ടാക്കി. മണിപ്പുർ കലാപം തുടങ്ങിയിട്ട് 9 മാസമായി. 170 പേർ മരിച്ചു. പ്രധാനമന്ത്രിക്ക് യുക്രെയ്നിലെ യുദ്ധത്തിലെ സമാധാനകാര്യങ്ങളിൽ ഇടപെടാം, ഇസ്രയേലിനെ അനുകൂലിക്കാം, വിദേശ രാജ്യങ്ങളിൽ പര്യടനം നടത്താം. പക്ഷേ ഇക്കാര്യത്തിൽ മൗനം. ഒരു രാജ്യത്തെ പൗരന്മാർ തമ്മിലടിച്ച് മരിക്കാൻ കണ്ണുമൂടിക്കെട്ടി പ്രധാനമന്ത്രി കൂട്ടുനിൽക്കുന്നു. അതിനെതിരേ ശബ്ദമുയർത്തിയതും കോൺഗ്രസ് ആണ്. രണ്ടാമത്തെ ഭാരത് ജോഡോ യാത്ര തുടങ്ങിയത് മണിപ്പുരിൽ നിന്നാണ് വിഘടിച്ച് നിൽക്കുന്ന രണ്ടു സ്ഥലങ്ങളിൽ കൂടിയും യാത്ര കടന്നുപോയി. ഒരു പ്രശ്നവുമുണ്ടായില്ല. അവരെ ഒന്നിപ്പിക്കാനുള്ള ശക്തി കോൺഗ്രസിന് മാത്രമേയുള്ളൂ. രണ്ടുവർഷം മുൻപ് 700 കർഷകർ മരിച്ചു. രണ്ടാമത്തെ സമരം ആരംഭിച്ചപ്പോൾ റോഡിൽ അവർ ആണിയടിച്ചു. അവർ രഥയാത്ര നടത്തിയപ്പോൾ നമ്മൾ ആണിയടിച്ചിരുന്നെങ്കിൽ എന്തു നടക്കും? ഇന്ന് അദാനിയില്ലാതെ കൽക്കരി ഇംപർട്ട് ചെയ്യാന് പറ്റില്ല. രാജ്യത്തെ പ്രധാനമന്ത്രി ഒറ്റ വ്യവസായിക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ വ്യവസായ അനീതിയാണ് സംഭവിക്കുന്നത്.ജനതയെ നയിക്കുമ്പോൾ വേണ്ടത് എളിമയാണ് അഹങ്കാരവും അരാജകത്വവുമല്ല. പ്രധാനമന്ത്രിക്ക് വേണ്ടിടത്ത് സംസാരിക്കാം, അല്ലെങ്കിൽ സംസാരിക്കില്ല എന്നുളളത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.
ഇതിനെല്ലാമെതിരേ പ്രതികരിക്കുന്നത് കോൺഗ്രസാണ്. പക്ഷേ മാധ്യമങ്ങളെയുൾപ്പടെ ഞങ്ങൾക്കെതിരേ തിരിക്കുന്നു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രിക്കെതിരേ എന്തെങ്കിലും പറഞ്ഞാൽ കേസ്. മറ്റുള്ളവർ പറഞ്ഞാൽ കേസില്ല. അടിച്ചമർത്തൽ അല്ലേ ഇത്. ഇതിനെതിരെ ഇന്ത്യ ശബ്ദിക്കും എന്ന ഉറച്ച വിശ്വാസമുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം നോക്കിയിട്ടുണ്ടോ, ബ്രിട്ടീഷ്കാലം തൊട്ട് നോക്കൂ..എന്നെല്ലാം അടിച്ചമർത്താൻ ശ്രമിച്ചിട്ടുണ്ടോ അതിനെതിരെ ജനം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. രാജ്യം ഇന്ന് ഫാഷിസ്റ്റ് ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് അതിനെതിരേ ജനം പ്രതികരിക്കും. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തത് കോൺഗ്രസ് ആയിരുന്നു. ഇന്ന് ഇതിന് നേതൃത്വം കൊടുക്കുന്നതും കോൺഗ്രസാണ് അതാണ് ഞങ്ങളുടെ ശക്തി.
∙ആ തിരിച്ചറിവിലാണല്ലോ ഇന്ത്യ മുന്നണിയുടെ ഉദയം. ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം പ്രതിപക്ഷ ഐക്യത്തിന് എത്രത്തോളം പ്രധാന്യമുണ്ട്?
പരസ്പരം മത്സരിക്കുന്നു എന്നിട്ട് എങ്ങനെ ഒരുമിച്ച് നിൽക്കുന്നു എന്നതാണ് മുന്നണി നേരിടുന്ന വിമർശനം. ശരിയാണ് സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്നുണ്ട്, കാരണം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പുറത്ത് ഒരുമിച്ച് നിൽക്കുന്ന കക്ഷികൾ അല്ല. അവിടെ രാഷ്ട്രീയ താല്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. ഇന്ത്യ മുന്നണി സഖ്യം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പുറത്തുള്ള സഖ്യമല്ല. .പൊതു എതിരാളി രാജ്യത്തിന് ആപത്താകുന്നു എന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഇന്ത്യയുടെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയാണ്. കോൺഗ്രസ് അതിൽ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ സഖ്യം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു
ദേശീയ തലത്തിൽ രാജ്യത്തിന് അതാവശ്യമാണ്. നാം കാണുന്നത് ബിജെപിയെയുമല്ല. കുറച്ച് വ്യക്തികൾ ചേർന്ന് ബിജപിയെ അടിച്ചമർത്തിയിരിക്കുകയാണ്. അവരുടെ നിയന്ത്രണത്തിൽ ആക്കിയിരിക്കുകയാണ്. ബിജെപിക്കുള്ളിൽ അമർഷമുണ്ട്. പക്ഷേ, ഇഡിയെയും സിബിഐയെയും വെച്ചുകൊണ്ട് കിടപ്പറ മുതൽ ബിസിനസ്സ് വരെ ചാരപ്രവൃത്തനം നടത്തി എല്ലാവരേയും അടിച്ചമർത്തിയിരിക്കുകയാണ്. എല്ലാവരെയും ഭീഷണിപ്പെടിത്തിയിരിക്കുകയാണ്. എന്ന് ആ ഭീഷണി മാറുന്നോ അന്ന് പൊട്ടിത്തെറി ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ ഗൂഢസംഘം നിയന്ത്രിക്കുന്ന ഭരണകൂടം പോയേ പറ്റൂ. അതിന് വേണ്ടി സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് നമ്മൾ ഒരു രാഷ്ട്രീയ സഖ്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. സംസ്ഥാന തലങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങളുള്ളതിനാൽ അതിനകത്ത് കല്ലുകടി സ്വാഭാവികമാണ്. അവിടെ രാഷ്ട്രീയ ,വ്യക്തി താല്പര്യങ്ങൾ എല്ലാമുണ്ട്. പക്ഷേ വലിയ രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി ചെറിയ ചെറിയ ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് ഇന്ത്യാ മുന്നണി മുന്നോട്ടുപോകുന്നത്.
∙ഇത്രയേറെ പ്രാദേശിക കക്ഷികളുടെ താല്പര്യങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് പൊതു തിരഞ്ഞെടുപ്പിനെ നേരിടുക ഒരു വലിയ വെല്ലുവിളിയല്ലേ?
139 കൊല്ലത്തെ കോൺഗ്രസിന്റെ പ്രവർത്തന പരിചയം വലിയ അനുഭവ സമ്പത്താണ്. പലവിധ രാഷ്ട്രീയ കക്ഷികളെയും സ്വതന്ത്ര ചിന്തകരെയും ഒരുമിച്ച് നിർത്തിയാണ് സ്വാതന്ത്ര്യ സമരം നടത്തിയത്. അന്നും കോൺഗ്രസിനേട് ഭിന്നാഭിപ്രായം ഉളളവരുണ്ടായിരുന്നു. അവരെ സംഘടിപ്പിച്ച് ബഹുമാനിച്ച് പൊതുനന്മയ്ക്കായി, രാഷ്ട്രത്തിന് സ്വാതന്ത്ര്യ വേണം എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇന്ത്യ ഭരിച്ച കാലത്തും സഖ്യകക്ഷി ഭരണങ്ങൾ ഉദാഹരണമാണ്. പ്രദേശിക കക്ഷികളെ ഒരുമിച്ച് കൊണ്ടുപോകുക സങ്കീർണമാണ്. ബുദ്ധിമുട്ട് ഉള്ളതാണ്. പക്ഷേ കോൺഗ്രസിനെ കൊണ്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വേറെ ആരെക്കൊണ്ടു പറ്റില്ല
∙നിതീഷ് കുമാർ ഉൾപ്പടെയുള്ളവരുടെ കൂറുമാറ്റം, എഎപി നേതാവ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റുചെയ്തേക്കുമെന്നും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ നീക്കമെന്നും വാർത്തകൾ ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കും?
നിതീഷ് കുമാർ രാഷ്ട്രീയ അവസരവാദിയാണ്. 9 തവണ മലക്കം മറിഞ്ഞു. ബിഹാർ പിന്നാക്ക സംസ്ഥാനമായി നിൽക്കുന്നതിന്റെ കാരണം 9 തവണ മലക്കം മറിഞ്ഞ മുഖ്യമന്ത്രി തന്നെയാണ്. അയാളുടെ പ്രവൃത്തി ജനങ്ങളുടെ ബുദ്ധിയെ പ്രതികരണ ശേഷിയെ വെല്ലുവിളിക്കുന്നതാണ്. നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ രാഷ്ട്രീയ കോമാളിത്തരങ്ങൾ കാണിച്ചുകൊണ്ടിരിക്കും ഞാൻ തന്നെ ബിഹാറിലെ മുഖ്യമന്ത്രിയായി തുടരും എന്നുപറയുന്നത് അവിടത്തെ ജനങ്ങളെ പുച്ഛിക്കുന്നതിന് തുല്യമാണ്.
ഇഡിയെയും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ പോലെ ബിജെപി ഉപയോഗിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതെല്ലാം പൊളിറ്റിക്കൽ ത്രില്ലർ കാണുന്നത് പോലെ ജനങ്ങൾ അംഗീകരിക്കും എന്നാണ് കരുതുന്നത്. പക്ഷേ ജനങ്ങളുടെ പ്രതികരണ ശേഷി എന്നുപറയുന്നത് തിരഞ്ഞെടുപ്പിൽ വെളിപ്പെടും. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗനം ചെയ്യാനുളള ആത്മവിശ്വാസം, ബിജെപിയെ മറ്റുള്ളവരുടെ കൈയിൽ നിന്ന് തട്ടിയെടുത്തുകൊണ്ട് അതിന് നേതൃത്വം നൽകുന്ന മോദിയും അമിത് ഷായും കരുതുന്നത് അവർക്ക് ഭരണം നിഷ്പ്രയാസം നേടിയെടുക്കാം എന്നാണ് ഇതിനെതിരെ വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നേരിടുന്ന ജനം പ്രതികരിക്കും. അതാണ് ഇന്ത്യ മുന്നണിയുടെ ശക്തിയും അതിന് മുന്നോട്ടുനീങ്ങാൻ പ്രചോദനം നൽകുന്നതും.
കോൺഗ്രസിനെതിരേ രൂപം കൊണ്ട എഎപിയെ പോലും സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് കോൺഗ്രസ്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന രാഷ്ട്രീയ ത്യാഗമാണത്. അതാരും ചൂണ്ടിക്കാണിക്കുന്നില്ല. രാഷ്ട്രത്തെ മുൻനിർത്തിക്കൊണ്ട് കോൺഗ്രസ് എടുത്ത ത്യാഗങ്ങളെ എടുത്തുപറയാൻ ആരും തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ സ്വകാര്യ നിലപാടുകളേക്കാൾ കോൺഗ്രസ് പ്രധാന്യം കൊടുക്കുന്നത് ഇന്ത്യയിൽ നല്ലൊരു സർക്കാർ വരണം എന്നുള്ളതിനാണ്. അതിന് ഈ സർക്കാർ പുറത്തുപോകണം.
∙വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലകളുള്ള വ്യക്തിയാണല്ലോ? തിരഞ്ഞെടുപ്പിനോടുള്ള ആ സംസ്ഥാനങ്ങളുടെ പ്രതികരണം എന്താണ്?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേകത ഇതെല്ലാം എസ്‌സി എസ്ടി സ്റ്റാറ്റസിൽ വരുന്നതാണ്. ജനറൽ സീറ്റ് താരതമ്യേന കുറവാണ്. ത്രിപുരയിലും അസമിലും മാത്രമേ ജനറൽ സീറ്റുകൾ ഉള്ളൂ, ബാക്കിയുള്ള എല്ലാംതന്നെ സംവരണ സീറ്റുകളാണ്. അസം ഒഴിച്ചുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വരുമാനം ഇല്ല. കേന്ദ്ര സർക്കാർ ആരാണോ അവരുമായുള്ള സഖ്യത്തിന്റെ പുറത്ത് ഇവർക്ക് കൊടുക്കുന്ന ഫണ്ടിങ് എന്താണോ അതിലാണ് ഈ സംസ്ഥാനങ്ങളുടെ നിലനിൽപ്. കേന്ദ്രത്തിൽ ആരുഭരിക്കുന്നോ അവരുമായി സഖ്യം കൂടുക എന്നല്ലാതെ മാറി നില്‌ക്കാനുള്ള പൊളിറ്റിക്കൽ ആൾട്ടര്ഡനേറ്റീവ് ഇവരുടെ കയ്യിൽ ഇല്ല. ബിജെപി അതിൽ ആ അവസരത്തെ മുതലെടുക്കുകയാണ്.
പക്ഷേ, ജനം ബിജെപിക്ക് എതിരാണ്, അത് ഉളളിൽ ഒതുക്കിയാണ് അവർ നിൽക്കുന്നത്. ബിജെപിയുടെ സിഎഎ, എൻആർസി ഇതെല്ലാം ഓർമിക്കേണ്ടതാണ്. അതിർത്തിയോട് ചേർന്നുകിടക്കുന്ന സംസ്ഥാനങ്ങൾ ആയതുകൊണ്ട് ഇവിടെ അധിനിവേശ പ്രശ്നങ്ങളുണ്ട്. കുടിയേറ്റ പ്രശ്നങ്ങളുണ്ട്. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ പ്രത്യേക സംവിധാനങ്ങൾ ഇവർക്ക് കൊടുത്തിരുന്നു. ചേർത്തുനിർത്തുക എന്ന ഇഷ്ടത്തിന്റെ പുറത്താണ് അതെല്ലാം. അതെല്ലാം എടുത്തുമാറ്റി ഒരു രാജ്യം ഒരു നിയമം എന്നുപറയുമ്പൾ വളരെ ബുദ്ധിമുട്ടുളളകാര്യമാണ്, ജനം അമർഷത്തിലാണ്.
ക്രിസ്ത്യൻ മതവിശ്വാസികളും ബുദ്ധമതവിശ്വാസികളുമാണ് ഇവിടെ കൂടുതൽ ഉളളത്. മണിപ്പുരിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉണ്ട്. ത്രിപുരയിൽ ഹിന്ദുക്കളും മുസുലീങ്ങളുമുണ്ട്. ആദിവാസികളിൽ നിന്ന് ക്രിസ്ത്യാനികൾ ആയി എന്നുപറഞ്ഞ് എസ്ടി സ്റ്റേറ്റസ് എടുത്തുകളയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അവർക്കെല്ലാം കടുത്ത അമർഷവുമുണ്ട്. ക്രിസ്ത്യൻ സംഘടനകൾക്ക് നേരെ ആക്രമണമുണ്ട്, അവരെ നിരീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ പീഡനം വലിയ വിഷയമാണ്. പക്ഷേ തിരഞ്ഞെടുപ്പിലെ ഇവരുടെ പ്രതികരണം കേന്ദ്രം ആര് ഭരിക്കുന്നു അവർക്ക് കൂട്ടുനിൽക്കുക എന്നുള്ളതായിരിക്കും. എന്നാലും ഇത്തവണ അസം ഒഴിച്ചുളള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വീണ്ടും ശക്തമായി തിരിച്ചുവരാനുളള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.
∙അസം ഏകവ്യക്തി നിയമം നടപ്പാക്കാൻ തയ്യാറെടുക്കുകയാണ്?
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ നിലപാട് ഉണ്ട്. കോൺഗ്രസ് അതിനെ ശക്തമായി എതിർക്കുന്നു. കോൺഗ്രസിന്റെ നിലപാട് ഏത് നിയമം ആണെങ്കിലും രാജ്യം ഭരിക്കുമ്പോഴേക്ക് അവിടുത്തെ രാഷ്ട്രീയ തീരുമാനങ്ങളിൽ തിരക്ക് കാണിക്കരുത് എന്നതാണ്, വൈകിയാലും അബദ്ധം പറ്റരുത് എന്നതാണ് ബിജെപി സംസ്ഥാനങ്ങളിലുളള ഭൂരിപക്ഷം വെച്ചിട്ട് മറുവശത്തിന്റെ അഭിപ്രായം കേൾക്കാൻ തയ്യാറാകുന്നില്ല. ജനം ഈ അടിച്ചമർത്തലിനെതിരെയും സ്വേച്ഛാധിപത്യത്തിനെതിരെയും അമർഷം അടക്കിപ്പിടിച്ച് നടക്കുകയാണ്. അവരെ തിരിച്ചറിയാത്ത തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ട്. ഭാരത് ജോഡോ യാത്രക്ക് ഇത്ര നല്ല പ്രതികരണം ലഭിക്കുന്നത് അതുകൊണ്ടാണ് സർക്കാരിനെ മടുത്തു എന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്.
∙മണിപ്പുർ കലാപം തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങൾ എന്തൊക്കെയാണ്?
മണിപ്പൂരിൽ ഖനികൾ ഉൾപ്പടെയുള്ള സ്രോതസ്സുകൾ ഉണ്ട്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം അതിന്റെ ഗുണഭോക്താക്കളാണ്. ഇന്ന് മണിപ്പുരിൽ നടന്ന കാര്യങ്ങളിൽ കേന്ദ്രം ഇത്തരമൊരു സമീപനമാണ് കൈക്കൊള്ളുന്നതെങ്കിൽ നാളെ ഇത് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും എന്നതിലും കേന്ദ്രം ഇതേ നടപടി പിന്തുടരും എന്നതിലും സംശയമില്ല. മണിപ്പൂരിന് കൊടുക്കാത്ത പ്രത്യേക സ്നേഹം എന്തിന് മറ്റുസംസ്ഥാനങ്ങൾക്ക് കൊടുക്കണം. ഗോത്രവർഗക്കാരെ തമ്മിലടിപ്പിച്ച് വിഘടിപ്പിച്ച് നിന്നിട്ട് ഇതിനകത്ത് നേട്ടം കൊയ്യുന്നത് ആരാണ്. സാധാരണക്കാരാണ് മരിക്കുന്നത് നേതാക്കളല്ല. കേന്ദ്രം ഇടപെടുന്നില്ല എന്നത് ഭയമുണ്ടാക്കുന്നുണ്ട്. ഇലക്ട്രോണിക് മെഷീനിൽ മറിമായം കാണിച്ചില്ലെങ്കിൽ 2024ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലൊട്ടാകെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രതീക്ഷയ്ക്ക് അപ്പുറമായി ജനങ്ങളുടെ വിജയം കവരും എന്ന ആത്മവിശ്വാസമുണ്ട്.
∙പ്രൊഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിലെ റോൾ എന്താണ്?
പ്രൊഫഷണൽ കോൺഗ്രസ് ഇന്ത്യയുടെ പലയിടങ്ങളിലും പ്രവർത്തനം നടത്തുന്നുണ്ട്. അത് കോൺഗ്രസിന്റെ വൻവിജയമായ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പാണ്. പലതിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ മാധ്യമ–സാമൂഹ്യമാധ്യമ മേഖലകളിൽ അത് പ്രവർത്തിച്ചു. വാർ റൂമിൽ അവരുടെ സാന്നിധ്യമുണ്ട്. വ്യത്യസ്ത മേഖലകളിൽ അനുഭവ പരിചയം ഉളളവരാണ് എല്ലാവരും. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിൽക്കുന്നവർ മാത്രമല്ല, അതിനെ പിന്താങ്ങുന്ന വലിയൊരു ഓപ്പറേഷൻ സംവിധാനമുണ്ട്.
അതിന്റെ ഭാഗമാകാൻ വിദ്യാഭ്യാസ സമ്പന്നരായ കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്ന പ്രൊഫഷണൽ കോൺഗ്രസിന് സാധിക്കുന്നുമുണ്ട്. കോൺഗ്രസ് മാത്രമല്ല മറ്റു രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കേണ്ട ഒരു രീതിയാണ് ഇത്. അപ്പോൾ ദേശീയ തലത്തിൽ രാഷ്ട്രീയ നിലവാരം ഉയരും. പണത്തിന്റെ സ്വാധീനം കുറഞ്ഞ പുതുനിര നേതാക്കളെ കൊണ്ടുവരാൻ, രാഷ്ട്രീയ നിലവാരം ഉയർത്താൻ സാധിക്കും.
∙കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്?
എന്തുകൊണ്ട് ആത്മവിശ്വാസക്കുറവ് ഉണ്ടാകണം. വിലക്കയറ്റം, മിച്ചംപിടിക്കാൻ ഒന്നുമില്ല, ഒരസുഖം വന്നാൽ ചികിത്സിക്കാൻ പണമുണ്ടോ, ജോലിക്ക് സ്ഥിരതയുണ്ടോ, 400 രൂപയുണ്ടായിരുന്ന ഗ്യാസിന് 900–1200 വരെ ഉയർന്നു, ഇന്ധനവില ഉയരുകയാണ്..ഇതെല്ലാം ചോദ്യങ്ങളില്ലാതെ കൂട്ടിക്കൊണ്ടുവരാൻ ജനം തയ്യാറാണോ അതോ മാറ്റം വേണോ?
ഇതാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ വലിയ മുതൽക്കൂട്ട് . കോൺഗ്രസ് തിരിച്ചുവരുമെന്നല്ല ജനങ്ങൾ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരും. കാരണം കോൺഗ്രസ് ഭരിച്ച സമയത്ത് എത്ര ശ്രമിച്ചിട്ടാണെങ്കിലും സന്തുലിതമായ ഒരു സമീപമനമാണ് കൊണ്ടുവന്നിട്ടുള്ളത്. അത് ജനങ്ങൾക്കറിയാം. ജനം വീണ്ടും കോൺഗ്രസിനെ തിരഞ്ഞെടുക്കും. ഇന്ത്യ മുന്നണിയെ തിരഞ്ഞെടുക്കും.. അത് ഞങ്ങൾക്ക് ജനങ്ങളുടെ മേലുള്ള വിശ്വാസമാണ്. അല്ലാതെ ഒരു സ്ഫടികക്കൂട്ടിൽ ഇരുന്ന് വെറുതേ പറയുന്നതല്ല.