ADVERTISEMENT

മുംബൈ ∙  ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മറാഠ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ രംഗത്തെത്തി. 10 ശതമാനം സംവരണം പ്രഖ്യാപിച്ച് മറാഠ പ്രക്ഷോഭം സർക്കാർ തണുപ്പിക്കാൻ ശ്രമിക്കവേയാണ് ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസിനെതിരെ അസാധാരണ ആരോപണം പാട്ടീൽ ഉന്നയിച്ചിരിക്കുന്നത്. 

‘‘എന്നെ അപകീർത്തിപ്പെടുത്താൻ എല്ലാ വഴികളും നോക്കുകയാണ് സർക്കാർ. നിരാഹാരസമരം കിടന്ന് മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഗ്ലൂക്കോസിലും സലൈനിലും വിഷം ചേർത്ത് കൊലപ്പെടുത്താനാണ് ഗൂഢാലോചന. അതിനാലാണ് ഐവി ഫ്ലൂയിഡ് സ്വീകരിക്കുന്നത് നിർത്തിയത്. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനും ഫഡ്നാവിസ് ആഗ്രഹിക്കുന്നു – ജൽനയിലെ സമരപ്പന്തലിൽ വച്ച് മാധ്യമങ്ങളോടു സംസാരിക്കവേ പാട്ടീൽ ആരോപിച്ചു. 10 ദിവസമായി നിരാഹാര സമരത്തിലാണ് അദ്ദേഹം. 

മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിക്കുന്ന പാട്ടീൽ, എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. 

മറാഠകളുടെ മേധാവിത്തം അവസാനിപ്പിക്കലാണ് ഫഡ്നാവിസിന്റെ ലക്ഷ്യം. അതിനായി മറാഠകളെത്തന്നെ തനിക്കെതിരെ രംഗത്തിറക്കുകയാണ്. ഏക്നാഥ് ഷിൻഡെ പക്ഷത്തെ മൂന്നും അജിത് പവാർ പക്ഷത്തെയും ബിജെപിയിലെയും രണ്ടു വീതം എംഎൽഎമാർ ഗൂഢാലോചനയിൽ പങ്കാളികളാണ്. എന്നാൽ, സമുദായം ഒപ്പമുള്ളിടത്തോളം കാലം ഭയമില്ല. ഫഡ്നാവിസിന്റെ മുംബൈയിലെ വസതിയിലേക്ക് പോകാൻ മടിക്കില്ലെന്നും ജരാങ്കെ പാട്ടീൽ പറഞ്ഞു.  

English Summary:

Manoj Jaranke Patil, leader of the Maratha reservation movement, has come forward to make a serious allegation that Deputy Chief Minister and BJP leader Devendra Fadnavis is plotting to kill him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com