ADVERTISEMENT

മുംബൈ∙ ‘ചിട്ടി ആയി ഹേ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഇന്നു രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു മരണം. പങ്കജ് ഉധാസിന്റെ മരണവിവരം മകൾ നയാബ് ഉധാസ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീതതാൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ജ്യേഷ്‌ഠന്മാർ മൻഹറും നിർമ്മലും സംഗീതത്തിൽ താൽപര്യം കാണിച്ചിരുന്നു.

Read More: അന്ന് ഉധാസ് പറഞ്ഞു, കരയാന്‍വേണ്ടി ആരും എന്റെ പാട്ട് കേള്‍ക്കരുത്; പക്ഷേ ഇന്നിതാ...! നോവിച്ച് മടക്കം

1986ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ചുവടുറപ്പിച്ചത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് പുതിയൊരു പാത തന്നെ വെട്ടിത്തുറന്നു.

അപ്പോഴും ഗസലിനോടു തന്നെയായിരുന്നു ഉധാസിന്റെ ആദ്യ പ്രണയം. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹട്’ എന്നായിരുന്നു ഇതിന്റെ പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി.

പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു. ഇന്ത്യൻ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.

English Summary:

Pankaj Udhas passes away at 73 after prolonged illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com